ബ്രൈറ്റനെതിരെ ആഴ്സനലിന്റെ വിജയ ഗോൾ നേടിയ ബുകായോ സാകയെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന ക്രിസ്റ്റ്യൻ മോസ്ക്വേര

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സനൽ അരികിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആഴ്സനൽ. ബ്രൈറ്റനെ ഒറ്റ ഗോളിന് വീഴ്ത്തിയ ഗണ്ണേഴ്സ് രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയന്റ് വ്യത്യാസം ഏഴാക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റുമായി സിറ്റി 2-2ന്റെ സമനില വഴങ്ങിയതാണ് ആഴ്സനലിന് അനുഗ്രഹമായത്. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അപരാജിത കുതിപ്പിന് തടയിട്ടു ന്യൂകാസിൽ യുനൈറ്റഡ്. മത്സരത്തിന്‍റെ പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിയാണ് ന്യൂകാസിൽ സ്വന്തം ആരാധകർക്കു മുന്നിൽ അവസാന മിനിറ്റിലെ ഗോളിൽ 2-1 എന്ന സ്കോറിന് ജയം കൈപ്പിടിയിലൊതുക്കിയത്. ചെൽസി 4-1ന് ആസ്റ്റൻ വില്ലയെയും തകർത്തു.

ബ്രൈറ്റന്റെ തട്ടകത്തിൽ ഒമ്പതാം മിനിറ്റിൽ ബുകായോ സാകയാണ് ആഴ്സനലിന്റെ വിജയ ഗോൾ നേടിയത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ അന്‍റോയിൻ സെമെന്യോ (31), റോഡ്രി (62) എന്നിവർ സിറ്റിക്കായി സ്കോർ ചെയ്തപ്പോൾ ഗിബ്സ് വൈറ്റ് (56), എല്ലിയറ്റ് ആൻഡേഴ്സൺ (76) എന്നിവർ നോട്ടിങ്ഹാമിനായും വലകുലുക്കി.

മൈക്കൽ കാരിക്ക് പരിശീലക ചുമതലയേറ്റെടുത്തശേഷം യുനൈറ്റഡ് ആദ്യ തോൽവി വഴങ്ങി. ആന്‍റണി ഗോർഡൻ (45+6, പെനാൽറ്റി), പകരക്കാൻ വില്യം ഒസൂല (90) എന്നിവരാണ് ന്യൂകാസിലിനായി വലകുലുക്കിയത്. ബ്രസീൽ താരം കാസെമിറോ യുനൈറ്റഡിനായി ആശ്വാസ ഗോൾ നേടി.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജേക്കബ് റാംസെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരുമായാണ് ബാക്കിയുള്ള സമയം ന്യൂകാസിൽ പൊരുതിയത്. തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ ഗോർഡനെ, ബ്രൂണോ ഫെർണാണ്ടസ് വീഴ്ത്തിയതിന് റഫറി ന്യൂകാസിലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു.

വില്ലക്കെതിരെ ചെൽസിക്കായി ബ്രസീൽ താരം ജാവോ പെഡ്രോ ചെൽസിക്കായി ഹാട്രിക്ക് നേടി. 35, 45+6, 64 മിനിറ്റുകളിലായിരുന്നു ഗോളുകൾ. കോൾ പാമറിന്‍റെ വകയാണ് (55) മറ്റൊരു ഗോൾ. ഡോഗ്ലസ് ലൂയിസാണ് (2) വില്ലയുടെ ഏക ഗോൾ നേടിയത്. ആഴ്സനൽ (67), മാഞ്ചസ്റ്റർ സിറ്റി (60), മാഞ്ചസ്റ്റർ യുനൈറ്റഡ് (51), ആസ്റ്റൻ വില്ല (51), ചെൽസി (48) എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങൾ.

Tags:    
News Summary - Arsenal F.C. Near the English Premier League Crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.