കൊച്ചിയിൽ നടന്ന ഐ.എസ്.എൽ ഫുട്ബോളിൽ ഒഡീഷ എഫ്.സി ക്കെതിരെ ഗോൾ നേടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിക്ടർ
ബെർത്യോമു zബൈജു കൊടുവള്ളി
കൊച്ചി: ഹോം ഗ്രൗണ്ടിനെ ഭാഗ്യമണ്ണാക്കി കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ മിന്നും ജയം. കോച്ച് ആഷ്ലി വെസ്റ്റ് വുഡിനു കീഴിലിറങ്ങിയ ടീം സ്വന്തം തട്ടകത്തെ ഭാഗ്യവേദിയാക്കിയപ്പോൾ, സീസണിലെ മൂന്നാം ജയവുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മുന്നോട്ട്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ച ആവേശപ്പോരാട്ടത്തിൽ മലയാളി പരിശീലകൻ ടി.ജി. പുരുഷോത്തമനു കീഴിലിറങ്ങിയ ഒഡിഷയെ 2-1ന് തകർത്താണ് ബ്ലാസ്റ്റേഴ്സ് എന്നും ഓർക്കാവുന്ന ജയം പോക്കറ്റിലാക്കിയത്. കളിയുടെ 12ാം മിനിറ്റിൽ വിക്ടർ ബെർതോമ്യൂവിന്റെ ബൂട്ടിൽനിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്. എന്നാൽ, അധികം വൈകാതെ ഇന്ത്യൻ താരം റഹീം അലിയിലൂടെ തിരിച്ചടിച്ച് ഒഡിഷ ഒപ്പമെത്തി.
ഇതോടെ, ആക്രമണം മാറിമറിഞ്ഞ കളിക്കളത്തിൽ ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ഗാലറിയിലെ മഞ്ഞപ്പട ആ വിജയ ഗോളെത്തി. കോർണർ കിക്കിലൂടെയെത്തിയ പന്തിനെ ഒഡിഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങിനും മുകളിലൂടെ ഉയർന്നുചാടിയ മത്യാസ് ഹെർണാണ്ടസ് ആണ് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ മൂന്നാം വട്ടവും കേരളം വലകുലുക്കിയെങ്കിലും തർക്കത്തിനൊടുവിൽ ഓഫ്സൈഡ് വിളിച്ച് നിഷേധിച്ചു. അവസാന മിനിറ്റിൽ ഓപൺ നെറ്റിൽ ഒഡിഷക്ക് സമനില ഗോളിന് അവസരം ലഭിച്ചുവെങ്കിലും പുറത്തേക്കടിച്ചത് കേരളത്തിന് ഭാഗ്യമായി മാറി.
തുടർ തോൽവികൾക്കൊടുവിൽ നാണംകെട്ട ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ഏതാനും ആഴ്ചകൾ മുമ്പാണ് ആഷ്ലി വെസ്റ്റ് വുഡ് സ്ഥാനമേറ്റത്. ഇതോടെ ടീം വിജയ വഴിയിൽ തിരിച്ചെത്തി. ഈ മാസം 11ന് ബംഗളൂരുവിനെ തോൽപിച്ചായിരുന്നു സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിനു പിന്നാലെ നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ചത്. ശേഷം കൊച്ചിയിൽ ജാംഷഡ്പുരിനെ 2-0ത്തിനും, ഇപ്പോൾ ഒഡിഷയെ 2-1നും വീഴ്ത്തി പോയന്റ് നിലയിൽ ഒമ്പതിലേക്ക് മുന്നേറി. 11 കളിയിൽ 11 പോയന്റാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.