കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി നടൻ പൃഥ്വിരാജ് സുകുമാരൻ. സഞ്ജുവിന്റെ ഈ ലോകകപ്പ് യാത്രയെ ഒരു യഥാർഥ 'യക്ഷിക്കഥ' എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
"ടീം ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു! ടി20 കിരീടം നിലനിർത്തുന്ന ആദ്യ ടീം. എന്നാൽ ഈ ടൂർണമെന്റിലെ ഏറ്റവും വലിയ അത്ഭുതം, വിധി സഞ്ജു സാംസണിനായി എഴുതിയ തിരക്കഥയാണ്. ആദ്യ 15 പേരുടെ പട്ടികയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമായിരുന്ന സ്ഥാനത്തുനിന്നും, വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച് 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി മാറിയ സഞ്ജുവിന്റെ വളർച്ച അവിശ്വസനീയമാണ്.
1998ലെ ഷാർജ കപ്പിൽ സചിൻ ടെണ്ടുൽക്കർ കാഴ്ചവെച്ച ഇതിഹാസ തുല്യമായ 'ഡെസേർട്ട് സ്റ്റോം' പ്രകടനത്തോടാണ് പൃഥ്വിരാജ് സഞ്ജുവിനെ ഉപമിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സചിൻ ടെണ്ടുൽക്കറുടെ തന്നെ ഉപദേശങ്ങൾ കരുത്താക്കി സഞ്ജു ആ പ്രകടനത്തെയും മറികടന്നിരിക്കുന്നു. മൂന്ന് നോക്കൗട്ട് മത്സരങ്ങൾ, മൂന്ന് മാച്ച് വിന്നിങ് ഇന്നിംഗ്‌സുകൾ! സഞ്ജു, നിന്റെ യഥാർഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു. ലോകവേദികളിൽ ഇനിയും വിസ്മയങ്ങൾ തീർക്കുക. വരുംതലമുറകൾക്ക് മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക! പൊളിക്കൂ അനിയാ (ചേട്ടാ) !" - പൃഥ്വിരാജ് കുറിച്ചു.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സഞ്ജു സാംസൺ കിവി ബൗളർമാരെ അക്ഷരാർഥത്തിൽ തൂത്തെറിയുകയായിരുന്നു. കേവലം 46 പന്തുകളിൽനിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 5 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി.
സെമി ഫൈനലിലും ഫൈനലിലും അർധ സെഞ്ചുറി നേടുന്ന അപൂർവ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലിക്കും ഷാഹിദ് അഫ്രീദിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. ടൂർണമെന്റിലുടനീളം 24 സിക്സറുകൾ പറത്തി മറ്റൊരു റെക്കോർഡും സഞ്ജു ഈ ലോകകപ്പിൽ സ്വന്തമാക്കി. സഞ്ജുവിന്റെയും മറ്റ് യുവതാരങ്ങളുടെയും മികവിൽ 255 റൺസെടുത്ത ഇന്ത്യ, 96 റൺസിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.