സ്വപ്നം കീഴടക്കി ചാമ്പ്യൻ തിരിച്ചെത്തി

തിരുവനന്തപുരം: സ്വപ്നം കീഴടക്കി ശിരസുയർത്തി, ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിതാരം സഞ്ജു വി. സാംസൺ നാട്ടിൽ മടങ്ങിയെത്തി. ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിലെ ചരിത്ര ജയത്തിന് ശേഷം പ്ലെയർ ഓഫ് ദ ടൂർണമെന്‍റ് പുരസ്കാരവും സ്വന്തമാക്കി അഹ്മദാബാദിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ആറോടെ പ്രത്യേക വിമാനത്തിലാണ് സഞ്ജു ഭാര്യ ചാരുലതക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി എന്നിവരുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് മലയാളികളുടെ സ്വന്തം ‘ചേട്ടന്’ നൽകിയത്. നേരത്തെ അറിയിപ്പൊന്നുമുണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ ‘ഹീറോ’യെ കാണാൻ വൻ ജനാവലിയാണ് വിമാനത്താവളത്തിൽ എത്തിയത്.

ആർപ്പുവിളിയോടെ എതിരേറ്റ ആരാധകരോട് സ്വതസിദ്ധ ശൈലിയിൽ ചിരിയോടെ എല്ലാവരുടെയും പ്രാർഥനക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ലോകകപ്പിലെ നേട്ടം എപ്പോഴും ഒപ്പം നിന്നവർക്ക് സമർപ്പിച്ചു. തുടർന്ന് എല്ലാവർക്കും ‘സല്യൂട്ട്’ നൽകിയാണ് സഞ്ജു മടങ്ങിയത്. ചെറിയൊരു വിഷമത്തിലാണ് ലോകകപ്പ് മൽസരങ്ങൾക്കായി പോയത്. അത് ഇത്രയും വലിയ നേട്ടമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സഞ്ജു പ്രതികരിച്ചു. പ്രയാസകാലത്ത് കുറേയധികം പേർ കൂടെ നിന്നു. ആ സമയത്ത് തനിക്ക് വേണ്ടി പ്രചരിക്കപ്പെട്ട സാമൂഹിക മാധ്യമങ്ങളിലെ റീലുകൾ ഉൾപ്പെടെ ഭാര്യ കാണിച്ചുതന്നു. അതൊക്കെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു. മനസൊന്ന് പാളിയപ്പോൾ ആരോട് സംസാരിക്കണമെന്ന് തോന്നിയപ്പോൾ സച്ചിൻ സാറിനെ വിളിച്ചു. അദ്ദേഹം കുറേനേരം സംസാരിച്ചു. അത് എല്ലാവർക്കും കിട്ടുന്ന അവസരമല്ല. അത് കിട്ടിയെന്നും സഞ്ജു പറഞ്ഞു.

എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷമാണ് സഞ്ജു വിഴിഞ്ഞത്തെ വീട്ടിലേക്ക് മടങ്ങിയത്. നാട്ടുകാരും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ചരിത്രനേട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. സഞ്ജുവിന് സംസ്ഥാന സർക്കാറും കെ.സി.എയും ഉൾപ്പെടെ ഔദ്യോഗിക സ്വീകരണം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്‍റെ സമയം കൂടി പരിഗണിച്ചാകും സ്വീകരണം ഒരുക്കുക. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് സഞ്ജു നാട്ടിലെത്തിയത്. എന്നാൽ കൂടുതൽ ദിവസം ഇവിടെയുണ്ടാകില്ലെന്നാണ് വിവരം. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ വിരുന്ന് ഉൾപ്പെടെ ഇന്ത്യൻ ടീമിനുണ്ടാകും. 

Tags:    
News Summary - Sanju V. Samson, the champion has conquered his dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.