ലങ്ക 183ന് പുറത്ത്; ഇന്ത്യ ആദ്യ ദിനം 128/2

ഗല്ളെ: അങ്ങ് ഇംഗ്ളീഷ് മടയിലായാലും ഇങ്ങ് സിംഹളക്കൂട്ടിലായാലും ബൗളര്‍മാരുടെ ആഹ്ളാദാരവങ്ങളുടെ സീസണിലാണ് ക്രിക്കറ്റ് ലോകം. കണ്ടറിഞ്ഞ് പന്ത് തൊടുക്കുന്നവര്‍ക്ക് കൈനിറയെ ഇരകളെ സമ്മാനിച്ച് പിച്ചിലെ ഭൂതങ്ങള്‍ ബൗളര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റുന്നു, ബാറ്റിങ് വീരന്മാരെ തലകുനിപ്പിക്കുന്നു. ശ്രീലങ്കന്‍ മണ്ണില്‍ അത്തരത്തില്‍ തങ്ങളുടെ സ്വന്തം നിമിഷങ്ങള്‍ വാര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. ഒന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കന്‍ ഇന്നിങ്സിനെ കശക്കിയെറിഞ്ഞ കരുത്തനായത് രവിചന്ദ്ര അശ്വിനും. ആറു വിക്കറ്റുകളുമായി ലങ്കയിലെ തന്‍െറ ആദ്യ മത്സരം അശ്വിന്‍ അവിസ്മരണീയമാക്കിയപ്പോള്‍ ആതിഥേയര്‍ 49.4 ഓവറില്‍ 183 റണ്‍സിന്‍െറ മാത്രം സമ്പാദ്യവുമായി ആദ്യ ദിനം ചായക്കുമുമ്പ് തിരികെക്കയറി. 13.4 ഓവറില്‍ 46 റണ്‍സിലാണ് ആറു തലകള്‍ അശ്വിന്‍െറ ഓഫ്ബ്രേക്കില്‍ തെറിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 34 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 100 റണ്‍സ് ചേര്‍ത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (45) ഓപണര്‍ ശിഖര്‍ ധവാനുമാണ് (53) ക്രീസില്‍.
ഇന്ത്യക്കെതിരെ ആദ്യമായി ടെസ്റ്റ് ടീമിനെ നയിക്കുന്ന ലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് ഗല്ളെയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് ബൗളര്‍മാരുമായിറങ്ങിയ ഇന്ത്യന്‍പട അതില്‍ മൂന്നു സ്പിന്‍ ബുദ്ധികേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പേസ് നിരയാണ് ആദ്യ മുറിവേല്‍പിച്ചത്. ഇശാന്ത് ശര്‍മയും വരുണ്‍ ആരോണും ചേര്‍ന്ന് അവരുടെ തകര്‍ച്ചക്ക് തുടക്കമിട്ടു. ഓപണര്‍മാരായ കരുണരത്നെയുടെയും (9) കൗശല്‍ സില്‍വയുടെയും (5) വിക്കറ്റുകള്‍ ഇരുവരും യഥാക്രമം വീതിച്ചെടുത്തതിന് പിന്നാലെ ഏറ്റുപിടിക്കാന്‍ അശ്വിനിറങ്ങി. അവസാന പരമ്പരക്കിറങ്ങിയ വെറ്ററന്‍ താരം കുമാര്‍ സംഗക്കാരയാണ് അശ്വിന്‍െറ കൈക്കുഴയുടെ ആദ്യ ഇരയായത്. സില്ലി പോയന്‍റില്‍ മികച്ച മനസ്സാന്നിധ്യം കാഴ്ചവെച്ച ലോകേഷ് രാഹുലിന്‍െറ കൈയില്‍ അഞ്ചു റണ്‍സിന്‍െറ മാത്രം നീണ്ട സംഗയുടെ ഇന്നിങ്സ് ഒടുങ്ങി.  പിന്നാലെ തിരിമന്നെയും (13) മുബാറക്കും (0) അശ്വിന്‍െറ മുന്നില്‍ തലകുനിച്ചപ്പോള്‍ അഞ്ചിന് 60 എന്ന പ്രതിസന്ധിയിലായി ലങ്ക.
അപകടം മണത്ത ക്യാപ്റ്റന്‍ മാത്യൂസും ദിനേശ് ചണ്ഡിമലും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് അവര്‍ക്ക് തുടര്‍ന്ന് ആശ്വാസമായത്. ആറാം വിക്കറ്റില്‍ 70 റണ്‍സ് ആ കൂട്ടുകെട്ട് കൊണ്ടുവന്നു. അപ്പോഴും ഇന്ത്യക്ക് രക്ഷയായി അശ്വിനത്തെി. 64 റണ്‍സെടുത്ത മാത്യൂസിനെ രോഹിതിന്‍െറ കൈയിലത്തെിച്ച് ലങ്കക്ക് വീണ്ടും അശ്വിന്‍ പ്രഹരമേല്‍പിച്ചു. തൊട്ടടുത്ത ഓവറില്‍ വരുണിനെ നാല് ബൗണ്ടറികള്‍ക്ക് ശിക്ഷിച്ചാണ് ചണ്ഡിമല്‍ തന്‍െറ കൂട്ടുകാരന്‍െറ പുറത്താകലിന് ‘പകരംവീട്ടിയത്’. എന്നാല്‍, അതിനുള്ള മറുപടിയായി റണ്ണൊന്നുമെടുക്കാത്ത ധമിക പ്രസാദിനെ തൊട്ടുപിന്നാലെ തന്‍െറ അഞ്ചാം ഇരയായി തിരികെ പറഞ്ഞുവിട്ട് അശ്വിനും മറുപടി നല്‍കി. പിടിച്ചുനിന്ന ചണ്ഡിമലിനെയും (59) തരിന്ദു കൗശലിനെയും (0) പുറത്താക്കി അമിത് മിശ്രയും സ്പിന്നിനെ കൂടുതല്‍ ആശ്രയിക്കാനുള്ള ടീം തീരുമാനം ശരിയെന്ന് പ്രഖ്യാപിച്ചു. വാലറ്റത്ത് നാലു ഫോറുകളുമായി കത്തിക്കയറി 23 റണ്‍സെടുത്ത രംഗന ഹെറാത്തിനെ ഏറ്റവും ഒടുവിലായി പുറത്താക്കി അശ്വിന്‍ തന്‍െറ നേട്ടം ആറാക്കി ഉയര്‍ത്തി.
ഇന്ത്യന്‍ ബാറ്റിങ്ങിനും ബൗളര്‍മാരുടെ കുതിപ്പ് തടസ്സമാകുന്നതാണ് ഇന്നിങ്സിലെ തുടക്കത്തിലെ കാഴ്ച. യുവ ഓപണര്‍ ലോകേഷ് രാഹുലിനെ (7) മൂന്നാം ഓവറില്‍തന്നെ ധമിക പറഞ്ഞയച്ചപ്പോള്‍ വണ്‍ഡൗണിലത്തെിയ രോഹിത് ശര്‍മക്കും (9) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. മാത്യൂസാണ് രോഹിതിനെ മടക്കിയത്. എന്നാല്‍, പിന്നീടങ്ങോട്ട് ‘പിച്ചറിഞ്ഞ്’ കളിച്ച വിരാടും ശിഖറും ഇന്ത്യന്‍ ഇന്നിങ്സിന് വേണ്ട താങ്ങായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.