സ്കൂൾ കായികമേള അത്‍ലറ്റിക്സിൽ ജേതാക്കളായ മലപ്പുറം ജില്ലാ ടീം

സ്കൂൾ കായിക മേള അത്‍ലറ്റിക്സ്: ഐഡിയൽ കുതിച്ചു; ട്രാക്കും ഫീൽഡും വാണ് മലപ്പുറം

തിരുവനന്തപുരം: ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങിയ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ശക്തമായ പോരാട്ടം നടന്ന അത്‌ലറ്റിക്‌സില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി മലപ്പുറം.

തുടക്കം മുതല്‍ അവസാന ദിനം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മലപ്പുറം തുടര്‍ച്ചായ രണ്ടാം തവണയും ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു. ആദ്യ നാലു ദിനങ്ങളിലും മുന്നിട്ടുനിന്ന പാലക്കാട് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളികളെയെല്ലാം മറികടന്നാണ് മലപ്പുറം മുന്നിലെത്തിയത്. ആകെയുള്ള 96 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 19 സ്വര്‍ണവും 26 വെള്ളിയും 22 വെങ്കലവുമായി ചാമ്പ്യന്മാർ 195 പോയിന്റ് നേടി.

കഴിഞ്ഞവര്‍ഷം 22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവും അക്കൗണ്ടിലാക്കി 247 പോയിന്റ് നേടിയാണ് മലപ്പുറം ആദ്യമായി ജില്ലാ സ്‌കൂള്‍ മീറ്റില്‍ ഓവറോള്‍പട്ടം സ്വന്തമാക്കുന്നത്.

ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി(78), നവാമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായ(57), കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍(32) എന്നിവരാണ് ജില്ലക്കായി കാര്യമായി സംഭാവന ചെയ്തത്. മലപ്പുറത്തെ 13 സ്‌കൂളുകള്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. എട്ടു സ്വര്‍ണവും പത്ത് വെള്ളിയും എട്ടു വെങ്കലവും നേടിയ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി തന്നെയാണ് മലപ്പുറത്തിന്റെ കുന്തമുന. ആറു സ്വര്‍ണവും ഏഴ് വെള്ളിയും ആറു വെങ്കലവും നേടിയ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ നവാമുകുന്ദ എച്ച്.എസ്.എസ് തിരുവന്നാവായ, നാലു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂര്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയ എസ്.എം.എം.എച്ച്.എസ്.എസ് രായിരിമംഗലം ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ എസ്.എസ്.എച്ച്.എസ്.എസ് മൂര്‍ക്കനാട് എന്നിവരും മലപ്പുറത്തിന് കരുത്ത് പകർന്നു.

വിജയത്തിന്റെ ഐഡിയോളജി; നാലാം തവണയും ഐഡിയൽ കടകശ്ശേരി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ നാലാം തവണയും സ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻമാരായി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ.

എട്ട് സ്വർണവും 10 വെള്ളിയും എട്ടു വെങ്കലവുമായി 78 പോയിന്റോടെയാണ് ഐഡിയല്‍ ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിട്ടത്. 50 കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. 24 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും. കഴിഞ്ഞ തവണ എട്ട് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 80 പോയിന്റ് നേടിയിരുന്നു.

സബ്ജൂനിയര്‍ ബോയ്‌സ് 600 മീറ്റര്‍, സബ്ജൂനിയര്‍ ബോയ്‌സ് ഹൈജംപ്, സബ് ജൂനിയര്‍ ബോയ്‌സ് ലോംങ് ജംപ്, ജൂനിയര്‍ ഗേള്‍സ് ജാവലിന്‍, ജൂനിയര്‍ ഗേള്‍സ് ഹൈജംപ്, സീനിയര്‍ബോയ്‌സ് ജാവലിന്‍, സീനിയര്‍ ബോയ്‌സ് അഞ്ച് കിലോമീറ്റര്‍ നടത്തം, സീനിയര്‍ ബോയ്‌സ് ഡിസ്‌കസ് എന്നീ ഇനങ്ങളിലാണ് ഐഡിയല്‍ സ്വര്‍ണം നേടിയത്. സീനിയര്‍ ബോയ്‌സ് ഹമാർത്രോ, ജൂനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ട്, സബ്്ജൂനിയര്‍ബോയ്‌സ് ഹൈംജംപ്, ജൂനിയര്‍ ബോയ്‌സ് 110 ഹര്‍ഡില്‍സ്, ജൂനിയര്‍ ഗേള്‍ ട്രിപ്പിള്‍ ജംപ്, ജൂനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ട്, സീനിയര്‍ ബോയ്‌സ് ഷോട്ട്്പുട്ട്, സീനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ ജംപ്, സീനിയര്‍ ഗേള്‍സ് ലോംങ് ജംപ്, സീനിയര്‍ ഗേള്‍സ് ഹൈജംപ് എന്നീ ഇനങ്ങളില്‍ വെള്ളിയും സബ്ജൂനിയര്‍ ബോയ്‌സ് ലോംഗ് ജംപ്, ജൂനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ട്, സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ട്, സീനിയര്‍ ബോയ്‌സ് 100 മീറ്റര്‍, സീനിയര്‍ ബോയ്‌സ് 110 മീറ്റര്‍ ഹര്‍ഡില്‍സ്, സീനിയര്‍ ബോയ്‌സ് ലോംഗ് ജംപ്, സീനിയര്‍ ഗേള്‍സ് ഹൈംജംപ്, 3സീനിയര്‍ ഗേള്‍സ് 100 ഹര്‍ഡില്‍സ് എന്നിവയില്‍ വെങ്കലവും നേടി.

ഇത്തവണ ഐഡിയലിന് വെല്ലുവിളി ഉയര്‍ത്തിയത് പാലക്കാടിന്റെ വടവന്നൂര്‍ വി.എം.എച്ച്.എസായിരുന്നു. എട്ടു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവും നേടിയ സ്‌കൂള്‍ 58 പോയിന്റും കരസ്ഥമാക്കി രണ്ടാംസ്ഥാനത്തെത്തി. സ്പ്രിന്റ് ഇനങ്ങളിലായിരുന്നു ടീമിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തിന് ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ നവാമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാമതായി. സ്പ്രിന്റ് ഇനങ്ങളില്‍ ശക്തമായ മത്സരം വന്നതാണ് സ്‌കൂളിന് വിനയായത്. ആറു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 57 പോയിന്റോടെയാണ് ടീം മുന്നാമതായത്. കോഴിക്കോട് സെന്റ് ജോസഫ് പുല്ലൂരാംപാറ(39), പാലക്കാട് എച്ച്.എസ് മുണ്ടൂര്‍(35), മലപ്പുറം കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂര്‍(32)എറണാംകുളം മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം(28) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Tags:    
News Summary - school sports athletics: Malappuram wins champions trophy, Ideal EHSS in school category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.