ഏഷ്യൻ ഗെയിംസ്: ദക്ഷിണ കൊറിയയെയും വീഴ്ത്തി; പുരുഷ ഹോക്കിയിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ
നഗോയ: ഏഷ്യൻ ഗെയിംസിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഗിഫു പ്രിഫെക്ചറൽ ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ കൊറിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ മാർജിനാണിത്. വിജയത്തോടെ ഇന്ത്യയ്ക്ക് കൊറിയക്ക് മേലുള്ള തങ്ങളുടെ ഏഴ് വർഷത്തെ അപരാജിത സ്ട്രീക്ക് നിലനിർത്താൻ സാധിച്ചു.
മികച്ച തുടക്കത്തോടെയാണ് ഇന്ത്യ ആദ്യ പകുതി തുടങ്ങിയത്. കൊറിയൻ പ്രതിരോധത്തെ ഭേദിച്ച് ആദ്യ 15 മിനിറ്റിനുള്ളിൽ ഇന്ത്യ നാല് ഗോളുകൾ നേടിയിരുന്നു. രണ്ടാം ക്വാർട്ടറിലും ഇന്ത്യ തങ്ങളുടെ ആധിപത്യം തുടർന്നു. രണ്ടാം പകുതിയിൽ മാത്രമാണ് ദക്ഷിണ കൊറിയക്ക് സ്കോർ ഷീറ്റിൽ ഇടം പിടിക്കാൻ സാധിച്ചത്. അവസാന ഘട്ടങ്ങളിൽ ആക്രമണ താളം നിലനിർത്താൻ ഇന്ത്യ പാടുപെട്ടെങ്കിലും ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യക്കായി ദിൽപ്രീത് സിങ്ങും അഭിഷേകും രണ്ട് ഗോളുകൾ വീതം നേടി. സുഖ്ജീത് സിങ്, ഹർമൻപ്രീത് സിങ്, രജീന്ദർ സിങ്, ശിലാനന്ദ് ലക്ര എന്നിവരായിരുന്നു മറ്റ് ഗോൾ സ്കോറർമാർ. ദക്ഷിണ കൊറിയയ്ക്കായി കിം ജെഹോയും കിം യോങ്‌ബോക്കും ആശ്വാസ ഗോളുകൾ സ്വന്തമാക്കി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി ഇന്ത്യ പൂൾ എയിൽ ഒന്നാമതെത്തി. നേരത്തെ ഇന്ത്യ ഇന്തോനേഷ്യയെ 13-1 നും ശ്രീലങ്കയെ 16-1 നും തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ കളിച്ച ദക്ഷിണ കൊറിയ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റുള്ള ജപ്പാനും വ്യാഴാഴ്ച ഇന്തോനേഷ്യയെ നേരിടും.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി മലേഷ്യ നിലവിൽ പൂൾ ബിയിൽ ഒന്നാമതാണ്. പാകിസ്താനും ചൈനയും ആറ് പോയിൻ്റുകൾ വീതം നേടി തൊട്ടുപിന്നിലുണ്ട്. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ശനിയാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓരോ പൂളിൽ നിന്നും മികച്ച രണ്ട് ടീമുകൾ പുരുഷ ഹോക്കി മത്സരത്തിൻ്റെ സെമിഫൈനലിലേക്ക് മുന്നേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.