ലണ്ടൻ: സതാംപ്ടണിനെതിരെ ഒരു ഗോളിന് പിന്നിലായശേഷം പൊരുതിക്കയറിയ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ഫൈനലിൽ. തുടർച്ചയായ നാലാം തവണയാണ് സിറ്റി ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്, റെക്കോഡാണിത്.
വെംബ്ലിയിൽ നടന്ന ആവേശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും ജയം. ഇതോടെ സീസണിൽ ആഭ്യന്തര ട്രെബിൾ (Domestic Treble) കിരീട നേട്ടമെന്ന സ്വപ്നം സിറ്റി സജീവമാക്കി. കരബാവോ കപ്പ് നേടിയ സിറ്റി, ആഴ്സനലുമായുള്ള പ്രീമിയർ ലീഗ് കിരീടപോരിലും ഒരുപിടി മുമ്പിലാണ്. മെയ് 16ന് വെംബ്ലിയിൽ നടക്കുന്ന എഫ്.എ കപ്പ് ഫൈനലിൽ ചെൽസി-ലീഡ്‌സ് യുനൈറ്റഡ് മത്സരത്തിലെ ജേതാക്കളെ സിറ്റി നേരിടും. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.
ജെറമി ഡോകു (82ാം മിനിറ്റ്), നികോ ഗോൺസാലസ് (87) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ഫിൻ അസാസാണ് (79) സതാംപ്ടണിന്‍റെ ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽനിന്നു എട്ട് മാറ്റങ്ങളുമായാണ് ഗ്വാർഡിയോള ടീമിനെ കളത്തിലിറക്കിയത്. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സിറ്റിക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഒമർ മർമൂഷിന്റെ ഷോട്ട് സതാംപ്ടൺ ഗോൾകീപ്പർ ഡാനിയൽ പെരെറ്റ്‌സ് തടഞ്ഞിട്ടു. മറുവശത്ത് ലിയോ സിയൻസ സതാംപ്ടണാനായി വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുരുങ്ങി.
ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. 55ാം മിനിറ്റിലാണ് സതാംപ്ടൺ ആദ്യമായി ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് തൊടുക്കുന്നത്. റോസ് സ്റ്റെവാർട്ടിന്‍റെ ഷോട്ട് സിറ്റി ഗോൾകീപ്പർ ജെയിംസ് ട്രഫോർഡ് കൈയിലൊതുക്കി. അവസാന മിനിറ്റുകളിലാണ് മത്സരത്തിന് തീപിടിക്കുന്നത്. 79ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് സതാംപ്ടൺ മത്സരത്തിൽ ലീഡെടുത്തു. ഫിൻ അസാസ് 20 വാര അകലെ നിന്ന് തൊടുത്ത മനോഹരമായ ഷോട്ടാണ് ഗോളിലെത്തിയത്. എന്നാൽ സതാംപ്ടണിന്‍റെ സന്തോഷത്തിന് രണ്ടു മിനിറ്റ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.
ജെറമി ഡോക്കുവിന്റെ ഷോട്ട് സതാംപ്ടൺ താരത്തിന്റെ ദേഹത്ത് തട്ടി വലയിൽ കയറിയതോടെ സിറ്റി സമനില പിടിച്ചു. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, നിക്കോ ഗോൺസാലസ് ഒരു പവർഫുൾ ഷോട്ടിലൂടെ 87ാം മിനിറ്റിൽ സിറ്റിയുടെ വിജയഗോൾ നേടി. എഫ്.എ കപ്പിൽ പ്രീമിയർ ലീഗിന് പുറത്തുള്ള ടീമുകൾക്കെതിരെ സിറ്റി നേടുന്ന തുടർച്ചയായ 22ാം ജയമാണിത്. തുടക്കത്തിൽ മോശം ഫോമിലൂടെ കടന്നുപോയ സിറ്റി, ഒരു കിരീടവുമില്ലാതെ സീസൺ അവസാനിപ്പിക്കുമെന്ന് കരുതിയിരുന്നിടത്തുനിന്നാണ് പെപ്പിന്‍റെ സംഘം ഗംഭീര തിരിച്ചുവരവ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.