'അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹമില്ല'; ഡാനിഷ് ഓപൺ വിജയത്തിന് പിന്നാലെ മാധവന്റെ മകൻ വേദാന്ത്

മുംബൈ: അടുത്തിടെ കോപ്പൻഹേഗനിൽ സമാപിച്ച ഡാനിഷ് ഓപൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടി നടൻ ആർ. മാധവന്റെ മകൻ വേദാന്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. പോഡിയത്തിൽ മകൻ മെഡൽ സ്വീകരിക്കുന്നതിന്റെ വിഡിയോ മാധവൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ആർ. മാധവന്റെ മകൻ എ​ന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്നും സ്വന്തം നിലയിൽ പേരെടുക്കണമെന്നാണ് താൽപര്യമെന്നും വ്യക്തമാക്കുകയാണ് വേദാന്ത് ഇപ്പോൾ. പിതാവിന്റെ നിഴലിൽ ജീവിക്കാൻ താൽപര്യമില്ലെന്നും വേദാന്ത് തുറന്നുപറഞ്ഞു.

'അച്ഛന്റെ നിഴലിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തമായി പേര് സമ്പാദിക്കാൻ ഞാൻ താൽപര്യപ്പെടുന്നു. വെറും ആർ. മാധവന്റെ മകനാകാൻ ആഗ്രഹമില്ല'- വേദാന്ത് ഡി.ഡി ഇന്ത്യയോട് പറഞ്ഞു. വേദാന്തിന്റെ പരിശീലനത്തിനും മറ്റുമായി ദുബൈയിലേക്ക് താമസം മാറിയ മാതാപിതാക്കളുടെ ത്യാഗങ്ങളെയും വേദാന്ത് അനുസ്മരിച്ചു. വേദാന്തിന്റെ ഒളിമ്പിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് മാധവനും കുടുംബവും ദുബൈയിലേക്ക് താമസം മാറിയത്.

8:17:28 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് 800 മീ. നീന്തലിൽ വേദാന്ത് സ്വർണം നേടിയത്. വെള്ളി നേടിയ സമയത്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വേദാന്തിന്റെ പരിശീലകന് മാധവൻ നന്ദി അറിയിച്ചിരുന്നു.

'റോക്കറ്റ്റി: ദ നമ്പി എഫക്ട്' എന്നതാണ് മാധവ​ന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മാധവൻ സംവിധായക കുപ്പായമണിയുന്ന ആദ്യ ചിത്രം കൂടിയാണിത്. ​ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒയിലെ ഏറോസ്പേസ് എൻജിനിയറുമായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്.

Tags:    
News Summary - 'didn’t want to live under dad’s shadow' R Madhavan’s son Vedaant says after winning at Danish Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.