അബ്ദുല്ല അബൂബക്കറിന്റെ വീട്ടിൽ കുടുംബാംഗങ്ങളുടെ ആഹ്ലാദം

മെഡലാഹ്ലാദത്തിൽ അബ്ദുല്ലയുടെ ജാതിയേരി

നാദാപുരം: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്ൾ ജംപിൽ വെള്ളി മെഡൽ നേടിയ അബ്ദുല്ല അബൂബക്കറിന്റെ ജന്മസ്ഥലമായ കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയിലും നാട്ടുകാർ അത്യാഹ്ലാദത്തിൽ. മത്സരം നടക്കുന്ന സമയത്തുതന്നെ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ വീട്ടിൽ തടിച്ചുകൂടിയിരുന്നു. വീട്ടിലെ ടി.വി കേടായതിനാൽ മത്സരം കാണാനുള്ള അവസരം കുടുംബത്തിന് ലഭിച്ചില്ല. അന്തിമ മത്സരഫലം വന്നതോടെ നാട്ടുകാർ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവെച്ചു. പരിശീലനം നടത്താൻ പ്രാഥമിക സൗകര്യംപോലുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് അബ്ദുല്ലയുടെ മെഡൽ നേട്ടത്തിലേക്കുള്ള പ്രയാണം. ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ സ്വർണം നേടിയാണ് ലോക മീറ്റിന് യോഗ്യത നേടിയത്.

വാണിമേൽ എം.യു.പി സ്കൂളിലെ കായികാധ്യാപകനായ വാണിമേൽ കവൂർ അലിയാണ് കായികമേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. 100 മീറ്റർ ഓട്ടത്തിലായിരുന്നു തുടക്കം. സ്പോർട്സിൽ ശ്രദ്ധയൂന്നാനായി പത്താംക്ലാസിൽ പാലക്കാട് കല്ലടി സ്കൂളിലേക്കു മാറി. അവിടെനിന്ന് ട്രിപ്ൾ ജംപിലേക്കു തിരിഞ്ഞു. 96 ശതമാനം മാർക്കോടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയശേഷം എറണാകുളത്ത് ബിരുദപഠനത്തിനു ചേർന്നു. ആ കാലഘട്ടത്തിൽ മലേഷ്യയിൽ നടന്ന സ്കൂൾ ഏഷ്യ മത്സരത്തിൽ സ്വർണമെഡൽ ലഭിച്ചു. ബ്രസീലിൽ നടന്ന സ്കൂൾ വേൾഡിൽ ഏഴാം സ്ഥാനവും ലഭിച്ചു.

ഡിഗ്രിക്കു പഠിക്കുമ്പോൾ ജൂനിയർ നാഷനൽ, ജൂനിയർ ഫെഡറേഷൻ എന്നീ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടി. നാഷനൽ മീറ്റിൽ വെള്ളി മെഡലും നേടി. 2021ലെ ഫെഡറേഷൻ മീറ്റിൽ കേരളത്തിനുവേണ്ടി മിന്നുംപ്രകടനം നടത്തി. 17.19 മീറ്ററാണ് അന്ന് ചാടിയത്. അബൂദബിയിലെ കഫറ്റീരിയയിൽ ജോലിക്കാരനായ നാരങ്ങോളി അബൂബക്കറാണ് പിതാവ്. മാതാവ്: സാറ. മുഹമ്മദും സഫയുമാണ് സഹോദരങ്ങൾ. എയർഫോഴ്സിലെ കോച്ച് ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയിരുന്നത്. സ്വർണം പ്രതീക്ഷിച്ചിരുന്നുവെന്നും ഒന്നാം സ്ഥാനത്തെത്തിയത് എൽദോസ് പോൾ തന്നെയായതിനാൽ സന്തോഷമുണ്ടെന്നും പിതാവ് അബൂബക്കർ പ്രതികരിച്ചു.

Tags:    
News Summary - Abdullah's home town in the medal celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.