തിരുവനന്തപുരം: തിരമാലയോളം തലപ്പൊക്കവുമായി എത്തിയ കോവളം എഫ്.സിക്കെതിരെ കേരള പൊലീസിന്റെ ഗോൾ പീരങ്കി. എലൈറ്റ് ഡിവിഷനിലെ ഉദ്ഘാടനമത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് കോവളം എഫ്.സിയെ പൊലീസ് തറപറ്റിച്ചത്. പൊലീസിനായി ബേബിൾ രണ്ടും ശ്രീരാജ്, ജിംഷാദ് എന്നിവർ ഓരോ ഗോളും നേടി. ഷാഹിന്റെ വകയായിരുന്നു കോവളത്തിന്റെ ആശ്വാസഗോൾ.
ഉദ്ഘാടനമത്സരത്തിൽ ആദ്യ വിസിലുമുതൽ കോവളമായിരുന്നു ആക്രമണത്തിൽ മുന്നിൽ. പന്തുമായി ഇരച്ചുകയറിയ കോവളത്തെ പിടിച്ചുകെട്ടാൻ പൊലീസിന്റെ പ്രതിരോധനിര നന്നായി വിയർത്തു. എട്ടാം മിനിറ്റിൽ മനോഹരമായ ഗോളിലൂടെ ഷാഹിൻ കോവളത്തെ മുന്നിലെത്തിച്ചു.
എന്നാൽ കോവളത്തിന്റെ ആക്രമണത്തിന് അതേ നാണയത്തിൽ പൊലീസ് മറുപടി നൽകി. 15,18 മിനിറ്റുകളിൽ ബേബിളിന്റെ ഇരട്ട ഹെഡറിലൂടെ പൊലീസ് മുന്നിലെത്തി. ഗോൾ ആക്രമണത്തിൽ പകച്ച കോവളം എഫ്.സിക്ക് പിന്നെയൊരു തിരിച്ചുവരവുണ്ടായില്ല. 63ാം മിനിറ്റിൽ ശ്രീരാജും 78ാം മിനിറ്റിൽ ജിംഷാദും ഗോൾവല തുളച്ചതോടെ കോവളം പരാജയം സമ്മതിക്കുകയായിരുന്നു. ബേബിളാണ് കളിയിലെ താരം.
രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ എസ്.ബി.ഐ കേരളയെ കേരള ടൈഗേഴ്സ് പിടിച്ചുകെട്ടി. വാശിയേറിയ മത്സരത്തിൽ ഇരുടീമും ഗോൾ നേടാനാകാതെ സമനിലയിൽ പിരിയുകയായിരുന്നു. ഇരുടീമിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുന്നേറ്റനിരക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ടൈഗേഴ്സിന്റെ ഷയ്ൻഖാൻ കളിയിലെ താരമായി. ഇന്ന് കോവളം എഫ്.സി കേരള ടൈഗേഴ്സിനെയും കേരള പൊലീസ്, ഏജീസ് ഓഫിസിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.