പൊന്നാ...നീ; 100 മീറ്ററിൽ വെള്ളിയുമായി മുഹമ്മദ് ബാസിൽ

പൊന്നാനി: പിറവിയിലേ മുട്ടിനു താഴെയില്ലാത്ത വലതു കൈയുടെ കരുത്തിനെ കാലുകളിലേക്ക് ആവാഹിച്ച് കുതിച്ച പൊന്നാനിക്കാരൻ മുഹമ്മദ് ബാസിൽ വെട്ടിപ്പിടിച്ചത് ചരിത്ര വെള്ളി. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ 10.83 സെക്കൻഡ് എന്ന മിന്നൽ വേഗവുമായാണ് പൊന്നാനി പള്ളപ്രം കളത്തിങ്കല്‍ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകൻ മുഹമ്മദ് ബാസിൽ ഇന്ത്യയുടെ വെള്ളിത്താരമായി മാറിയത്.

കൈക്ക് പരിമിതിയുള്ളവരുടെ മത്സര വിഭാഗമായ ടി47നിൽ ആഫ്രിക്കയുടെയും ആസ്ട്രേലിയയുടെയും താരങ്ങളെ പിന്തള്ളിയായിരുന്നു മലയാളി താരത്തിന്റെ വെള്ളിനേട്ടം. 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രക്കാരൻ ദിലീപ് മഹാദുവിനാണ് സ്വർണം. കേരളത്തിൽനിന്ന് ബാസിൽ മാത്രമാണ് ഗ്ലാസ്ഗോ പാരാ അത്‍ലറ്റിക്സിൽ പങ്കെടുത്ത മലയാളി. നേരത്തെ പരീസിൽ നടന്ന വേള്‍ഡ് പാരാ അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രിക്‌സ് ഹാന്‍ഡി സ്‌പോര്‍ട്ട് ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയർ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ ബാസിൽ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിലും ഡല്‍ഹിയിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായി. 2022ൽ ഗുജറാത്തിൽ നടന്ന പാരാ അത്‍ലറ്റിക് ദേശീയ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ ജനറൽ വിഭാഗത്തിൽ ഒന്നാമതെത്തിയിട്ടുണ്ട്.

ചെറവല്ലൂർ ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ കായികാധ്യാപകനായ കെ.വി. അനസാണ് ബാസിലിന്റെ പരിശീലകൻ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഫുട്‌ബാള്‍ കളിക്കുന്നതിനിടെയാണ് ബാസിലിന്റെ ഓട്ടം അനസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫുട്‌ബാളിനേക്കാള്‍ ബാസില്‍ കുതിക്കുക ഓട്ടത്തിലാണെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ ഒപ്പം കൂട്ടി മികച്ച പരിശീലനവും പ്രചോദനവും നൽകി. ഗ്ലാസ്ഗോയിലെ തന്റെ വെള്ളി മെഡൽ നേട്ടം മതാപിതാക്കൾക്കും, അംഗപരിമിതിയുള്ള രണ്ട് സഹോദരങ്ങൾക്കും കോച്ചിനും സമ്മാനിക്കുകയാണ് അനസ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. തിരുവനന്തപുരം സായിയിലാണ് നിലവിൽ പരിശീലനം.

Tags:    
News Summary - Muhammed Basil Wins Silver in 100m at Glasgow Commonwealth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.