ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; കബഡിയിൽ ഇറാനെ വീഴ്ത്തി വനിതകൾ
നഗോയ: ഏഷ്യൻ ഗെയിംസ് വനിത കബഡിയിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. ഫൈനലിൽ ഇറാനെ 37 - 34 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സ്വർണം നിലനിർത്തിയത്. ഈ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.
നേരത്തെ, ഇന്ത്യ വനിത ക്രിക്കറ്റിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലും സ്വർണം നേടിയിരുന്നു. ക്രിക്കറ്റിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ടീം സ്വർണം ചൂടിയത്. ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡോടെ കമൽജീത് - സുരുചി സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ശക്തമായ പോരാട്ടത്തിനെ മറികടന്നായിരുന്നു ഇവരുടെ സുവർണനേട്ടം.
മത്സരത്തിൽ ഇറാന്റെ ശക്തമായ പോരാട്ടത്തിനെ അതിജീവിച്ചാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. അവസാനഘട്ടത്തിൽ ഇറാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം മികച്ച ടാക്കിളുകൾ നടത്തി വിജയം ഉറപ്പിക്കുകയായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു ദേവിയുടെ പ്രകടനം തന്നെയാണ് ഫൈനലിലും നിർണായക പങ്കുവഹിച്ചത്.
പൂജ, രാജ് റാണി, സൊനാലി വിഷ്ണു ഷിംഗേറ്റ്, പുഷ്പ, ഭാവന ദേവി, ഋതു, സഞ്ജു ദേവി, ഋതു നേഗി, മനീഷ കുമാരി, പിങ്കി റോയ്, ജ്യോതി, നികിത എന്നിവരാണ് സ്വർണം നേടിയ കബഡി ടീമിലുള്ളത്. 2010ൽ വനിതാ കബഡി ടീം ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ചതിനുശേഷമുള്ള ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഇതുവരെ കളിച്ച അഞ്ച് ഏഷ്യൻ ഗെയിംസ് ഫൈനലുകളിൽ 2018ൽ ഇറാന് മുന്നിൽ മാത്രമാണ് ഇന്ത്യൻ ടീമിന് കാലിടറിയത്.
അതേസമയം, ഏഷ്യൻ ഗെയിംസ് കബഡി പുരുഷ വിഭാഗത്തിലും ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫൈനലിൽ ഇറാൻ തന്നെയാണ് പുരുഷ ടീമിന്റെയും എതിരാളികൾ.
ഈ സ്വർണ്ണ നേട്ടത്തോടെ ടൂർണമെന്റിലെ ഇന്ത്യയുടെ മെഡൽ നേട്ടം 27 ആയി ഉയർന്നു. മൂന്ന് സ്വർണ്ണവും 11 വെള്ളിയും 13 വെങ്കലവുമാണ് ടീമിനുള്ളത്. നിലവിൽ ഇന്ത്യ പോയിൻ്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.