കാവി വിവാദത്തിനൊടുവിൽ മാറ്റം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വീണ്ടും നീലക്കുപ്പായമണിയും: ഹോക്കി ഇന്ത്യ
ഹോക്കി ലോകകപ്പിലെ 'കാവി ജേഴ്സി' വിവാദങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ ഹോക്കി ടീം പരമ്പരാഗത നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന 2026 ജപ്പാൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ നീല ജേഴ്സിയിലാകും കളത്തിലിറങ്ങുകയെന്ന് ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടന്ന ലോകകപ്പിലാണ് ഇന്ത്യൻ ടീമിന്റെ പ്രാഥമിക കിറ്റിന്റെ നിറം നീലയിൽ നിന്ന് കാവിയാക്കി മാറ്റിയത്. നീല ടർഫുകളിൽ കളിക്കുമ്പോഴുള്ള കാഴ്ചാ വ്യക്തത മുൻനിർത്തി സാങ്കേതികപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്നായിരുന്നു ജൂലൈ 27-ന് ഹോക്കി ഇന്ത്യ നൽകിയ വിശദീകരണം. ഏഷ്യൻ ഗെയിംസിലും ഇത് തുടരാനായിരുന്നു ആദ്യ ധാരണ.
എന്നാൽ, തീരുമാനത്തിനെതിരെ കായികലോകത്തുനിന്ന് വലിയ പ്രതിഷേധമുയർന്നു. ധൻരാജ് പിള്ള, വീരൻ രസ്ക്വിന, അജിത് പാൽ സിങ്, വാസുദേവൻ ഭാസ്കരൻ, പർഗത് സിങ് തുടങ്ങിയ മുൻ ക്യാപ്റ്റന്മാർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തി. കൂടാതെ ഹോക്കി ഇന്ത്യയ്ക്കുള്ളിലും ഇത് കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചു. എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്റ് എന്ന നിലയിൽ തന്റെ മുൻകൂർ അനുമതിയില്ലാതെയുമാണ് നിറം മാറ്റിയതെന്ന് ദിലീപ് തിർക്കി തുറന്നടിച്ചു. അതേസമയം, ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം അറിവുണ്ടായിരുന്നുവെന്ന് ജനറൽ സെക്രട്ടറി ഭോലാ നാഥ് സിങ് പ്രതികരിച്ചതോടെ തർക്കം രൂക്ഷമായി.
വിവാദങ്ങൾ ശക്തമായതോടെ ഏഷ്യൻ ഗെയിംസിനുള്ള ടീമിന്റെ പുറപ്പെടലിന് തൊട്ടുമുമ്പ് ഹോക്കി ഇന്ത്യ നിലപാട് മാറ്റുകയായിരുന്നു. ഒന്നാം മുൻഗണനയായി നീല നിറവും രണ്ടാം മുൻഗണനയായി കാവിയും ഉൾപ്പെടുത്തിയുള്ള കിറ്റ് വിവരങ്ങളാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ) കൈമാറിയതെന്ന് ഹോക്കി ഇന്ത്യ ട്രഷറർ ശേഖർ മനോഹരൻ വ്യക്തമാക്കി.
കാവി ജേഴ്സിയിൽ ലോകകപ്പിലിറങ്ങിയ പുരുഷ ടീമിന് നിരാശാജനകമായ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. എന്നാൽ വനിതാ ടീം അഞ്ചാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നതോടെ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ പുരുഷ ടീം അഞ്ചാം ഏഷ്യൻ ഗെയിംസ് കിരീടമാണ് ലക്ഷ്യമിടുന്നത്. 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വർണപ്പീഠത്തിൽ തിരിച്ചെത്തുകയാണ് വനിതാ ടീമിന്റെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.