ഗ്ലാസ്ഗോ: ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സുബേദാർ സോമൻ റാണ ദേശീയതലത്തിൽ നേട്ടങ്ങൾ കൊയ്ത ബോക്സറുമായിരുന്നു. 2006 ഡിസംബർ ഒന്നിന് ജമ്മു-കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന കുഴിബോംബ് സ്ഫോടനം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിയെഴുതി.
എട്ടാം ഗൂർഖ റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന റാണ സെർച്ച് ഓപറേഷനിടെ അബദ്ധത്തിൽ ബോംബിൽ ചവിട്ടുകയായിരുന്നു. സ്ഫോടനത്തിൽ വലതുകാൽ നഷ്ടമായി. തുടർന്ന് പാര-അത്‌ലറ്റിക്സിലേക്ക് തിരിഞ്ഞ അദ്ദേഹം കോമൺവെൽത്ത് ഗെയിംസ് ഷോട്പുട്ട് എഫ്57 വിഭാഗത്തിൽ സ്വർണം നേടിയാണ് ഒരിക്കൽക്കൂടി രാജ്യത്തിന്റെ അഭിമാനമായത്.
പരിക്കേൽക്കുന്ന സൈനികരെ അന്താരാഷ്ട്ര നിലവാരമുള്ള കായികതാരങ്ങളായി മാറ്റാൻ പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ച ആർമി പാരാലിമ്പിക് നോഡിലൂടെയായിരുന്നു തുടക്കം. യുദ്ധഭൂമിയിലോ അപകടങ്ങളിലോ കൈകാലുകൾ നഷ്ടപ്പെട്ട സൈനികർക്ക് കൃത്രിമ അവയവങ്ങൾ നൽകി പുനരധിവസിപ്പിക്കുകയും അവരിലെ കായിക പ്രതിഭയെ പാരാലിമ്പിക്സ് പോലുള്ള വേദികളിലേക്ക് ഉയർത്തിക്കൊണ്ടുവരുകയും ചെയ്യുന്ന സ്ഥാപനമാണിത്.
2025 ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 14.69 മീറ്റർ എന്ന സീസണിലെ മികച്ച ദൂരത്തോടെ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു റാണ. 2022 ഹാങ്ഷൂ ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളിയും നേടി. ഗ്ലാസ്ഗോയിൽ 13.40 മീറ്റർ എറിഞ്ഞാണ് ബിഹാർ സ്വദേശിയായ 43കാരൻ സുവർണ താരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.