ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൽ ത്രോയിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനമായിരുന്നു. സ്വർണത്തിൽ കുറഞ്ഞൊരു ലക്ഷ്യവുമില്ലാതെ ടോക്കിയോയിൽ വീണ്ടും പറന്നെത്തിയ നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ നീരജ് ചോപ്ര എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 83.65 മീറ്റര്‍, 84.03 മീറ്റര്‍, ഫൗള്‍, 82.63 മീറ്റര്‍, ഫൗള്‍ എന്നിങ്ങനെയാണ് നീരജിന്റെ പ്രകടനം.
എന്നാൽ, പ്രതീക്ഷിച്ച സ്വർണം നഷ്ടപ്പെട്ടെങ്കിലും നാലാം സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകയറിയ സച്ചിൻ യാദവ് ഇന്ത്യയുടെ പുത്തൻ താരദോയമായി. തന്റെ ആദ്യ ത്രോയിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച സച്ചിന് ചെറിയ വ്യത്യാസത്തിലാണ് വെങ്കല മെഡൽ നഷ്ടമായത്. തുടർന്നുള്ള ശ്രമങ്ങളിൽ ( 85.71, 84.90, 85.96, 80.95) നില മെച്ചപ്പെടുത്താനുമായില്ല.
ആദ്യ ശ്രമത്തിൽ 88.16 മീറ്റർ ദൂരമെറിഞ്ഞ ട്രിനിഡാഡ് ടുബാഗോയുടെ കെഷോൺ വാൽകോട്ടിനാണ് ജാവലിൻ ത്രോ സ്വർണം. 87.38 മീറ്റർ ജാവലിൽ എറിഞ്ഞ് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് വെള്ളി നേടി. അമേരിക്കയുടെ കർടിസ് തോംപ്സനാണ് (86.67) വെങ്കലം.
അതേസമയം, 2024 ഒളിമ്പിക്സിൽ 92.97 മീറ്റർ ദൂരം ജാവലിൻ പായിച്ച് സ്വർണം നേടിയ പാകിസ്താന്റെ അർഷാദ് നദീം ഇന്ന് 82.75 മീറ്റർ ദൂരം എറിഞ്ഞ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിമ്പിക്സിൽ അർഷാദിന് പിന്നിൽ 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ അതേ വേദിയിൽ ഇന്ത്യയുടെ നീരജ് മത്സരിക്കാനിറങ്ങുമ്പോൾ രാജ്യം വലിയ പ്രതീക്ഷയിലായിരുന്നു. 2023 ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ്, മെഡൽ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശരാശരി പ്രകടനം പോലും താരത്തിനെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.