ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ ആഗോള കായിക രംഗത്തെയും വലിയ തോതിൽ ബാധിച്ചു. ഇവിടെ നടക്കേണ്ടിയിരുന്ന പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളും പ്രദർശന മത്സരങ്ങളും സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ടിക്കറ്റ് വിൽപന, പരസ്യം, സ്പോൺസർഷിപ് എന്നിവയിലൂടെ ലഭിക്കേണ്ടിയിരുന്ന വലിയ തുക നഷ്ടമായത് കായിക അസോസിയേഷനുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നിരട്ടിയോളം വർധിച്ചതും സർവിസുകൾ വെട്ടിക്കുറച്ചതും തിരിച്ചടിയായി.
മത്സരങ്ങൾ മാറ്റി
ഇസ്രായേൽ, ഇറാൻ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയിടങ്ങളിലെ ആഭ്യന്തര ലീഗുകൾ നിർത്തിവെച്ചു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളും സ്പെയിൻ-അർജന്റീന ‘ഫൈനലിസിമ’ പോരാട്ടവും അനിശ്ചിതത്വത്തിലാണ്.
യു.എസ് കൂടി ആതിഥേയരായ ഫിഫ ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് ഇറാൻ. ഷാർജ വേദിയാവേണ്ട അഫ്ഗാനിസ്താൻ-ശ്രീലങ്ക പരമ്പരയും ഖത്തറിലെ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പും ഗുജറാത്തിലെ ഗാന്ധി നഗറിൽ സംഘടിപ്പിക്കേണ്ട ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു. വരാനിരിക്കുന്ന ബഹ്‌റൈൻ, സൗദി അറേബ്യ ഫോർമുല വൺ റേസുകളും ആശങ്കയിലാണ്. ദോഹയിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ബോർഡ് യോഗവും മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാൽ യു.എസ് ഹോക്കി ടീം ഈജിപ്തിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പിന്മാറി.
താരങ്ങൾ കുടുങ്ങി
മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ വിമാന സർവിസുകൾ താളംതെറ്റി. ദുബൈ, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യേണ്ടിയിരുന്ന താരങ്ങൾ കുടുങ്ങിപ്പോയി. റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വദേവ്, ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു തുടങ്ങിയ പ്രമുഖർ ദുബൈയിൽ കുടുങ്ങിയതിനെത്തുടർന്ന് പ്രധാന ടൂർണമെന്റുകളിൽ നിന്ന് പിന്മാറേണ്ടി വന്നു. പല വിദേശ താരങ്ങളും മേഖലയിലെ ക്ലബുകൾക്കായി കളിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്‌വെ തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽനിന്ന് പുറത്തായിട്ടും കളിക്കാർക്ക് നാട്ടിലേക്ക് മടങ്ങാനായില്ല. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികാഘാതങ്ങൾ
മേഖലയിലെ വ്യോമപാതകൾ അടച്ചതിനാൽ വിമാനങ്ങൾ ദീർഘദൂര പാതകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി. ഇത് ഇന്ധനച്ചെലവ് വർധിപ്പിക്കുകയും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. കായിക ടീമുകളെയും താരങ്ങളെയും കൊണ്ടുപോകുന്നതിന് കായിക സംഘടനകൾക്ക് വലിയ തുക അധികമായി ചെലവാക്കേണ്ടിവരുന്നു. ടൂർണമെന്റുകൾ മാറ്റിവെച്ചത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ടിക്കറ്റ് വരുമാനം, സ്പോൺസർഷിപ് തുകകൾ, സംപ്രേക്ഷണാവകാശം എന്നിവയിൽ കോടിക്കണക്കിന് ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. സ്പോർട്സ് ഉപകരണങ്ങളും മറ്റും കാർഗോ വഴി എത്തിക്കുന്നത് വൈകുന്നത് ടൂർണമെന്റ് സംഘാടകർക്ക് അധിക ബാധ്യതയുണ്ടാക്കുന്നു.
ടൂറിസം, ഹോട്ടൽ മേഖലകൾക്കും വലിയ തിരിച്ചടിയുണ്ടായി. ആയിരക്കണക്കിന് ആരാധകർ എത്തേണ്ടിയിരുന്ന മത്സരങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു.യുദ്ധസാഹചര്യത്തിൽ, ടൂർണമെന്റുകൾക്കും താരങ്ങൾക്കും നൽകേണ്ടി വരുന്ന ഇൻഷുറൻസ് പ്രീമിയം തുകകൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇത് സംഘാടകർക്ക് വലിയ സാമ്പത്തിക ഭാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.