തിരുവനന്തപുരം: മത്സരങ്ങൾക്ക് പോകുമ്പോഴെല്ലാം കളത്തിനപ്പുറത്ത് അച്ഛൻ സജന്റെ സാന്നിധ്യം സജന തിരിച്ചറിയാറുണ്ടായിരുന്നു. സംസ്ഥാന സ്കുൾ കായികമേളയിൽ ജൂഡോയിൽ ഇന്നലെ എതിരാളിയെ നേരിട്ടപ്പോൾ സജന പരതിയത് ആ അച്ഛന്റെ കണ്ണുകളായിരുന്നു. എന്നാൽ നാല് ദിവസം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിലിരിക്കുന്ന അച്ഛന് മകൾ സംസ്ഥാന ചാമ്പ്യനായത് നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല. അച്ഛന് വയ്യാത്തതിനാൽ അമ്മയും എത്തിയില്ല. എന്നാൽ ജൂഡോയിൽ വഴികാട്ടിയായ ജേഷ്ഠൻ സായൂജ് മത്സരശേഷം സജനയെ വാരിപ്പുണർന്നു. ‘ഈ മെഡൽ എന്റെ അച്ഛനെ അണിയിക്കണം’ -സജന സജൻ മത്സരശേഷം വിതുമ്പലോടെ പറഞ്ഞു.
ജൂനിയർ പെൺകുട്ടികളുടെ 36 കി. വിഭാഗത്തിലാണ് സജന മത്സരിച്ചത്. തൃപ്രയാർ ചായൂർ സ്വദേശിയും പെയിൻറിങ് തൊഴിലാളിയുമായ തേക്കായി സജന്റെയും സ്വപ്നയുടെയും രണ്ടു മക്കളിൽ ഇളയവളാണ് സജന. പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിയായ സജന കഴിഞ്ഞ തവണ ദേശീയതലത്തിൽ വെങ്കലം നേടിയിരുന്നു. മത്സരത്തിനുള്ള പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റെങ്കിലും വകവക്കാതെ സംസ്ഥാന മത്സരത്തിനിറങ്ങുകയായിരുന്നു.
നാലുദിവസം മുമ്പ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനെ കാറിടിച്ച വിവരം മത്സരത്തിനുപോരും വരെ സജനയെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ വിജയസ്വപ്നങ്ങളുമായി തലസ്ഥാനത്തേക്ക് ഒരുങ്ങിയിറങ്ങിയ മകളെ യാത്രയാക്കാൻ അച്ഛൻ ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഹോസ്റ്റലിലെത്തി. തലയിൽ മുറിവ് കെട്ടിയ തന്റെ അച്ഛനെ കണ്ട സജന ചേർത്തുപിടിച്ചു കരഞ്ഞു. ശരീരം കൊണ്ട് മത്സരം കാണാനില്ലെങ്കിലും തെന്റ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവുമെന്ന് ആ അച്ഛൻ മോൾക്ക് ഉറപ്പ് നൽകി. ആ ഉറപ്പിന്റെ കരുത്തിൽ സജന വിജയകിരീടത്തിൽ മുത്തമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.