ദോഹ: തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി രുചിച്ചെങ്കിലും ഇന്ത്യയുടെ യുവനിരക്ക് തലയുയർത്തിപ്പിടിച്ച് ഖത്തറിൽനിന്ന് മടങ്ങാം. അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ രണ്ടാം കളിയും തോറ്റ ഇന്ത്യ പുറത്തായി. എന്നാൽ, വെള്ളിയാഴ്ച രാത്രിയിലെ പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ അടിമുടി വിറപ്പിച്ചാണ് ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയത്. രണ്ടു കളിയും തോറ്റതോടെ ഇന്ന് തുർക്മെനിസ്താനെതിരായ ഇന്ത്യയുടെ അവസാനമത്സരം അപ്രസക്തമായി. അൽസദ്ദ് സ്റ്റേഡിയത്തിൽ സിറിയക്കെതിരെ തോറ്റ ആദ്യ മത്സരത്തിലെ തിരക്കഥ തന്നെയായിരുന്നു ഖത്തറിനെതിരായ ആദ്യ പകുതിയിലും. കരുത്തരായ എതിരാളികളെ ഇടവേള വരെ ഗോളടിക്കാതെ പിടിച്ചുനിർത്തിയാണ് ഇന്ത്യ മികവ് പ്രകടമാക്കിയത്. തുർക്മെനിസ്താനെതിരായ ആദ്യ കളിയിൽ ഇരട്ട ഗോളുകൾ നേടിയ പത്താം നമ്പറുകാരൻ ആതിഫ് അക്രത്തെ ഇന്ത്യൻ പ്രതിരോധം പൂട്ടിയതോടെ ഖത്തറിെൻറ നീക്കങ്ങളുടെ മുനയൊടിഞ്ഞു.
രണ്ടാം പകുതിയിൽ ലാലിൻസുവാല ചങ്തെയുടെ ലോങ് റേഞ്ചർ ബാറിന് മുകളിലൂടെ പറന്നതിന് പിന്നാലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾകീപ്പർ വിശാൽ കെയ്തിെൻറ പിഴവിൽ ഇന്ത്യ ഗോൾ വഴങ്ങി. 53ാം മിനിറ്റിൽ ലോങ്ബാൾ പിടിച്ചെടുക്കുന്നതിൽ വിശാലിന് പിഴച്ചപ്പോൾ ഖത്തർ സ്ട്രൈക്കർ അൽമോസ് അലിക്ക് പിഴച്ചില്ല. ഗോൾവഴങ്ങിയതോടെ ഇന്ത്യയുടെ കാലിലായിരുന്നു കളി. എതിർപോസ്റ്റിനുപിറകിൽ ആർത്തുവിളിച്ച ഇന്ത്യൻ കാണികൾക്ക് വിരുന്നായി ഒന്നിനുപിറകെ ഒന്നായി ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും എതിർ ഗോളി മുഹമ്മദ് അൽ ബകരിയുടെ സേവുകളും ഗോൾ പോസ്റ്റും തടസ്സമായി നിന്നു.
പകരക്കാരനായി ഇറങ്ങിയ മൻവീർ സിങ്ങിെൻറ പൊള്ളുന്ന ഷോട്ട് ഗോളിയെ മറികടന്നെങ്കിലും ബാറിൽ തട്ടി തിരിച്ചെത്തി. റീബൗണ്ടിൽ ജെറി ലാൽറിൻസുവാലയുടെ ഹെഡർ പുറത്തേക്കായിരുന്നു. അവസാനഘട്ടത്തിൽ ഡാനിയേൽ ലാലിംപൂയയുടെ കരുത്തുറ്റ ഷോട്ട് അൽ ബകരി തടുത്തിട്ടു. റീബൗണ്ടിൽ ചങ്തെയുടെ ഷോട്ടിന് ശക്തി പോരായിരുന്നു. തെൻറ കുട്ടികളുടേത് മികച്ച പോരാട്ടമായിരുന്നുവെന്നും നിർഭാഗ്യം കൊണ്ട് മാത്രമാണ് ടീം തോറ്റതെന്നും ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പറഞ്ഞു. അനാവശ്യ പിഴവിലാണ് ഗോൾ വഴങ്ങിയത്. ടീമിലെ മിക്ക പേരും ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത്. മികച്ച അനുഭവമായിരുന്നു ഇത് -കോച്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.