തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ദക്ഷിണ മേഖല ഡയറക്ടറും കാര്യവട്ടം എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ സർവിസിൽനിന്ന് ഔദ്യോഗികമായി വിരമിച്ചു. പത്തനംതിട്ട പന്തളം സ്വദേശിയാണ്. ഗ്വാളിയർ എൽ.എൻ.സി.പി.ഇയിൽനിന്ന് കായിക വിദ്യാഭ്യാസത്തിൽ ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം 1986ൽ അവിടെ അധ്യാപകനായാണ് സേവനം ആരംഭിച്ചത്.
1992ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇദ്ദേഹം ഡൽഹിയിലും കൽക്കത്ത, ബംഗളൂരു റീജനൽ സെന്ററുകളിലും ഡയറക്ടറായിരുന്നു. 1994ൽ ഡെപ്യൂട്ടേഷനിൽ സംസ്ഥാന കായിക വകുപ്പിൽ അഡീഷനൽ ഡയറക്ടറായി. യൂത്ത് വെൽഫെയർ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമിന് തുടക്കമിട്ടതും സ്പോർട്സ് ബിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും കേരളോത്സവത്തിനും സാങ്കേതിക സഹായം നൽകിയതും ഇക്കാലയളവിലാണ്. 2006ൽ സ്പോർട്സ് ഡയറക്ടറും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായി. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള കരിക്കുലം കമ്മിറ്റിയിൽ പങ്കാളിയായതും സ്പോർട്സ് കമീഷനിൽ ഭാഗഭാക്കായതും ഈ കാലയളവിലാണ്. ഔദ്യോഗികമായി വിരമിച്ചെങ്കിലും പുതിയ ഡയറക്ടറും പ്രിൻസിപ്പലും ചുമതലയേൽക്കുന്നത് വരെ കിഷോർ ഒരുവർഷത്തെ കരാറിൽ ചുമതലയിൽ തുടരുമെന്ന് സായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.