പാരിസ്: റയൽ മാഡ്രിഡ് ജഴ്സിയിൽ വിറ്റീഞ്ഞയെ കാണാമെന്ന മഡ്രിഡ് ആരാധകരുടെ മോഹങ്ങൾക്ക് തിരിച്ചടി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗീസ് മിഡ്ഫീൽഡർ വിറ്റീഞ്ഞ രംഗത്ത്. നിലവിൽ പി.എസ്.ജിയിൽ താൻ പൂർണ്ണ തൃപ്തനാണെന്നും ക്ലബ്ബ് വിടുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.ജിയുടെ ട്രെബിൾ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇരുപത്താറുകാരനായ വിറ്റീഞ്ഞ.
പി.എസ്.ജി വിട്ടുപോകുന്നത് മണ്ടത്തരമായിരിക്കും. അത് എനിക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. പി.എസ്.ജിയിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ആളുകൾ എന്നെ ഏറെ വിലമതിക്കുന്നതായി എനിക്ക് തോന്നുന്നുണ്ട്, ആ സ്നേഹം ഞാൻ സമ്പാദിച്ചതാണ്. എനിക്കും കുടുംബത്തിനും ഇവിടെ തുടരാനാണ് ഇഷ്ടം. അതിഗംഭീരമായ ഒരു സംഘവും മികച്ചൊരു പരിശീലകനുമാണ് ഞങ്ങൾക്കുള്ളതെന്ന് 'സൊൾട്ടീഞ്ഞോസ് പെലോ മുണ്ടോ' എന്ന പോർച്ചുഗീസ് ടെലിവിഷൻ പരിപാടിയിൽ വിറ്റീഞ്ഞ പറഞ്ഞു.
വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സൗദി പ്രോ ലീഗിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനും താരം വ്യക്തമായ മറുപടി നൽകി. പണം കൊണ്ട് മാത്രം തന്നെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വിറ്റീഞ്ഞ തുറന്നടിച്ചു. "യൂറോപ്പിലെ മികച്ചൊരു ക്ലബ്ബിൽ നിന്ന് എനിക്കിപ്പോൾ തന്നെ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. ആ പ്രതിഫലം ഇരട്ടിയാക്കിയാലോ മൂന്നിരട്ടിയാക്കിയാലോ ഞാൻ ഇതിലും കൂടുതൽ സന്തോഷവാനാകില്ല"- അദ്ദേഹം കൂട്ടിച്ചേർത്തു.
ടോണി ക്രൂസിന്റെ പടിയിറക്കവും എ.സി മിലാനിലേക്ക് ചേക്കേറിയ നാൽപ്പതുകാരനായ ലൂക്ക മോഡ്രിച്ചിന്റെ അഭാവവും റയൽ മധ്യനിരയിൽ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികക്ഷമതയുള്ള താരങ്ങൾ ഏറെയുണ്ടെങ്കിലും അവർക്കൊപ്പം കളി മെനയാൻ കെൽപ്പുള്ള ഒരു പ്ലേമേക്കറെ റയലിന് അത്യാവശ്യമാണ്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള ജൂഡ് ബെല്ലിങ്ഹാമിനൊപ്പം ഔർലീൻ ഷൗമെനി, ഫെഡെ വാൽവെർദെ തുടങ്ങിയവർ മധ്യനിരയിൽ ഊർജ്ജം പകരുന്നവരാണെങ്കിലും വിറ്റീഞ്ഞയെപ്പോലൊരു പ്ലേമേക്കറെയാണ് റയൽ നോട്ടമിട്ടിരുന്നത്.
2022 ലാണ് എഫ്.സി പോർട്ടോയിൽ നിന്ന് വിറ്റീഞ്ഞ പി.എസ്.ജിയിലെത്തുന്നത്. പരിശീലകൻ ലൂയിസ് എൻറിക്കെയുടെ കീഴിൽ ലോകത്തെ തന്നെ മികച്ച മിഡ്‌ഫീൽഡർമാരിലൊരാളായി താരം വളർന്നു. വിറ്റീഞ്ഞ വരില്ലെന്ന് ഉറപ്പായതോടെ മറ്റ് താരങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. ഉയർന്ന ട്രാൻസ്ഫർ തുക ആവശ്യപ്പെടുന്ന കീസ് സ്മിത്ത്, ആദം വാർട്ടൺ എന്നിവർക്ക് പുറമെ ജർമൻ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിൽ മികച്ച പ്രകടനം നടത്തുന്ന ചെമ ആൻഡ്രെസ് തുടങ്ങിയവരും റയലിന്റെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.