എസ്.ആർ. രോഹൻ, അണ്ടർ 18, 200 മീറ്റർ, ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ, എറണാകുളം

ജൂനിയർ അത്ലറ്റിക്സ് മീറ്റ്: പേമാരിയായി പാലക്കാടൻ കുതിപ്പ്; രണ്ടാം ദിനം നാല് മീറ്റ് റെക്കോഡുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ആവേശം പെയ്തിറങ്ങിയ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ രണ്ടാം ദിനവും പാലക്കാടിന്റെ കുതിപ്പ്. കോരിച്ചൊരിഞ്ഞ മഴയെ വെല്ലുന്ന ഇടിവെട്ട് പ്രകടനവുമായാണ് താരങ്ങൾ ട്രാക്കിലും ഫീൽഡിലും കായിക മാമാങ്കം തീർക്കുന്നത്. മീറ്റിൽ 90 ഫൈനലുകൾ പിന്നിട്ടപ്പോൾ 342 പോയന്റുമായാണ് പാലക്കാട് അതിവേഗം മുന്നേറുന്നത്. 253 പോയന്റോടെ എറണാകുളം രണ്ടാമതും 207 പോയന്റോടെ ആതിഥേയരായ മലപ്പുറം മൂന്നാമതുമുണ്ട്.

20 സ്വർണവും 15 വെള്ളിയുമാണ് പാലക്കാട് ഇതുവരെ നേടിയത്. എറണാകുളം 14 സ്വർണവും മലപ്പുറം ഒമ്പത് സ്വർണവും സ്വന്തമാക്കി. രണ്ടാം ദിനം നാല് മീറ്റ് റെക്കോഡുകളാണ് പിറന്നത്. അണ്ടർ 18 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ കെ.സി. സർവനാണ് രണ്ടാം ദിനം മീറ്റ് റെക്കോഡിന് തുടക്കമിട്ടത്. 2016ൽ എറണാകുളത്തിന്റെ അഭിജിത്ത് റോജിഷ് നായർ കുറിച്ച 17.17 മീറ്റർ ദൂരമാണ് സർവൻ എറിഞ്ഞുടച്ചത്. 17.88 മീറ്ററാണ് സർവൻ കണ്ടെത്തിയ ദൂരം.

തൊട്ടുപിന്നാലെ അണ്ടർ 18 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ തന്നെ വി.എസ്. അനുപ്രിയയും മീറ്റ് റെക്കോഡിട്ടു. 2022ൽ സ്വന്തം പേരിലുള്ള 15.49 മീറ്റർ ദൂരമാണ് അനുപ്രിയ പുതിക്കിയത്. അണ്ടർ 18 പെൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപിൽചേസിൽ എറണാകുളത്തിന്റെ സി.ആർ. നിത്യ പുതിയ സമയം കുറിച്ചു. ഏഴ് മിനിറ്റ് 31 സെക്കൻഡിലാണ് നിത്യ മത്സരം പൂർത്തീകരിച്ചത്. 2017ലെ പാലക്കാടിന്റെ ജി. ഗായത്രിയുടെ റെക്കോഡാണ് പഴങ്കഥയായത്.

അണ്ടർ 14 പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ 52.28 സെക്കൻഡിൽ ഫിനിഷ് ചെയ്ത കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി മീറ്റ് റെക്കോഡിട്ടു. അണ്ടർ 20 വിഭാഗം 4x100 മീറ്റർ മിക്സഡ് റിലേയിൽ തിരുവനന്തപുരത്തിനാണ് മീറ്റ് റോക്കോഡോടെ സ്വർണം. 2022ൽ എറണാകുളം ടീം ഓടിയെടുത്ത റെക്കോഡാണ് തിരുവനന്തപുരം പുതുക്കിയത്. സമാപന ദിവസമായ തിങ്കളാഴ്ച 38 ഫൈനലുകൾ നടക്കും. പാലക്കാട് ജില്ലയാണ് ജൂനിയർ മീറ്റിലെ നിലവിലെ ജേതാക്കൾ.

Tags:    
News Summary - Junior Athletics Meet: Palakkadan surges; Four meet records on day two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.