വടക്കുകിഴക്ക് ഉഗ്രപോരാട്ടം
ഐസോള്‍ x മോഹന്‍ ബഗാന്‍

മൂന്നാഴ്ച മുമ്പുവരെ ഇന്ത്യന്‍ ഫുട്ബാളിലെ ശിശുക്കളായിരുന്നു മിസോറം ക്ളബായ ഐസോള്‍ എഫ്.സി. 2015 സീസണ്‍ ഐ ലീഗ് രണ്ടാം ഡിവിഷന്‍ ചാമ്പ്യന്മാരായി ഐ ലീഗിലേക്ക് യോഗ്യത നേടിയവര്‍ക്ക് ഇക്കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനായില്ല. ചരിത്രത്തിലാദ്യമായി ഒന്നാം ഡിവിഷനില്‍ കളിച്ചിട്ടും എട്ടാം സ്ഥാനക്കാരായി തരംതാഴ്ത്തപ്പെട്ട നിരാശയിലായിരുന്നു മിസോറമുകാര്‍. എന്നാല്‍, ഐ ലീഗിനു പിന്നാലെ ഫെഡറേഷന്‍ കപ്പിന് പന്തുരുണ്ട് തുടങ്ങിയപ്പോള്‍ പ്രവചനങ്ങളെല്ലാം പിഴക്കുകയാണ്. എഴുതിത്തള്ളിയ ഐസോള്‍, ഐ ലീഗ് ജേതാക്കളായ ബംഗളൂരു എഫ്.സിയെ ആദ്യറൗണ്ടില്‍ തന്നെ അട്ടിമറിച്ചാണ് ശ്രദ്ധനേടിയത്. ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ 2-1ന് വീഴ്ത്തിയപ്പോള്‍ താല്‍ക്കാലിക പ്രതിഭാസമെന്നേ കരുതിയുള്ളൂ. പക്ഷേ, ബംഗളൂരുവിലും ഐസോള്‍ അട്ടിമറി തുടര്‍ന്നപ്പോള്‍ (3-2) ഇന്ത്യന്‍ ഫുട്ബാള്‍ ലോകം മൂക്കത്തു വിരല്‍വെച്ചു. സെമിയില്‍ സ്പോര്‍ട്ടിങ് ഗോവയെ എവേ ഗോളില്‍ തകര്‍ത്തായിരുന്നു ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഗോവയില്‍ നടന്ന രണ്ടാം പാദത്തില്‍ 2-2ന് പിരിഞ്ഞപ്പോള്‍ എതിരാളിയുടെ മണ്ണിലെ ഗോളുകള്‍ വടക്കുകിഴക്കുകാര്‍ക്ക് പാതയൊരുക്കി. മൂന്നു  തവണ റണ്ണറപ്പുകളായ സ്പോര്‍ട്ടിങ് വീണ്ടുമൊരിക്കല്‍ ഫൈനലിന്‍െറ പടിവാതിലില്‍ വീണു. 13 തവണ കിരീടമണിയുകയും അഞ്ചുവട്ടം റണ്ണറപ്പാവുകയും ചെയ്ത ബഗാനാണ് ഐസോളിന്‍െറ എതിരാളി. ഐ ലീഗ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുമായ ബഗാന്‍ മികച്ച ഫോമിലാണ്. ക്വാര്‍ട്ടറില്‍ സാല്‍ഗോക്കറിനെയും (7-2), സെമിയില്‍ ഷില്ളോങ് ലജോങ്ങിനെയും (5-0) വീഴ്ത്തിയവര്‍ കരുതലോടെ തന്നെയാണ് ഐസോളിനെതിരെയിറങ്ങുന്നത്.എതിരാളിയുടെ വലുപ്പം വകവെക്കാതെയാണ് വടക്കുകിഴക്കന്‍ സംഘത്തിന്‍െറ പടയൊരുക്കം. ‘മുമ്പും ബഗാനെ തോല്‍പിച്ചിട്ടുണ്ട്. ഇനിയും തോല്‍പിക്കാനാവും. ഞങ്ങള്‍ ആഗ്രഹിക്കുന്ന ഫലം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ടീം. ഭൂമിയിലെ അവസാന ദിനമെന്ന പോലെ പൊരുതും. ഇത് നിലനില്‍പിന്‍െറ പോരാട്ടമാണ്. ഏറ്റവും കരുത്തരായ എതിരാളിയെ തോല്‍പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടീം’ -ഐസോള്‍ കോച്ച് ജഹര്‍ ദാസിന്‍െറ വാക്കുകളില്‍ എല്ലാം പ്രതിഫലിക്കുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ അദ്ഭുതം കാഴ്ചവെച്ച ലെസ്റ്റര്‍ സിറ്റിയുടെ ഇന്ത്യന്‍ പതിപ്പാണ് തങ്ങളെന്ന ഓര്‍മപ്പെടുത്തലുമായാണ് ഐസോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.


ജര്‍മന്‍ കപ്പ് ബര്‍ലിനില്‍ ഗ്വാര്‍ഡിയോളക്ക് യാത്രയയപ്പ്
ബര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം പെപ് ഗ്വാര്‍ഡിയോളക്ക് ശനിയാഴ്ച അവസാന മത്സരം. പടിയിറങ്ങുമ്പോള്‍ ബയേണിന് ഇരട്ടക്കിരീടമണിയിക്കാനൊരുങ്ങുന്ന ഗ്വാര്‍ഡിയോളയെ ബൊറൂസ്യ ഡോര്‍ട്മുണ്ട് വഴിമുടക്കുമോ?. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറും മുമ്പ് ബയേണിന് തന്‍െറവക ഏഴാം കിരീടം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ചാമ്പ്യന്‍ കോച്ച്. പക്ഷേ, കഴിഞ്ഞ രണ്ടു സീസണിലും ഫൈനലില്‍ കലമുടച്ച് മടങ്ങിയ ബൊറൂസ്യ രണ്ടും കല്‍പിച്ചാണിറങ്ങുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുവരും മൂന്നാം തവണയാണ് ജര്‍മന്‍ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഒരു തവണ ബൊറൂസ്യയും രണ്ടാം വട്ടം ബയേണും കിരീടമണിഞ്ഞു. അവസാന രണ്ടുവര്‍ഷവും ബൊറൂസ്യ ഫൈനലില്‍ തോറ്റ് മടങ്ങുകയായിരുന്നു. 17 തവണയാണ് ബയേണ്‍ ജര്‍മന്‍ കപ്പില്‍ മുത്തമിട്ടത്. മൂന്നു തവണ മാത്രം ഫൈനലില്‍ തോറ്റ് മടങ്ങി. ബൊറൂസ്യയാവട്ടെ മൂന്നുതവണ ചാമ്പ്യനും നാലുവട്ടം റണ്ണറപ്പുമായി.


കോപ ഇറ്റാലിയ: എ.സി മിലാന്‍ x യുവന്‍റസ്
റോം: തുടര്‍ച്ചയായി അഞ്ചു സീസണില്‍ സീരി എ കിരീടമണിഞ്ഞ യുവന്‍റസിന് കോപ ഇറ്റാലിയ ഫൈനലില്‍ എ.സി മിലാന്‍െറ വെല്ലുവിളി. പത്തുതവണ ഇറ്റാലിയന്‍ കപ്പ് നേടിയ യുവന്‍റസ് തന്നെയാണ് നിലവിലെ ചാമ്പ്യന്മാരും. അതേസമയം, 2011ലെ ലീഗ് ചാമ്പ്യന്‍ഷിപ്പിനു ശേഷമുള്ള കിരീടദാരിദ്ര്യത്തിന് അന്ത്യം കുറിക്കാനൊരുങ്ങുകയാണ് എ.സി മിലാന്‍. ലീഗ് പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായിരുന്നവര്‍ക്ക് മികച്ച ഫോമിലുള്ള യുവന്‍റസ് വലിയ വെല്ലുവിളിയാവും.


ഫ്രഞ്ച് കപ്പ്: പി.എസ്.ജി x ഒളിമ്പിക് മാഴ്സെ
സെന്‍റ് ഡെനിസ്: പടിയിറങ്ങുന്ന സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന് പി.എസ്.ജി കുപ്പായത്തില്‍ ശനിയാഴ്ച അവസാന അങ്കം. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ഒളിമ്പിക് മാഴ്സെയാണ് പി.എസ്.ജിയുടെ എതിരാളി. ഇബ്രയുടെ മികവില്‍ കിരീടമണിഞ്ഞാല്‍, കോച്ച് ലോറന്‍റ് ബ്ളാങ്കിന് തുടര്‍ച്ചയായ രണ്ടാം ട്രിപ്ള്‍ നേട്ടവുമാവും. ഒപ്പം ഫ്രഞ്ച് കപ്പില്‍ പത്താം കിരീടവുമായി മാഴ്സെക്കൊപ്പമത്തൊനുള്ള അവസരവും. മാഴ്സെ 10ഉം, പി.എസ്.ജി ഒമ്പതും തവണയാണ് കിരീടമണിഞ്ഞത്.


വെംബ്ലി ഫൈറ്റ്
ലണ്ടന്‍: എഫ്.എ കപ്പ് കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്രിസ്റ്റല്‍ പാലസും ശനിയാഴ്ച ബൂട്ടണിയുമ്പോള്‍ വെംബ്ളി സ്റ്റേഡിയത്തിലെ ഇതേ മണ്ണ് 26 വര്‍ഷം മുമ്പത്തെ പോരാട്ടക്കഥ ഓര്‍ത്തെടുക്കും -1990 മേയ് 12നും 17നുമായി നടന്ന കലാശഅങ്കം.  ആദ്യം ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡും ക്രിസ്റ്റല്‍ പാലസും ഒപ്പത്തിനൊപ്പമായിരുന്നു (3-3). അഞ്ചു ദിവസത്തിനു ശേഷം വീണ്ടും കളിച്ചു. ലീ മാര്‍ട്ടിന്‍െറ ഏക ഗോളില്‍ യുനൈറ്റഡ് കപ്പുയര്‍ത്തി.
കാല്‍നൂറ്റാണ്ടിനിപ്പുറം വെംബ്ളിയില്‍ ഫൈനല്‍ ആവര്‍ത്തിക്കുമ്പോള്‍ മാനംകാക്കാനൊരു ജയത്തിനൊരുങ്ങുകയാണ് യുനൈറ്റഡ്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെമ്പടക്കും കോച്ച് ലൂയി വാന്‍ഗാലിനും ഇന്ന് ജയിച്ചേ തീരൂ. വിമര്‍ശകരുടെ വായടപ്പിക്കാനും ജോലി നിലനിര്‍ത്താനും ഡച്ച് പരിശീലകനുള്ള അവസാന ചാന്‍സ്. ജൂലൈയില്‍ യുനൈറ്റഡിനൊപ്പം രണ്ടുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെ അഭിമാനിക്കാന്‍ ഒരു നേട്ടവും വാന്‍ഗാലിനില്ല. ഈ പോരായ്മ എഫ്.എ കപ്പിലൂടെ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ക്ളബും ആരാധകരും. രണ്ടു ദിവസം മുമ്പ് ബേണ്‍മൗതിനോട് അവസാന ലീഗ് മത്സരം കളിച്ച് വിടവാങ്ങുമ്പോള്‍ ആരാധകര്‍ കൂവലോടെയാണ് കോച്ചിനെ മൈതാനത്തുനിന്ന് മടക്കി അയച്ചത്. കരാര്‍ മൂന്നുവര്‍ഷമാണെങ്കിലും ഇന്ന് കിരീടമണിഞ്ഞാലേ ഭാവി സുരക്ഷിതമാവൂ. 12 വര്‍ഷത്തിനു ശേഷം യുനൈറ്റഡിനെ എഫ്.എ ചാമ്പ്യന്മാരാക്കിയാല്‍ അടുത്ത സീസണിലും വാന്‍ഗാലിനെ ഓള്‍ഡ് ട്രാഫോഡില്‍ കാണാം. ഇല്ളെങ്കില്‍, ഒൗട്ട്. 11 തവണ ചാമ്പ്യന്മാരും ഏഴ് തവണ റണ്ണേഴ്സ് അപ്പുമായിരുന്നു. അവസാനമായി കിരീടം ചൂടിയത് 2004ലും.
1990ല്‍ ഫൈനല്‍ കളിച്ച ശേഷം ആദ്യമായാണ് ക്രിസ്റ്റല്‍ പാലസ് ഫൈനലിലത്തെുന്നത്. പ്രീമിയര്‍ ലീഗ് ടേബ്ളില്‍ 15ാം സ്ഥാനക്കാരായവര്‍ അട്ടിമറി പ്രതീക്ഷകളുമായാവും ഇന്നിറങ്ങുന്നത്. അതേസമയം, ആന്‍റണി മാര്‍ഷ, മാര്‍കസ് റാഷ്ഫോഡ്, വെയ്ന്‍ റൂണി എന്നിവര്‍ മികച്ച ഫോമിലുള്ള യുനൈറ്റഡിനെ പിടിച്ചുകെട്ടുക പ്രയാസമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.