വ​നി​ത കോ​മ്പൗ​ണ്ടി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീം

ചരിത്രത്തിലേക്ക് അമ്പെയ്ത് ഇന്ത്യയുടെ മെഡൽവേട്ട; ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഒന്നാമത്

ബർലിൻ: നൂറ്റാണ്ടിനോടടുക്കുന്ന അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായി മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യ. 81 രാജ്യങ്ങളിൽനിന്നായി 531 അമ്പെയ്ത്തുകാർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണവും ഒരു വെള്ളിയുമാണ് നേടിയത്. വനിത വ്യക്തിഗത, ടീം കോമ്പൗണ്ടിലും പുരുഷ വ്യക്തിഗത കോമ്പൗണ്ടിലുമായിരുന്നു ഒന്നാം സ്ഥാനം. വനിത വ്യക്തിഗത ഇനത്തിൽ വെള്ളിയും ലഭിച്ചു. ഇന്ത്യക്ക് അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം ലഭിക്കുന്നതു പോലും ആദ്യമാണ്. 52ാം ലോകകപ്പാണ് കഴിഞ്ഞ ദിവസം ബർലിനിൽ സമാപിച്ചത്.

12 താരങ്ങൾ ഇന്ത്യയെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു. വനിത ടീം കോമ്പൗണ്ടിൽ ഒന്നാമതെത്തിയാണ് മെഡൽവേട്ട തുടങ്ങിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ അമ്പെയ്ത്ത് സ്വർണം പർണീത് കൗറും അദിതി ഗോപിചന്ദ് സ്വാമിയും ജ്യോതി സുരേഖ വെന്നവും ചേർന്ന് നേടി. പിന്നാലെ അദിതി വ്യക്തിഗത ഇനത്തിലും പൊന്നണിഞ്ഞപ്പോൾ അത് മറ്റൊരു നാഴികക്കല്ലായി. അമ്പെയ്ത്ത് ലോക ചാമ്പ്യനാവുന്ന പ്രായംകുറഞ്ഞ താരം എന്ന റെക്കോഡാണ് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണത്തോടൊപ്പം 17കാരി എയ്തിട്ടത്.

സുരേഖ വെങ്കലവും സ്വന്തമാക്കി. പുരുഷ കോമ്പൗണ്ടിൽ ഓജസ് പ്രവീൺ ദിയോടേലും ചാമ്പ്യനായി. രണ്ടു സ്വർണവും ഒരു വെങ്കലവും നേടി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തേക്കു പോയി. 2021ൽ അഞ്ചു സ്വർണമടക്കം ഏഴു മെഡലുമായി ഒന്നാമതായിരുന്നു കൊറിയക്കാർ. അന്ന് ഇന്ത്യക്കു ലഭിച്ചത് മൂന്നു വെള്ളിയും മെഡൽപ്പട്ടികയിൽ അഞ്ചാം സ്ഥാനവും.

Tags:    
News Summary - Archery India's medal chase into history; 1st in World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.