ജഴ്സി വിവാദം; ഡയറക്ടർ ജനറലിനെ നീക്കി ഹോക്കി ഇന്ത്യ
ന്യൂഡൽഹി: ജഴ്സി നിറം മാറ്റം സംബന്ധിച്ച വിവാദങ്ങളിൽ നടപടിയുമായി ഹോക്കി ഇന്ത്യ. സംഘടനയുടെ ഡയറക്ടർ ജനറലായ കമാൻഡർ ആർ.കെ. ശ്രീവാസ്തവയെ എല്ലാ ഔദ്യോഗിക ചുമതലകളിൽനിന്നും അടിയന്തരമായി നീക്കുകയും കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത്. പ്രസിഡന്റോ എക്സിക്യൂട്ടിവ് കമ്മിറ്റിയോ അറിയാതെ, മുൻകൂർ അനുമതിയില്ലാതെയാണ് ജഴ്സി നീലയിൽനിന്ന് ഓറഞ്ച് നിറത്തിലേക്ക് മാറ്റിയതും അത് പരസ്യമായി പുറത്തിറക്കിയതും എന്ന് ഇതിൽ ആരോപിക്കുന്നു.
ജഴ്സി വിവാദത്തിന് പുറമെ മറ്റ് ഏഴ് ആരോപണങ്ങളും ശ്രീവാസ്തവക്കെതിരെയുണ്ട്. ഹോക്കി ഇന്ത്യ ലീഗിന്റെ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് തുടരാൻ പ്രസിഡന്റ് നിർദേശിച്ചിരുന്നെങ്കിലും അത് ലംഘിച്ച് അദ്ദേഹം ലോകകപ്പ് വേദികളിലേക്ക് യാത്ര ചെയ്തു, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനുമായും ഏഷ്യൻ ഹോക്കി ഫെഡറേഷനുമായുള്ള ആശയവിനിമയങ്ങൾ അറിയിച്ചില്ല, കളിക്കാരുടെ പെരുമാറ്റദൂഷ്യമുൾപ്പെടെ പരാതികളുടെ രേഖകൾ ലഭ്യമാക്കാതിരിക്കൽ എന്നിവയും ഇതിൽപ്പെടും. രേഖാമൂലം മറുപടി നൽകാൻ ശ്രീവാസ്തവക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ ഹോക്കി ഇന്ത്യയുടെ ഒരുവിധത്തിലുള്ള ഭരണപരമോ സാമ്പത്തികമോ ആയ കാര്യങ്ങളിലും ഇടപെടാൻ അനുമതിയുണ്ടായിരിക്കില്ല. അതേസമയം, ഹോക്കി ഇന്ത്യ സെക്രട്ടറി ജനറലായ ഭോലാനാഥ് സിങ് ഈ നോട്ടീസ് എക്സിക്യൂട്ടിവ് ബോർഡ് അംഗീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടതോടെ സംഘടനക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.