ശിഖർ ധവാൻ വിവാഹിതനാകുന്നു; നിശ്ചയത്തിനു പിന്നാലെ ചിത്രം പങ്കുവെച്ച് താരം

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ തന്റെ ദീർഘകാല കാമുകി സോഫി ഷൈനുമായി വിവാഹനിശ്ചയം കഴിഞ്ഞ വിവരം സ്ഥിരീകരിച്ചു. “പരസ്പരം പങ്കുവെച്ച പുഞ്ചിരികൾ മുതൽ സ്വപ്നങ്ങൾ വരെ. എന്നെന്നേക്കുമായി ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിക്കുമ്പോൾ, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി - ശിഖർ & സോഫി” -മോതിരങ്ങൾ അണിഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ധവാൻ കുറിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കും.

ഫെബ്രുവരി മൂന്നാം വാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പ്രമുഖർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആഡംബരപൂർണമായ ചടങ്ങുകൾക്കായുള്ള ഒരുക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്‌മെന്റിൽ ബിരുദം നേടിയ സോഫി, നേരത്തെ പ്രൊഡക്ട് കൺസൾട്ടന്റായി ജോലി ചെയ്തിരുന്നു. ക്രിക്കറ്റ് താരങ്ങൾ സാധാരണയായി സോഷ്യൽ മീഡിയയിലോ വിനോദമേഖലയിലോ ഉള്ളവരുമായാണ് ബന്ധം പുലർത്താറുള്ളതെങ്കിൽ, സോഫിയുടെ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ്.

അയർലൻഡിൽ ജനിച്ച സോഫി, കാസിൽറോയ് കോളജിലായിരുന്നു പഠനം പൂർത്തിയാക്കിയത്. നിലവിൽ അബൂദബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ്. ധവാന്റെ സ്പോർട്സ് സംരംഭമായ 'ദാ വൺ സ്പോർട്സിന്റെ' (Da One Sports) ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ അമരത്തും സോഫിയാണ്.

ഇൻസ്റ്റഗ്രാമിൽ ഏകദേശം 3.41 ലക്ഷം ഫോളോവേഴ്സുള്ള സോഫി, കഴിഞ്ഞ കുറച്ചു കാലമായി ശിഖർ ധവാനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുണ്ടായിരുന്നു. പല ക്രിക്കറ്റ് മത്സരങ്ങളിലും ധവാനൊപ്പം സോഫി എത്താറുണ്ടായിരുന്നെങ്കിലും, ധവാൻ തന്നെ നേരിട്ട് വെളിപ്പെടുത്തിയതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമായത്.

Tags:    
News Summary - Shikhar Dhawan Gets Engaged To Sophie Shine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT