‘മേരി കോമിന് പലരുമായും ബന്ധം, കൈയിൽ തെളിവുണ്ട്...’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്

ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി.

വർഷങ്ങൾക്കു മുമ്പേ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. 2013ൽ ഒരു ജൂനിയർ ബോക്സറുമായി മേരി കോമിന് ബന്ധമുണ്ടായിരുന്നു. ഇത് കുടുംബങ്ങൾക്കിടയിൽ വലിയ തർക്കത്തിന് കാരണമായി. ഒടുവിൽ ഒത്തുതീർപ്പിലെത്തി. തുടർന്നും അവർ വഞ്ചിച്ചു. മേരി കോം ബോക്സിങ് അക്കാദമിയിലെ ഒരു ജീവനക്കാരനുമായി പുതിയ ബന്ധം തുടർന്നു. 2017ലാണ് ഇക്കാര്യം താൻ അറിയുന്നത്. തെളിവായി വാട്സ് ആപ്പ് സന്ദേശങ്ങൾ തന്‍റെ പക്കലുണ്ടെന്നും മുൻ ഭർത്താവ് വെളിപ്പെടുത്തി. മേരി കോമും ഓൻലറും 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച വിവരം അടുത്തകാലത്താണ് പുറംലോകം അറിയുന്നത്.

‘അവർക്ക് തനിയെ താമസിക്കാനും മറ്റൊരു ബന്ധം തുടരാനുമായിരുന്നു താൽപര്യം. ഞങ്ങൾ ഇപ്പോൾ വിവാഹമോചിതരാണ്. അവർ മറ്റൊരു ഭർത്താവിനെ ആഗ്രഹിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. എന്നാൽ എന്നെ പരസ്യമായി അധിക്ഷേപിക്കരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനുള്ള തെളിവും ഹാജരാക്കണം’ -ഓൻലൻ പറഞ്ഞു. കോടികൾ തട്ടിയെടുത്തെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. നിലവിലെ തന്‍റെ ജീവിത സാഹചര്യവും ബാങ്കിലെ പണവും കണ്ടാൽ അത് മനസ്സിലാകും. ഡൽഹിയിൽ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും ഓൻലർ കൂട്ടിച്ചേർത്തു.

‘18 വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. എന്നിട്ടാണ് ഇതെല്ലാം? അവർക്ക് ഭ്രാന്താണ്. ഞാൻ 18 വർഷം അവളോടൊപ്പം ജീവിച്ചു. എന്‍റെ വീട് നോക്കൂ. ഞാൻ ഡൽഹിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. അവൾ ഒരു സെലിബ്രിറ്റിയാണ്. അവൾ എന്തു പറഞ്ഞാലും ചിലർ കേൾക്കും, ചിലർ കേൾക്കില്ല’ -ഓൻലർ വ്യക്തമാക്കി. താൻ മദ്യപിക്കുന്നുവെന്നാണ് മേരി പറയുന്നത്. എന്നാൽ, മേരി കോം വോഡ്കയും റമ്മും കഴിക്കാറുണ്ടെന്നും 'ഗുഡ്ക' ഉപയോഗിക്കാറുണ്ടെന്നും ഓൻലർ ആരോപിച്ചു.

മക്കളെ ഓർത്താണ് കോടതിയിൽ പോകാത്തതെന്നും ഇത്രയും കാലം നിശബ്ദത പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു കുട്ടികളാണ് (ഇരട്ടകൾ ഉൾപ്പെടെ മൂന്ന് ആൺമക്കളും ഇളയ മകളും) മേരി കോമിനും ഓൻലറിനും.

മേരി കോമിന്‍റെ ആരോപണം;

തന്റെ സ്വകാര്യ ജീവിതം പൊതുയിടങ്ങളിൽ ചർച്ചയാകുന്നത് ഇഷ്ടമല്ലാത്തതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. എന്നാൽ തനിക്കു നേരെ വരുന്ന കൂരമ്പുകൾ താങ്ങാനാവാത്തതിനാലാണ് എല്ലാം പറയുന്നത്. താനിതുവരെ സമ്പാദിച്ചതെല്ലാം ഓൻഖോലർ തട്ടിയെടുത്തുവെന്നും മേരികോം പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുത്തിരുന്ന കാലത്ത് തന്റെ സാമ്പത്തിക കാര്യങ്ങളിൽ വളരെകുറച്ചു മാത്രമേ പങ്കുണ്ടായിരുന്നുള്ളൂ. എന്നാൽ 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുമ്പ് പരിക്കേറ്റപ്പോൾ ജീവിതം ഒരു നുണയാണെന്ന് മനസിലായി. മാസങ്ങളോളം കിടപ്പിലായിരുന്നു. അപ്പോഴാണ് ഭർത്താവിന്റെ തനിനിറം മനസിലാക്കിയത്. അന്നുവരെ കണ്ട ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹം. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മേരികോം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബന്ധം തുടരാനാകില്ലെന്ന് ഇരുകുടുംബങ്ങളെയും അറിയിച്ചശേഷം വിവാഹ മോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾനടക്കുന്നത്.

അപ്പോഴും നിശ്ശബ്ദത പാലിച്ചതിനാൽ അവർ ആക്രമണം തുടർന്നുകൊണ്ടേയിരുന്നു. തന്റെ കോടിക്കണക്കിന് രൂപയാണ് മുൻ ഭർത്താവ് തട്ടിയെടുത്തത്. അധ്വാനിച്ച് വാങ്ങിയ ഭൂമിയുടെ അവകാശവും നഷ്ടമായി. ഇപ്പോൾ ഫരീദാബാദിലാണ് മേരി കോം താമസിക്കുന്നത്. മേരികോമിന്റെ സ്വത്തുക്കൾ പണയംവെച്ചാണ് അയാൾ വായ്പകൾ എടുത്തത്. സ്വത്തുക്കളെല്ലാം വൈകാതെ അയാളുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. കഷ്ടപ്പെട്ടു സമ്പാദിച്ച പണത്തിൽ ഒരു ചില്ലിക്കാശു പോലും തന്നില്ല. ജോലിയൊന്നുമുണ്ടായിരുന്നില്ല ഭർത്താവിന്. 2022ൽ പരിക്കേറ്റു കിടക്കുമ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ അയാൾ പിൻവലിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. വഞ്ചനകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. അയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ആറു കോടിയോളം ചെലവഴിച്ചു. മദ്യപാനിയുമായിരുന്നു.

പണം സമ്പാദിക്കാനായി ഞാൻ ജീവിതം തന്നെ ത്യജിച്ചു. എന്നാൽ അയാൾ എന്നെ വഞ്ചിച്ചു. അത്തരമൊരു പുരുഷനൊപ്പം എങ്ങനെ ജീവിക്കാൻ കഴിയുമെന്നും മേരി കോം ചോദിച്ചു. കുട്ടികൾ തനിക്കൊപ്പമാണ് അവർക്കായാണ് ഇനിയുള്ള ജീവിതം. വിവാഹ മോചനം നേടിയ ശേഷമാണ് ബിസിനസ് മാനേജർ ഹിതേഷ് ചൗധരി തന്റെ ജീവിതത്തിലേക്ക് വന്നതെന്നും അവർ വെളിപ്പെടുത്തി. ആളുകൾ തന്നെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, എല്ലാവർക്കും ഒരു ദിവസം സത്യം മനസിലാകും. താൻ ഒരു പോരാളിയാണെന്നും മേരികോം പറഞ്ഞുനിർത്തി.

Tags:    
News Summary - Mary Kom's Ex-Husband Drops Bombshell, Alleges Cheating After Messy Divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.