വാഷിങ്ടൺ: അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും ഇന്റർമയാമിയിലെ സഹതാരങ്ങളും വൈറ്റ്ഹൗസിലെത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ചരിത്രത്തിലാദ്യമായി മയാമി മേജർ ലീഗ് സോക്കർ (എം.എൽ.എസ്) കപ്പ് ജേതാക്കളായതിനു പിന്നാലെയാണ് മെസ്സിയുടെയും സംഘത്തിന്‍റെയും വൈറ്റ്ഹൗസ് സന്ദർശനം.
ക്ലബ് സഹ ഉടമയും മുൻ ഇംഗ്ലീഷ് ഫുട്ബാൾ നായകനുമായ ഡേവിഡ് ബെക്കാമിനെയും ടീമിനെയും ട്രംപ് ഔദ്യോഗികമായി വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു. ശനിയാഴ്ച ഡി.സി യുനൈറ്റഡിനെതിരായ എം.എൽ.എസ് മത്സരത്തിനാണ് മയാമി താരങ്ങൾ വാഷിങ്ടണ്ണിലെത്തിയത്. തന്‍റെ മകൻ ബാറൺ മെസ്സിയുടെ വലിയ ആരാധകനാണെന്നും ഏറെ ഇഷ്ടപ്പെടുന്നതായും ട്രംപ് പറഞ്ഞു. മെസ്സിക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ട്രംപ്. 38കാരനായ മെസ്സി കഴിഞ്ഞ ഒക്ടോബറിൽ ഇന്‍റർമയാമിയുമായുള്ള കരാർ 2028 വരെ പുതുക്കിയിരുന്നു. എം.എൽ.എസ് ചരിത്രത്തിൽ തുടർച്ചയായ രണ്ടു സീസണുകളിൽ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം നേടിയ ആദ്യ താരം കൂടിയാണ് മെസ്സി.
എം.എൽ.എസ് ജേതാക്കളാകുന്ന ടീമിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നതും ആദരിക്കുന്നതും പതിവാണ്. ഇന്‍റർമയാമിയുടെ ജഴ്സിയും താരങ്ങൾ ഒപ്പിട്ട പന്തും ട്രംപിന് സമ്മാനിച്ചു. ട്രംപിനൊപ്പം ഫോട്ടോയെടുത്താണ് താരങ്ങൾ മടങ്ങിയത്. കഴിഞ്ഞവർഷം പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. സൗദി പ്രതിനിധി സംഘത്തിനൊപ്പമാണ് അപ്രതീക്ഷിത അതിഥിയായി ക്രിസ്റ്റ്യാനോ എത്തിയത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഒരുക്കിയ അത്താഴവിരുന്നിലും താരം പങ്കെടുത്തു
താരം വിരുന്നിൽ പങ്കെടുത്തതിന്‍റെ സന്തോഷ് ട്രംപ് പിന്നീട് തുറന്നുപറഞ്ഞിരുന്നു. തന്റെ ഇളയമകൻ ബാരോൺ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായി തന്നെയാണ് റൊണോൾഡോക്കും ഇരിപ്പിടമൊരുക്കിയത്. ട്രംപും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
മെസ്സിയുടെ തോളിലേറിയാണ് മയാമി കഴിഞ്ഞ സീണിൽ ആദ്യമായി എം.എൽ.എസ് കപ്പ് കിരീടത്തിൽ മുത്തമിട്ടത് . എം.എൽ.എസിൽ ഒർലാൻഡോ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകളുമായി മെസ്സി തിളങ്ങിയിരുന്നു. മത്സരത്തിൽ നേടിയ തകർപ്പനൊരു ഫ്രീകിക്ക് ഗോളിലൂടെ സാക്ഷാൽ പെലെയുടെ 70 ഫ്രീകിക്ക് ഗോളുകളെന്ന റെക്കോഡിനൊപ്പമെത്താൻ മെസ്സിക്കായി.
ഞായറാഴ്ച ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ 4-2 നായിരുന്നു മയാമിയുടെ വിജയം. മത്സരത്തിന്റെ 57ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. പിന്നീട് ഇൻജുറി ടൈമിൽ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക്, പ്രതിരോധ മതിലിനെ കബളിപ്പിച്ച് വലയിലാക്കി. മെസ്സിയുടെ കരിയർ ഗോളുകളുടെ എണ്ണം 898 ആയി ഉയർന്നു. 900 ഗോളുകളെന്ന മാന്ത്രിക സംഖ്യക്ക് വെറും രണ്ട് ഗോളുകൾ മാത്രം അകലെയാണ് താരമിപ്പോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ 1238 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് 900 ഗോളുകൾ തികച്ചതെങ്കിൽ, വെറും 1139 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള മെസ്സിക്ക് ഈ റെക്കോർഡ് വേഗത്തിൽ മറികടക്കാൻ അവസരമുണ്ട്. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 900 ഗോളുകൾ തികയ്ക്കുന്ന താരമെന്ന നേട്ടമാണ് മെസ്സിയെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.