ഇന്ത്യ - വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആന്‍റിഗ്വെ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഈ വര്‍ഷം നടത്തിയ മൂന്ന് ടൂര്‍ണമെന്‍റുകളിലും ചാമ്പ്യനായത് ഒരൊറ്റ രാജ്യമാണ്. വെസ്റ്റിന്‍ഡീസ്. അണ്ടര്‍ 19 ലോക കപ്പ്, വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ട്വന്‍റി 20 ലോക കപ്പ് വിജയം. പക്ഷേ, കഴിഞ്ഞ നാല് വര്‍ഷമായി സ്വന്തം മണ്ണിലോ വിദേശത്തോ ശ്രദ്ധേയമായ ഒരു ടെസ്റ്റ് മത്സരം പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന  ദൗര്‍ബല്യവുമായാണ് വ്യാഴാഴ്ച വെസ്റ്റിന്‍ഡീസ് ഇന്ത്യക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരക്കിറങ്ങുന്നത്. ഈ കണക്കിനപ്പുറം ഇന്ത്യക്ക് ആവേശം നല്‍കുന്നത് മറ്റൊരു കണക്കാണ്. 2002ന് ശേഷം ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് ടെസ്റ്റ് പരമ്പര ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പു മോഹവുമായി സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയിട്ടും കഴിഞ്ഞ ട്വന്‍റി 20 ലോക കപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞതിന്‍െറ നീറുന്ന ഓര്‍മകളുമായാണ് വിരാട് കോഹ്ലിയും സംഘവും കരീബിയന്‍ കരുത്തിനെ നേരിടാനിറങ്ങുന്നത്. ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അതികായന്മാരുടെ വന്‍നിര കൊണ്ട് എതിരാളികളെ ഞെട്ടിച്ച വിന്‍ഡീസ് ഇപ്പോള്‍ പഴയ പ്രതാപത്തിന്‍െറ നിഴലില്‍പോലുമില്ല.

ഇന്ത്യയാകട്ടെ കോഹ്ലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ചെറുപ്പക്കാരുമായാണ് പോരിനിറങ്ങുന്നത്. ബാറ്റിങ്ങില്‍ കരുത്തുറ്റതാണെങ്കിലും ബൗളിങ്ങിലെ പോരായ്മകള്‍ ഇന്ത്യയെയും അലട്ടുന്നുണ്ട്്. ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസയായ വെസ്റ്റിന്‍ഡീസിലെ പിച്ചിലും ഇന്ത്യ കാര്യമായി ആശ്രയിക്കുന്നത് അശ്വിന്‍ -ജദേജ -അമിത് മിശ്ര സ്പിന്‍ ത്രയത്തെയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.