നേ​ട്ട​ങ്ങ​ളു​ടെ കാ​യി​ക​ലോ​കം

ക്രിക്കറ്റിൽ സമീപകാലത്തെ മികച്ച നേട്ടങ്ങളുടെ തമ്പുരാക്കന്മാരായി ഇന്ത്യ വാണ പോയവർഷത്തിൽ സംഭവ ബഹുലമായിരുന്നു കായിക കലണ്ടർ. ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബാൾ, അത്‍ലറ്റിക്സ്, ടെന്നിസ് തുടങ്ങി ഓരോ വിഭാഗത്തിലും വിപ്ലവങ്ങളേറെ സൃഷ്ടിച്ചാണ് ഇന്ത്യ ലോകത്തിനൊപ്പം പുതുവർഷപ്പുലരിയിലേക്ക് ചുവടുവെക്കുന്നത്. ട്രാക്കിലും ഫീൽഡിലുമടക്കം ഇനിയുമേറെ ദൂരം താണ്ടാനുണ്ടെങ്കിലും പ്രതീക്ഷയുടെ തിരി ബാക്കിവെച്ച് ഹോക്കിയിലും ബാഡ്മിന്റണിലുമടക്കം രാജ്യം നേട്ടങ്ങൾ കൊയ്തെങ്കിലും ഫുട്ബാളിൽ അപ്രതീക്ഷിതമായി പിറകിലേക്കാണ് നാം സഞ്ചരിച്ചത്. ഇതിനിടെയും കായികലോകത്തെ ത്രസിപ്പിച്ച് സംഭവങ്ങൾക്കൊപ്പം ശ്രദ്ധേയ സാന്നിധ്യമായ വ്യക്തികളുമനവധി. 

ചെ​സി​ൽ പു​ത്ത​ൻ താ​രോ​ദ​യ​ങ്ങ​ൾ

ദിവ്യ ദേശ്മുഖ് എന്ന 19കാരി ലോക ചെസിൽ കരുക്കൾ നീക്കിക്കയറിയതും ലോകം ശ്രദ്ധിച്ചു. ഫിഡെ വനിത ലോകകപ്പിൽ കിരീടമുയർത്തിയായിരുന്നു ദേശ്മുഖ് ചതുരംഗക്കളത്തിലെ റാണിയായത്. ടൂർണമെന്റ് അവസാനിക്കുമ്പോഴേക്ക് താരം ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കിയിരുന്നു.

ബാഡ്മിന്റണിൽ പക്ഷേ, എടുത്തുപറയാൻ കാര്യമായ നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾക്കുണ്ടായില്ല. പരിക്കു മാറി തിരിച്ചെത്തിയിട്ടും പി.വി. സിന്ധു പിന്നാക്കം നിന്നപ്പോൾ ലക്ഷ്യ സെൻ കരിയറിലാദ്യമായി ആസ്ട്രേലിയൻ ഓപണിൽ ചാമ്പ്യനായി. ഹോക്കിയിൽ ടീം ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായതായിരുന്നു സുപ്രധാനമായ മറ്റൊന്ന്. എട്ടു വർഷത്തെ ഇടവേള അവസാനിപ്പിച്ചായിരുന്നു ടീം ഇന്ത്യയുടെ കിരീടനേട്ടം. 

ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് വ​ർ​ഷം

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക​ലാ​ശ​പ്പോ​രി​ൽ ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്തു​വി​ട്ട് രോ​ഹി​ത് ശ​ർ​മ-​വി​രാ​ട് കോ​ഹ്‍ലി വെ​റ്റ​റ​ൻ കൂ​ട്ടു​കെ​ട്ട് നാ​ലാം ഐ.​സി.​സി കി​രീ​ടം മാ​റോ​ടു​ചേ​ർ​ത്ത​താ​യി​രു​ന്നു ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്ന്. 2013ൽ ​എം.​എ​സ് ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ ഇ​തേ കി​രീ​ട​ത്തി​നാ​യി ഒ​രു വ്യാ​ഴ​വ​ട്ടം നീ​ണ്ട കാ​ത്തി​രി​പ്പി​നാ​ണ് അ​റു​തി​യാ​യ​ത്. ഫൈ​ന​ലി​ൽ രോ​ഹി​ത് ന​യി​ച്ച ടീം ​ന്യൂ​സി​ല​ൻ​ഡി​നെ​യാ​ണ് ത​ക​ർ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ട ടീ​മി​ന് ഇ​ര​ട്ടി​മ​ധു​ര​മാ​യി​രു​ന്നു ഈ ​വി​ജ​യം.

ഇ​ന്ത്യ ഫൈ​ന​ൽ കാ​ണാ​തെ നേ​ര​ത്തെ മ​ട​ങ്ങി​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സം​ഘം കി​രീ​ടം തൊ​ട്ട​തി​നു​മു​ണ്ട് സ​മാ​ന​മാ​യൊ​രു ച​രി​തം. 27 വ​ർ​ഷ​ത്തെ ഐ.​സി.​സി ട്രോ​ഫി കാ​ത്തി​രി​പ്പി​ന് ടീം ​സാ​ഫ​ല്യ​മേ​കു​മ്പോ​ൾ കം​ഗാ​രു​ക്ക​ളാ​ണ് പ്രോ​ട്ടീ​സ് പ​ട​യോ​ട്ട​ത്തി​ൽ വീ​ണ​ത്. ഐ.​പി.​എ​ല്ലി​ൽ 18 വ​ർ​ഷ​മാ​യി ആ​രാ​ധ​ക​രേ​റെ​യു​ള്ള ടീ​മാ​യി വി​ല​സു​ന്ന കോ​ഹ്‍ലി​യു​ടെ ആ​ർ.​സി.​ബി​ക്ക് ക​ന്നി​ക്കി​രീ​ടം ല​ഭി​ച്ച​തും ഇ​തോ​ട് ചേ​ർ​ത്തു​പ​റ​യാ​വു​ന്ന മ​റ്റൊ​ന്ന്. 2008ൽ ​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് തു​ട​ക്കം കു​റി​ക്ക​പ്പെ​ട്ട​ത് മു​ത​ൽ മൂ​ന്നു​വ​ട്ടം കി​രീ​ട​ത്തി​ന​രി​കെ​യെ​ത്തി​യ ടീം ​അ​വ​സാ​നം പ​ഞ്ചാ​ബ് കി​ങ്സി​നെ വീ​ഴ്ത്തി അ​ത് സ്വ​ന്ത​മാ​ക്കി.

ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ ഒ​മ്പ​താം ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ​താ​യി​രു​ന്നു മ​റ്റൊ​രു വി​ശേ​ഷം. ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​കി​സ്താ​നാ​യി​രു​ന്നു ഫൈ​ന​ലി​ൽ എ​തി​രാ​ളി​ക​ൾ. ഉ​ട​നീ​ളം തോ​ൽ​വി​യ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ടീം ​പാ​ക് പ​ട​യെ മാ​ത്രം ഇ​തേ ടൂ​ർ​ണ​മെ​ന്റി​ൽ ത​ക​ർ​ത്തു​വി​ട്ട​ത് മൂ​ന്നു​ത​വ​ണ. എ​ന്നാ​ൽ, കി​രീ​ടം ന​ൽ​കേ​ണ്ട പാ​ക് അ​ധ്യ​ക്ഷ​ൻ മു​ഹ്സി​ൻ ന​ഖ്‍വി നേ​രി​ട്ട​ല്ലാ​തെ കൈ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ പു​കി​ലു​ക​ൾ കു​റെ​നാ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നു.

ഗോ​ളാ​ന്ത​ര പ്ര​തി​ഭ​ക​ൾ

ഫുട്ബാളിൽ ബാലൻ ഡി ഓറും ഫിഫ താരപദവിയും തേടിയെത്തിയ ഉസ്മാൻ ഡെംബലെയെ കൂട്ടി പാരിസ് സെന്റ് ജെർമയിൻ യുവേഫ ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം ചൂടി. ഇന്റർ മിലാനെ ഫൈനലിൽ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടീം തരിപ്പണമാക്കിയത്. യുവേഫ യൂറോപ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറായിരുന്നു ചാമ്പ്യന്മാർ. ഏഴു പതിറ്റാണ്ടായി ഒരു കിരീടവും സ്വന്തമെന്ന് പറയാനില്ലാത്ത ന്യൂകാസിൽ യുനൈറ്റഡ് ഇ.എഫ്.എൽ കപ്പിൽ ചാമ്പ്യന്മാരായി. ഫിഫ ഇന്റർകോണ്ടിനെന്റൽ പോരിലും പി.എസ്.ജിതന്നെയായിരുന്നു ജേതാക്കൾ. വനിതകളിൽ യുവേഫ യൂറോ ഇംഗ്ലണ്ടിനെ തുണച്ചു. 32 ടീമുകളാക്കി ഫിഫ ക്ലബ് ലോകകപ്പിൽ പി.എസ്.ജിയെ വീഴ്ത്തി ചെൽസി ചാമ്പ്യന്മാരായി.

ബാലൻ ഡി ഓർ വനിതകളിൽ ഐറ്റാന ബോൺമാറ്റി, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ലമീൻ യമാൽ, മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി ഡോണറുമ്മ എന്നിവരും സ്വന്തമാക്കി. ഫിഫ അണ്ടർ-20 ലോകകപ്പിൽ മൊറോേക്കാ ആയിരുന്നു ചാമ്പ്യന്മാർ. ഫിഫ അറബ് കപ്പും മൊറോക്കോ തന്നെ കൊണ്ടുപോയി. അത്‍ലറ്റിക്സിൽ സമാനതകളില്ലാത്ത മികവുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്ന ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇത്തവണ 450 മെഡലുകളാണ് ടീം നേടിയത്.

അവസാനം ദ്യോകോയും ചിത്രത്തിൽനിന്ന് പതിയെ മടങ്ങിയ ടെന്നിസിൽ കാർലോസ് അൽകാരസ്-ജാനിക് സിന്നർ ദ്വയം മാത്രമായി ചുരുങ്ങിയതാണ് ഏറ്റവും വലിയ വാർത്ത. ഫ്രഞ്ച് ഓപൺ, യു.എസ് ഓപൺ കിരീടങ്ങൾ ചൂടിയ അൽകാരസ് ലോക ഒന്നാം നമ്പർ പദവി തിരിച്ചുപിടിച്ചപ്പോൾ സിന്നർ ആസ്ട്രേലിയൻ ഓപൺ, വിംബിൾഡൺ, എ.ടി.പി ഫൈനൽസ് എന്നിവയിലും ചാമ്പ്യനായി. അതിനിടെ, കരിയറിൽ ദ്യോകോവിച് 101ാം കിരീടം നേടി പുതിയ ചരിത്രം കുറിക്കുകയും ചെയ്തു. 

നീ​ര​ജ് 90 നോ​ട്ടൗ​ട്ട്

ഏറെയായി അകന്നുനിന്ന 90 മീറ്റർ കടമ്പ കടന്ന് നീരജ് ചോപ്രയെന്ന അതികായന്റെ ജാവലിൻ പിന്നെയും കുതിച്ചതായിരുന്നു പോയവർഷത്തെ വേറിട്ട വാർത്ത. ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്ററാണ് നീരജ് എറിഞ്ഞിട്ടത്. അതുകഴിഞ്ഞ് സ്വന്തം പേരിൽ ബംഗളൂരു ശ്രീകണ്ഠീരവ മൈതാനത്ത് നീരജ് ചോപ്ര ക്ലാസിക് നടത്തിയും താരം ഹീറോ ആയി. 

ലേ​ഡീ​സ് ഫ​സ്റ്റ്

വ​നി​ത ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഹ​ർ​മ​​ൻ​പ്രീ​ത് കൗ​റും കൂ​ട്ട​രും ക​ന്നി​ക്കി​രീ​ടം ഉ​യ​ർ​ത്തി ച​രി​ത്രം കു​റി​ച്ച​താ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സു​പ്ര​ധാ​ന​മാ​യ മ​റ്റൊ​രു വി​ശേ​ഷം. അ​ര​നൂ​റ്റാ​​ണ്ടോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​യി​രു​ന്നു ആ​ദ്യ ലോ​ക​ചാ​മ്പ്യ​ൻ​പ​ട്ടം വ​നി​ത​ക​ളെ തേ​ടി​യെ​ത്തി​യ​ത്. മു​ൻ​ചാ​മ്പ്യ​ന്മാ​രാ​യ ഓ​സീ​സാ​ണ് നീ​ല​പ്പ​ട​യു​ടെ പ​ട​യോ​ട്ട​ത്തി​ൽ നി​ലം​പ​രി​ശാ​യ​ത്. അ​ന്ധ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

ഫു​ട്ബാ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി

ഐ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ൺ ന​ട​ക്കു​മോ​യെ​ന്ന് പോ​ലും പ​റ​യാ​നാ​കാ​ത്ത പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട​താ​ണ് ഇ​ന്ത്യ​ൻ സോ​ക്ക​റി​ലെ പു​തു​വ​ർ​ത്ത​മാ​നം. ബം​ഗ്ലാ​ദേ​ശി​നോ​ട് 22 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി തോ​ൽ​വി വ​ഴ​ങ്ങി​യ ടീം ​എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള ഗ്രൂ​പ്പി​ൽ അ​വ​സാ​ന​ക്കാ​രു​മാ​യി. ഹോ​ങ്കോ​ങ്, സിം​ഗ​പ്പൂ​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ടീ​മു​ക​ൾ. ഏ​ക ആ​ശ്വാ​സം അ​ണ്ട​ർ17 ഏ​ഷ്യ​ൻ ക​പ്പി​ൽ നീ​ല​പ്പ​ട യോ​ഗ്യ​രാ​യ​തു മാ​ത്രം.

വെ​റ്റ​റ​ൻ വ​ർ​ഷം

ഇ​ന്ത്യ​യി​ൽ രോ​ഹി​തും വി​രാ​ടു​മെ​ന്ന​പോ​ലെ ലോ​ക സോ​ക്ക​റി​ൽ മെ​സ്സി​യും റൊ​ണാ​ൾ​ഡോ​യു​മി​ല്ലാ​തെ ഒ​ന്നും പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് ഈ ​വ​ർ​ഷ​വും തെ​ളി​യി​ച്ചു. ഗോ​ൾ​വേ​ട്ട​യി​ൽ റൊ​ണാ​ൾ​ഡോ നി​ര​ന്ത​രം പു​തു​ക്കി​ക്കൊ​ണ്ടി​രു​ന്ന റെ​ക്കോ​ഡ് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ മെ​സ്സി അ​മേ​രി​ക്ക​ൻ ലീ​ഗി​ലും ത​ന്റെ സു​വ​ർ​ണ സ്പ​ർ​ശം കൂ​ടു​ത​ൽ രാ​ജ​കീ​യ​മാ​ക്കി. അ​ത്‍ല​റ്റി​ക്സി​ൽ മോ​ണ്ടോ ഡു​പ്ലാ​ന്റി​സ്, കാ​റോ​ട്ട​ത്തി​ൽ മാ​ക്സ് വെ​സ്റ്റ​പ്പ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ തി​ള​ങ്ങി​നി​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ പ​യ്യ​നാ​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി തീ​ർ​ത്ത ഓ​ള​വും വ​രാ​നി​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള വ​ലി​യ വെ​ടി​ക്കെ​ട്ടാ​യി. 

‘ഗോ​ട്ട് ടൂ​ർ’

മെ​സ്സി​യു​ടെ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ​ര്യ​ട​ന​വും ഇ​തേ വ​ർ​ഷം ന​ട​ന്നു. കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും ക​ലൂ​ർ മൈ​താ​ന​ത്ത് പ​ന്തു​ത​ട്ടു​മെ​ന്നു​മാ​യി​രു​ന്നു മ​ല​യാ​ളി ആ​ദ്യ​മ​റി​ഞ്ഞ വാ​ർ​ത്ത​യെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ കാ​ൽ​പ​ന്തി​ന്റെ ന​ഗ​ര​മാ​യ കൊ​ൽ​ക്ക​ത്ത​യി​ൽ തു​ട​ങ്ങി ഗു​ജ​റാ​ത്തി​ൽ വ​രെ സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു ല​യ​ണ​ൽ മെ​സ്സി തി​രി​കെ പ​റ​ന്ന​ത്. കൂ​ടെ അ​ർ​ജ​ന്റീ​ന ടീ​മി​ലെ പ്ര​മു​ഖ​രു​മു​ണ്ടാ​യി.

 

Tags:    
News Summary - Sports Achievements in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.