അഹ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ബാറ്റിങ്ങിന് മാത്രം അനുകൂലമായ പിച്ചിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. തന്റെ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് വോൺ വിമർശിച്ചത്.
"ബാറ്റിങ് അവിശ്വസനീയമായിരുന്നു... പക്ഷേ സത്യം പറയണമല്ലോ, ബാറ്റും പന്തും തമ്മിലുള്ള സന്തുലിതാവസ്ഥ ഇവിടെ കാണാനില്ല, ഇതൊരു ന്യായമായ മത്സരമല്ല," മൈക്കൽ വോൺ എക്സിൽ കുറിച്ചു. ബൗളർമാർക്ക് ഒട്ടും ആനുകൂല്യം നൽകാത്ത, സ്വിംഗോ സ്പിന്നോ ലഭിക്കാത്ത പിച്ചാണ് ഫൈനലിനായി ഒരുക്കിയതെന്നാണ് വോണിന്റെ പരാതി. മിച്ചൽ സാന്റ്നർ ഒഴികെയുള്ള മിക്ക ബൗളർമാരും ഓവറൊന്നിന് 11.50 റൺസിന് മുകളിലാണ് വിട്ടുകൊടുത്തത്.
ഓപണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും നൽകിയ തുടക്കം ഇന്ത്യക്ക് വൻ കരുത്തായി. വെറും 43 പന്തിൽ 98 റൺസാണ് ഇരുവരും ചേർത്തത്. അഭിഷേക് ശർമ 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി അവിശ്വസനീയമായ ഫോം പുറത്തെടുത്തു. പവർപ്ലേയിൽ തന്നെ ഇന്ത്യ 92 റൺസ് അടിച്ചുകൂട്ടി, ലോകകപ്പ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്കോറാണിത്.
തുടർന്ന് സഞ്ജു സാംസൺ ആക്രമണം ഏറ്റെടുത്തു. എട്ട് സിക്സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 89 റൺസാണ് താരം അടിച്ചുകൂട്ടിയത്. സഞ്ജുവിന് മികച്ച പിന്തുണ നൽകിയ ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസ് നേടി. അവസാന ഓവറുകളിൽ ശിവം ദുബെ (8 പന്തിൽ 26*) കൂടി തകർത്തടിച്ചതോടെയാണ് ഇന്ത്യ 255 റൺസ് നേടിയത്. 16-ാം ഓവറിൽ ജിമ്മി നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കിവീസിന് നേരിയ ആശ്വാസം നൽകിയെങ്കിലും, ഇന്ത്യയുടെ വമ്പൻ സ്കോർ തടയാൻ അവർക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.