യൂറോകപ്പില്‍ ഹോക് ഐ ഗോള്‍ലൈന്‍ ടെക്നോളജി നടപ്പാക്കാന്‍ യുവേഫ തീരുമാനം

പാരിസ്: ഫ്രാന്‍സില്‍ പന്തുരുളുന്ന യൂറോകപ്പില്‍ ‘ഗോസ്റ്റ് ഗോളുകളെ’ പേടിക്കേണ്ടെന്ന് യുവേഫ. പന്ത് വരകടന്നോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ക്കിടയാക്കുന്ന ഗോളുകളില്‍ കൃത്യമായ വിധിനിര്‍ണയിക്കാവുന്ന ഹോക് ഐ ഗോള്‍ലൈന്‍ ടെക്നോളജി യൂറോകപ്പില്‍ നടപ്പാക്കാനാണ് യുവേഫ ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, ജര്‍മന്‍ ബുണ്ടസ് ലിഗ, ഇറ്റാലിയന്‍ സീരി ‘എ’ എന്നിവയില്‍ വിജയകരമായി നടപ്പാക്കി വിജയിച്ചാണ് ഹോക് ഐ യൂറോകപ്പ് പോരാട്ടത്തിലത്തെുന്നത്. കഴിഞ്ഞ ജനുവരിയില്‍തന്നെ ടെക്നോളജി നടപ്പാക്കാന്‍ യുവേഫ അനുമതിനല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് യൂറോകപ്പ് ചീഫ് റഫറീയിങ് ഓഫിസര്‍ പിയര്‍ലൂയിജി കൊളിനയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിലെ മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിനല്‍കിയത്.
ഓരോ പോസ്റ്റിലേക്കും കണ്‍തുറന്നു നില്‍ക്കുന്ന ഏഴ് കാമറകളോട് കൂടിയതാണ് ഹോക് ഐ. ദൃശ്യങ്ങള്‍ വിശകലനംചെയ്ത് തീരുമാനമെടുക്കാന്‍ വിദഗ്ധരായ അഞ്ചു അഡീഷനല്‍ അസിസ്റ്റന്‍റ് റഫറിമാരുമുണ്ടാവും. നിമിഷവേഗത്തില്‍ സഹായികളുമായി ചര്‍ച്ചനടത്തി സങ്കീര്‍ണമായ ഷോട്ടുകളില്‍ പന്ത് ഗോള്‍വരകടന്നോ എന്ന് മെയിന്‍ റഫറിക്ക് തീരുമാനമെടുക്കാം.
യൂറോകപ്പിലെ പത്ത് വേദികളിലും ഹോക് ഐ കാമറകള്‍ ഘടിപ്പിക്കുമെന്ന് യുവേഫ അറിയിച്ചു. 2010 ലോകകപ്പില്‍ ഇംഗ്ളണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡിന്‍െറ വരകടന്ന ഗോള്‍ സംശയത്തിന്‍െറ പേരില്‍ നിഷേധിക്കപ്പെട്ടതാണ് ടെക്നോളജി സംബന്ധിച്ച അവകാശവാദത്തിന് തീവ്രത പകര്‍ന്നത്. 2012 യൂറോകപ്പിലും സമാന വിവാദമുണ്ടായി.

ഹോക് ഐ?
ക്രിക്കറ്റ്, ടെന്നിസ്, ഫുട്ബാള്‍, ബാഡ്മിന്‍റണ്‍ തുടങ്ങിയ കളികളില്‍ ഉപയോഗിക്കുന്ന റഫറീയിങ് ടെക്നോളജി. പന്തിന്‍െറ ഗതി കൃത്യമായി വിലയിരുത്താന്‍ സംവിധാനം ഉപയോഗിക്കുന്നു. ഏഴ് കാമറകള്‍ വരെ ഒരേ ദിശയിലേക്ക് വിവിധ കോണില്‍ ഘടിപ്പിച്ചാണ് റെക്കോഡിങ്. ഗോള്‍ലൈനിന് കൃത്യമായി ഘടിപ്പിക്കുന്ന കാമറയിലെ സെന്‍സര്‍ സിഗ്നല്‍ കടന്ന് പന്ത് നീങ്ങിയാല്‍ മോണിറ്ററില്‍ ഗോള്‍ തെളിയും. ഏഴില്‍ രണ്ട് കാമറയില്‍ പതിഞ്ഞാല്‍ ഗോള്‍ അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.