വാഷിങ്ടൺ: ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതാണ് ടെക് ലോകത്തെ ഏറ്റവും വലിയ ചർച്ച. 4400 കോടി ഡോളറിനാണ് (ഏതാണ്ട് 3,627,866,308,000 രൂപ) മസ്ക് ട്വിറ്റർ വാങ്ങിയിരിക്കുന്നത്. ട്വിറ്റർ വാങ്ങിയതിനു പിന്നാലെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മസ്ക് പരാഗ് അഗ്രവാളിനെ പുറത്താക്കുകയും ചെയ്തു. പരാഗ് അഗ്രവാൾ ആരാണെന്ന് അറിയാൻ ആഗ്രഹമുള്ളവർക്കായി ചില കാര്യങ്ങളിതാ...
ട്വിറ്റർ സി.ഇ.ഒ ആയി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അഗ്രവാൾ. മുംബൈ ആണ് സ്വദേശം. 2021 നവംബറിലാണ് അഗ്രവാൾ ഈ സ്ഥാനത്ത് നിയമിതനായത്. ബോംബെ ഐ.ഐ.ടിയിൽ നിന്നാണ് ബിരുദം നേടിയത്. യു.എസിലെ സ്റ്റൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും സ്വന്തമാക്കി. 2011ലാണ് അദ്ദേഹം ട്വിറ്ററിലെത്തിയത്. അന്ന് 1000 ത്തോളം ജീവനക്കാരെ ട്വിറ്ററിൽ ഉണ്ടായിരുന്നുള്ളൂ. 2017ൽ പരാഗ് അഗ്രവാൾ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസർ ആയി മാറി.
ട്വിറ്ററിന്റെ അമരസ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 38 കാരനായ അഗ്രവാൾ.
ഈ വർഷം ഏപ്രിലിലാണ് ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്ക് താൽപര്യം പ്രകടിപ്പിച്ചത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ച് അഗ്രവാൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മസ്ക് ആരോപിച്ചിരുന്നു. ട്വിറ്റർ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മസ്ക് ട്വീറ്റ് ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. മസ്കിനെതിരെ അഗ്രവാൾ യു.എസ് കോടതിയെ സമീപിച്ചിരുന്നു. 2021ൽ
30.4 മില്യൺ ഡോളർ ആണ് അഗ്രവാളിന് ലഭിച്ചത്. ഇപ്പോൾ പുറത്താകുന്നതോടെ, 4.2 കോടി ഡോളർ(3,457,145,328 രൂപ) അഗ്രവാളിന് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലെത്തുന്നതിനു മുമ്പ് മൈക്രോസോഫ്റ്റ്, യാഹൂ,എടി ആൻഡ് ടി ലാബ്സ് എന്നിവിടങ്ങളിലും പയറ്റിയിരുന്നു അഗ്രവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.