ജയിച്ച കളിയില്‍ കേരളം തോറ്റു; ഹൈദരാബാദിനോട് കീഴടങ്ങിയത് അഞ്ചു റണ്‍സിന്

ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20യില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹൈദരാബാദിനെതിരെ ജയമുറപ്പിച്ച മത്സരത്തിന്‍െറ അവസാന ഓവറുകളില്‍ ബാറ്റ്സ്മാന്‍മാര്‍ കളി മറന്നപ്പോള്‍ കേരളം അഞ്ചു റണ്‍സിന് തോറ്റു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തപ്പോള്‍ ജയപ്രതീക്ഷയോടെയാണ് കേരളം മറുപടി ബാറ്റിങ്ങാരംഭിച്ചത്. ഓപണര്‍മാരായ വിഷ്ണു വിനോദും (37) ജലജ് സക്സേനയും (34) നല്‍കിയ തുടക്കത്തില്‍ ആദ്യ വിക്കറ്റില്‍ തന്നെ കേരളം 60 റണ്‍സ് കടന്നു. പത്താം ഓവറില്‍ വിഷ്ണു മടങ്ങിയെങ്കിലും വിക്കറ്റും ഓവറും ബാക്കിയിരിക്കെ ജയം അനായാസമായിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും (27) പിടിച്ചുനിന്ന് കളിച്ചെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

മൂന്നാമനായി സഞ്ജു മടങ്ങുമ്പോള്‍ കേരളം 16 ഓവറില്‍ 105 റണ്‍സെടുത്തിരുന്നു. ഏഴു വിക്കറ്റ് കൈയിലിരിക്കെ 24 പന്തില്‍ വേണ്ടത് 21 റണ്‍സ്. പക്ഷേ, രണ്ടു റണ്‍സിനിടെ കേരളത്തിന് നഷ്ടമായത് മൂന്നു വിക്കറ്റുകള്‍. സഞ്ജുവിനു പിന്നാലെ രോഹന്‍ പ്രേം (0), റൈഫി വിന്‍സന്‍റ് ഗോമസ് (0) എന്നിവര്‍ എളുപ്പം മടങ്ങി. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍, ആദ്യ രണ്ടു പന്തിലായി സചിന്‍ ബേബിയും (11) ഫാബിദ് അഹമ്മദും (0) മടങ്ങി. മൂന്നാം പന്തില്‍ വിനോദ് കുമാര്‍ ബൗണ്ടറി കടത്തി ആശ്വാസത്തിന് വകനല്‍കിയെങ്കിലും കാര്യമുണ്ടായില്ല. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം 121 റണ്‍സിന് കീഴടങ്ങി. 46 റണ്‍സെടുത്ത സുമന്ദ് കൊല്ലയാണ് ഹൈദരാബാദിന്‍െറ ടോപ് സ്കോറര്‍. മൂന്നില്‍ രണ്ടു കളിയും തോറ്റ കേരളത്തിന് ഗോവയും (വ്യാഴം) തമിഴ്നാടും (ശനി) ആണ് അടുത്ത എതിരാളികള്‍. 
Tags:    
News Summary - kerala hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.