ഫൈനലിസ്സിമ റദ്ദാക്കുമോ? മെസ്സി-യമാൽ പോരാട്ടം അനിശ്ചിതത്വത്തിൽ, പരിഹരിക്കാനാവാതെ വേദി തർക്കം

ധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും ലമീൻ യമാലും നേരങ്കം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ഫുട്ബാൾ പ്രേമികളെ തേടിയെത്തുന്നത് അത്ര ശുഭകരമായ വാർത്തയല്ല. ഇരുവരും ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ മത്സരം അനിശ്ചിതത്വത്തിന്റെ ഗോൾമുഖത്താണിപ്പോൾ. ലോക ഫുട്ബാളിലെ വൻതോക്കുകളായ അർജന്റീനയും സ്പെയിനും മാറ്റുരക്കുന്ന ഫൈനലിസ്സിമയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഇരുടീമുകൾക്കും ഇതുവരെ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. വേദി ഏതെന്ന കാര്യത്തിൽ അനിശ്ചിത്വം നീളുന്നതിനാൽ മത്സരം മാറ്റിവെക്കാനോ റദ്ദാക്കാനോ ഉള്ള സാധ്യതയാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

കോപ അമേരിക്ക ജേതാക്കളും യൂറോകപ്പ് ജേതാക്കളും തമ്മിലുള്ള ഫൈനലിസ്സിമ മത്സരം, 2022 ലോകകപ്പിലെ ആഘോഷമായ ഫൈനൽ പോരാട്ടം അരങ്ങേറിയ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ​ക്രമീകരിച്ചതായിരുന്നു. മാർച്ച് 27ന് അർജന്റീനയും സ്​പെയിനും ഖത്തറിൽ ഏറ്റുമുട്ടുന്നതിന് തീയതി നിശ്ചയിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഏകപക്ഷീയമായി ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് ഇറാൻ ആക്രമണം ശക്‍തമാക്കി. അതോടെ മത്സരം ഖത്തറിൽനിന്ന് മാറ്റേണ്ടി വരികയായിരുന്നു. പുതിയ വേദി കണ്ടെത്തേണ്ടതായും വന്നു.

വൻകരകളിലെ ഫുട്ബാൾ സംഘാടകരായ യുവേഫയും കോൻമെബോളും സ്പെയിനിൽ റയൽ മഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയമാണ് പകരം വേദിയായി നിർദേശിച്ചത്. സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ റയലുമായി ഇതുസംബന്ധിച്ച് കരാറിലുമെത്തി. എന്നാൽ, മത്സരം സ്പെയിനിൽ നടത്തുമ്പോൾ എതിരാളികൾക്ക് സ്വന്തം തട്ടകമെന്ന ആനുകൂല്യം ഉണ്ടാകുമെന്നത് ചൂണ്ടിക്കാട്ടി അർജന്റീനൻ ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) ഈ നിർദേശം തള്ളി. മത്സരം മഡ്രിഡിൽ നടത്താമെങ്കിൽ എന്തുകൊണ്ട് അർജന്റീനയിൽ ആയിക്കൂടാ എന്ന് അവർ മറുചോദ്യമുന്നയിച്ചു. ബ്യൂണസ് അയേഴ്സിൽ റിവർ പ്ലേറ്റ് ക്ലബിന്റെ എസ്റ്റേഡിയോ മോണുമെന്റലിൽ കളി നടത്താമെന്ന് എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ നിർദേശം മുന്നോട്ടുവെക്കുകയും ചെയ്തു.

മത്സരം പിന്നീടൊരു തീയതിയിലേക്ക് മാറ്റിവയ്ക്കുകയോ മറ്റൊരു യൂറോപ്യൻ നഗരത്തിലേക്ക് മാറ്റുകയോ ചെയ്യുക എന്നതാണ് സംഘാടകർക്ക് മുന്നിലുള്ള വഴികൾ. ലിസ്ബണും റോമും സാധ്യമായ ബദലുകളായി ചർച്ചയിലുണ്ട്. എന്നാൽ, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സ്റ്റേഡിയം മത്സരത്തിനായി ലഭ്യമാക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതിനാൽ, മത്സരം മാറ്റിവെക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, ജൂൺ 11ന് ലോകകപ്പ് തുടങ്ങുമെന്നിരിക്കേ ടീമുകൾ അതിനുള്ള ഒരുക്കങ്ങളിലും തയാറെടുപ്പുകളിലേക്കും കടക്കും. പിന്നീട് ഫൈനലിസ്സിമക്കുവേണ്ടി ബൂട്ടണിയാൻ അവരുടെ പദ്ധതികളിൽ മാറ്റിത്തിരുത്തലുകൾ വേണ്ടിവന്നേക്കുമെന്നിരിക്കെ കളി റദ്ദാക്കാനുള്ള സാധ്യതയും ഇല്ലാതില്ല.


Tags:    
News Summary - The Finalissima 2026 is at great risk of cancellation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.