500ാം ടെസ്​റ്റിൽ കിവികളെ വീഴ്​ത്തി​ ഇന്ത്യ

കാണ്‍പുര്‍:അഞ്ഞൂറാമങ്കത്തില്‍ ഇന്ത്യ ചരിത്രം കുറിച്ചു. അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ അഞ്ചാം നാള്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ കീഴടക്കിയത് 197 റണ്‍സിന്. ഒരിക്കല്‍കൂടി രവിചന്ദ്ര അശ്വിന്‍െറ വിരലുകളിലെ സ്പിന്‍ മാജിക്കിനു മുന്നില്‍ ന്യൂസിലന്‍ഡ് നിരായുധരായി. ലുക് റോഞ്ചിയും മിച്ചല്‍ സാന്‍റ്നറും നടത്തിയ ചെറുത്തുനില്‍പിനും കിവികളെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. 434 റണ്‍സ് ലക്ഷ്യവുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ന്യൂസിലന്‍ഡിനെ 236 റണ്‍സിന് പുറത്താക്കിയായിരുന്നു ടെസ്റ്റില്‍ ഇന്ത്യ 130ാം വിജയം ആഘോഷിച്ചത്. അശ്വിന്‍െറ ആറ് വിക്കറ്റ് പ്രകടനമാണ് ലഞ്ചു കഴിഞ്ഞയുടന്‍ ഇന്ത്യന്‍ വിജയം എത്തിപ്പിടിച്ചത്. സ്കോര്‍: ഇന്ത്യ 318, അഞ്ചിന് 377 ഡിക്ളയേര്‍ഡ്. ന്യൂസിലന്‍ഡ് 262, 236ന് ഓള്‍ ഒൗട്ട്.

ആറു വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 341 റണ്‍സ് അകലവുമായി അഞ്ചാം ദിവസം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്‍െറ മുഴുവന്‍ പ്രതീക്ഷകളും റോഞ്ചി -സാന്‍റ്നര്‍ കൂട്ടുകെട്ടിലായിരുന്നു. ഇരുവരും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ കളി സമനിലയാക്കുമെന്നുവരെ കരുതിയതാണ്.  ആദ്യത്തെ ഒരു മണിക്കൂര്‍ വിക്കറ്റ് പോകാതെ കാക്കാനും ഈ കൂട്ടുകെട്ടിനായി. അഞ്ചാം വിക്കറ്റില്‍ വിലപ്പെട്ട 102 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുക്കുകയും ചെയ്തു. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വഴങ്ങിക്കൊണ്ടിരുന്ന പിച്ചില്‍ കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകുന്നതിനിടെ ആദ്യ ഇന്നിങ്സില്‍ കിവികളുടെ ചിറകരിഞ്ഞ രവീന്ദ്ര ജദേജ തന്നെ ഇന്ത്യ കാത്തിരുന്ന വഴിത്തിരിവുണ്ടാക്കി.

സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോഞ്ചി അശ്വിന്‍െറ കൈകളില്‍ ഭദ്രമായി. 120 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 80 റണ്‍സിലായിരുന്നു അപ്പോള്‍ റോഞ്ചി. സ്കോര്‍ 158ന് അഞ്ച്. മറുവശത്ത് സാന്‍റ്നര്‍ ഇളകാന്‍ ഭാവമില്ലായിരുന്നു. നിര്‍ഭയം ഇന്ത്യന്‍ ബൗളിങ്ങിനെ നേരിട്ട ബി.ജെ വാറ്റ്ലിങ്ങിന്‍െറതായിരുന്നു അടുത്ത ഊഴം.

സ്പിന്നര്‍ക്കു പകരം പന്തെടുത്ത മുഹമ്മദ് ഷമിയുടെ പന്തില്‍ വാറ്റ്ലിങ് വിക്കറ്റിന് മുന്നില്‍  കുടുങ്ങി. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സുകൂടി എത്തേണ്ട താമസം ഷമി പിന്നെയും അന്തകനായി. ഷമിയുടെ മനോഹരമായ റിവേഴ്സ് സ്വിങ്ങിന് മുന്നില്‍ മാര്‍ക് ക്രെയ്ഗിന്‍െറ കുറ്റി തെറിച്ചു പുറത്തായി.  അതിനിടയില്‍ തന്‍െറ തുറുപ്പുശീട്ടായ കാരംബാള്‍ തുടര്‍ച്ചയായി എറിഞ്ഞ അശ്വിന്‍ വാലറ്റത്തെ വല്ലാതെ വലച്ചു. അര്‍ധ സെഞ്ച്വറിയും പിന്നിട്ട് 71 റണ്‍സിലത്തെിയ സാന്‍റ്നറെ വീഴ്ത്തിയത് അത്തരമൊരു പന്തായിരുന്നു. ഇടങ്കൈയനായ സാന്‍റ്നറുടെ ലെഗ്സൈഡില്‍ കുത്തിത്തിരിഞ്ഞ പന്ത് ബാറ്റിലുരഞ്ഞ് സില്ലി പോയന്‍റില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി.

വൈകാതെ ഇഷ് സോഥിയുടെ കുറ്റി പിഴുത അശ്വിന്‍ കരിയറിലെ 19ാം അഞ്ചാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേ സ്കോറില്‍ നെയ്ല്‍ വാഗ്നറെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ അശ്വിന്‍ ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ഒപ്പം ടെസ്റ്റിലെ അഞ്ചാമത്തെ പത്ത് വിക്കറ്റ് നേട്ടത്തിനുമുടമയായി. 132 റണ്‍സിനാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒന്നാമിന്നിങ്സില്‍ നാല് വിക്കറ്റുകളും അശ്വിന്‍ വീഴ്ത്തിയിരുന്നു. രണ്ടിന്നിങ്സിലുമായി ആറു വിക്കറ്റും 92 റണ്‍സും നേടിയ രവീന്ദ്ര ജദേജയാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 30ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.