65 പ്ലസ് കാറ്റഗറിയിൽ സ്ത്രീകളുടെ വിഭാഗത്തിൽ ഡിസ്ക്ത്രോയിൽ ഒന്നാംസ്ഥാനം നേടിയ സഫിയ ചിറമ്മൽ ഫോട്ടോ - ആഷിഖ് എം.അസീസ്
പാലാ: പട്ടിണി വേട്ടയാടിയ കുഞ്ഞുനാളുകൾ, 14-ാം വയസ്സിൽ വിവാഹം, ചെറുപ്രായത്തിൽ അസുഖം ബാധിച്ച് വിടപറഞ്ഞ കുഞ്ഞോമനകൾ... വിധിയുടെ കരിനിഴൽ തളർത്തിയ സഫിയുമ്മയുടെ ഭൂതകാലത്തിന്‍റെ ഓർമകളാണിവ. കാലം കുതിക്കുന്നതിന് പിന്നാലെ തന്‍റെ വ്യസനങ്ങൾ മറന്ന് ട്രാക്കിൽ സജീവമായതോടെ 68കാരിയായ കണ്ണൂർ ധർമ്മടം സ്വദേശിനി സഫിയ ചിറമ്മലിന്‍റെ ജീവിതം ടോപ്ഗിയറിലായി. സേലത്ത് സ്ഥിരതാമസമാക്കിയ സഫിയ തിരുവനന്തപുരത്തിന് വേണ്ടിയാണ് മത്സരിച്ചത്. 65 പ്ലസ് കാറ്റഗറിയിൽ സ്ത്രീകളുടെ വിഭാഗത്തിൽ ഡിസ്ക്ത്രോയിൽ ഒന്നാംസ്ഥാനവും മൂന്ന് കിലോമീറ്റർ നടത്തത്തിൽ രണ്ടാംസ്ഥാനവും സഫിയ നേടി.
സേലത്ത് മെഡിക്കൽ വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിന്‍റെയും കാന്‍റീനിന്‍റെയും നടത്തിപ്പുകാരിയാണ് സഫിയ. സ്കൂളിൽനിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണത്തിനായി നാലാംക്ലാസ് പൂർത്തിയാക്കിയ സഫിയുമ്മ പത്രങ്ങളിലെയും മറ്റും അക്ഷരങ്ങൾ മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കിയാണ് വായിക്കാൻ പഠിച്ചത്. എണ്ണിപ്പെറുക്കിയാണ് വായിക്കുന്നതെങ്കിലും സഫിയുമ്മ ഏറെ സംസാരപ്രിയയാണ്.
തളിപ്പറമ്പിലെ ഗവ.ഹോമിയോ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സഫിയ തന്‍റെ റിട്ടയർമെന്‍റിന് ശേഷമാണ് വെറ്ററൻസ് അത്ലറ്റിക് മീറ്റുകളിൽ സ്ഥിരസാന്നിധ്യമാകുന്നത്. അന്താരാഷ്ട്രതലത്തിൽ ചൈനയിലെും സിംഗപ്പൂരിലെയും ട്രാക്കുകളിൽ അഞ്ച് കിലോ മീറ്റർ, 10 കിലോമീറ്റർ നടത്ത മത്സരങ്ങളിൽ പങ്കെടുത്ത് തന്‍റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഇവർ. മുഹമ്മദാലിയാണ് ഭർത്താവ്. ഏറെ ദുരിതമനുഭവിച്ച തന്‍റെ മാതാവ് ഇനിയുള്ള കാലങ്ങളിൽ സ്വന്തം ചിറകിൽപറക്കുന്ന കാഴ്ചക്കായി സപ്പോർട്ടുമായി മക്കളും സഫിയുമ്മക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.