നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ രണ്ടാം ജയം. യു.പി വാരിയേഴ്സിനെ ഒമ്പത് വിക്കറ്റിനാണ് തോൽപിച്ചത്. എതിരാളികൾ മുന്നിൽ വെച്ച 144 റൺസ് ലക്ഷ്യം ആർ.സി.ബി വെറും 12.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓപണർ ഗ്രേസ് ഹാരിസ് 40 പന്തിൽ 85 റൺസടിച്ചു മടങ്ങിയപ്പോൾ സഹഓപണറും നായികയുമായ സ്മൃതി മന്ദാന 32 പന്തിൽ 47 റൺസുമായി പുറത്താവാതെനിന്നു. പത്ത് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ഗ്രേസിന്റെ വെടിക്കെട്ട്. ജയത്തോടെ പോയന്റ് പട്ടികയിൽ ആർ.സി.ബി (4) ഒന്നാംസ്ഥാനത്തേക്ക് കയറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.പിയുടെ മുൻനിര റൺസ് കണ്ടെത്തുന്നതിൽ വിഷമിച്ചതോടെ മധ്യനിരയാണ് രക്ഷക്കെത്തിയത്. ദീപ്തി ശർമ 35 പന്തിൽ 45ഉം ഡിയാൻഡ്ര ഡോട്ടിൻ 37 പന്തിൽ 40ഉം റൺസ് നേടി പുറത്താവാതെ നിന്നു. ഓപണർമാരായ ക്യാപ്റ്റൻ മെഗ് ലാനിങ് 21 പന്തിൽ 14ഉം ഹർലീൻ ഡിയോൾ 14 പന്തിൽ 11ഉം റൺസെടുത്ത് മടങ്ങി.
11 പന്തിൽ 20 റൺസായിരുന്നു ഫീബ് ലിച്ച്ഫീൽഡിന്റെ സംഭാവന. ഒമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ കിരൺ നാവ്ഗിറെയെയും (5) ശ്വേത ഷെഹ്റാവത്തിനെയും നദീൻ ഡി ക്ലർക്ക് പുറത്താക്കി. അഞ്ച് വിക്കറ്റിന് 50 റൺസിലേക്ക് പതറിയിടത്താണ് ദീപ്തി-ഡോട്ടിൻ സഖ്യം ഒരുമിച്ചത്. ഇവർ ആറാം വിക്കറ്റിൽ 94 റൺസ് ചേർത്തതോടെ 20 ഓവറിൽ അഞ്ചിന് 142ലെത്തി യു.പി. ഡി ക്ലർക്കിനു പുറമെ ശ്രേയങ്ക പാട്ടിലും ആർ.സി.ബിക്കായി രണ്ട് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.