ചെസ് ഒളിമ്പ്യാഡിൽ ഓപൺ, വനിത വിഭാഗങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

മഹാബലിപുരം (ചെന്നൈ): ഇന്ത്യ ഇതാദ്യമായി ആതിഥ്യമരുളിയ ചെസ് ഒളിമ്പ്യാഡിൽ ഇരുവിഭാഗങ്ങളിലും മൂന്നുവീതം ടീമുകളെ അണിനിരത്തിയ ഇന്ത്യക്ക് ലഭിച്ചത് രണ്ടു വെങ്കലമാണെങ്കിലും നേട്ടത്തിന് തിളക്കമേറെ. ഇതാദ്യമായാണ് രാജ്യത്തിന് വിശ്വ ചതുരംഗക്കളത്തിൽ ഇരട്ട മെഡൽ ലഭിക്കുന്നത്.

വനിതകൾ മെഡൽ നേടുന്നത് ഇതാദ്യവും. ഓപൺ വിഭാഗത്തിൽ 18 പോയന്റോടെ ഇന്ത്യ 'ബി' ടീമും വനിതകളിൽ ഇന്ത്യ 'എ'യും (17) മൂന്നാം സ്ഥാനത്തെത്തി. ഓപണിൽ ഉസ്ബകിസ്താൻ സ്വർണവും അർമീനിയ വെള്ളിയും നേടി. ഇവർക്ക് 19 പോയന്റ് വീതമുണ്ട്. ഇന്ത്യ 'എ' (18) നാലാമതാണ്. 14 പോയന്റ് മാത്രമുള്ള 'സി' ടീമിന് ലഭിച്ചത് 31ാം സ്ഥാനം. വനിതകളിൽ യുക്രെയ്നാണ് (18) ജേതാക്കളായത്. ഇത്രയും പോയന്റുള്ള ജോർജിയ രണ്ടാം സ്ഥാനക്കാരായി.

വനിത ഇന്ത്യ 'ബി' (16) എട്ടാമതും 'സി' (15) 17ാമതുമാണ്. ബുധനാഴ്ച നടന്ന 11ാമത്തെയും അവസാനത്തെയും റൗണ്ട് പോരാട്ടങ്ങളാണ് ജേതാക്കളെ നിശ്ചയിച്ചത്. ഓപൺ വിഭാഗത്തിൽ ജർമനിയെ അന്തിമ മത്സരത്തിൽ ഇന്ത്യ 'ബി' ടീം 3-1ന് തോൽപിച്ച് വെങ്കലം സ്വന്തമാക്കുകയായിരുന്നു. നെതർലൻഡ്സിനെതിരെ 2-1 ജയവുമായി ഉസ്ബകിസ്താൻ സ്വർണത്തിലെത്തി. അർമീനിയയാവട്ടെ, 2.5-1.5ന് സ്പെയിനിനെയും വീഴ്ത്തി. ടോപ് സീഡായ ഇന്ത്യൻ വനിത 'എ' ടീം അവസാന കളിയിൽ അമേരിക്കയോട് 1-3ന്റെ തോൽവി ഏറ്റുവാങ്ങിയതോടെയാണ് കൈയകലെനിന്ന് സ്വർണം നഷ്ടമായത്. ജോർജിയയെ തോൽപിച്ച് അവർക്ക് വെള്ളിയും സമ്മാനിച്ച് യുക്രെയ്ൻ ഒന്നാം സ്ഥാനക്കാരാ‍യി.

ഓപണിൽ ഇന്ത്യ 'എ' 2-2ന് അമേരിക്കയോട് സമനില വഴങ്ങി. 'സി' ടീമിനെ ഇതേ സ്കോറിൽ കസാഖ്സ്താനും തളച്ചിട്ടു. വനിത 'ബി' ടീം 1.5-2.5ന് കസാഖ്സ്താനോട് തോറ്റപ്പോൾ 'സി' 2-2ന് സ്ലോവാക്യയോട് സമനില വഴങ്ങി. തുടക്കത്തിൽ മികവ് കാട്ടി സ്വർണപ്രതീക്ഷയുയർത്തിയ അമേരിക്കൻ ടീമുകൾ ഓപൺ വിഭാഗത്തിൽ അഞ്ചും വനിതകളിൽ നാലും സ്ഥാനത്തായി. മലയാളി നിഹാൽ സരിൻ, ബി. അധിബൻ, ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, റൗനക് സധ്വാനി എന്നിവരാണ് വെങ്കലം നേടിയ ഓപൺ ഇന്ത്യ 'ബി' സംഘത്തിലുള്ളത്.

വനിത 'എ' ടീമിൽ കൊനേരു ഹംപി, ആർ. വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽക്കർണി എന്നിവരും. 2014ൽ നടന്ന 41ാം ഒളിമ്പ്യാഡിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. 2020ലും 21ലും ഓൺലൈൻ ഒളിമ്പ്യാഡുകൾ സംഘടിപ്പിച്ചപ്പോൾ ഇന്ത്യ യഥാക്രമം സ്വർണവും വെങ്കലവും സ്വന്തമാക്കി. സ്വർണം റഷ്യയുമായും വെങ്കലം ചൈനയുമായും പങ്കുവെക്കുകയായിരുന്നു.

യുദ്ധം ജയിച്ച് യുക്രെയ്ൻ

റഷ്യൻ അധിനിവേശത്തിന്റെ കെടുതികൾക്കിടയിലും ചെസ് കളത്തിൽ പടവെട്ടി ജയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് യുക്രെയ്ൻ. വനിത വിഭാഗത്തിൽ 18 പോയന്റോടെയാണ് ഇവർ സ്വർണം നേടിയത്. ഓപൺ വിഭാഗത്തിൽ പക്ഷേ, 14 പോയൻറുമായി 31ാം സ്ഥാനത്തായി. വനിതകൾ ചെസ് ഒളിമ്പ്യാഡിൽ ഇതുവരെ രണ്ടു സ്വർണവും മൂന്നുവീതം വെള്ളിയും നേടിയിട്ടുണ്ട്. ഓപണിൽ രണ്ടുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും.

നിഹാലും നാരായണനും മലയാളി പടയാളികൾ

രണ്ടു മലയാളികൾ ഓപൺ വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി പടക്കളത്തിലിറങ്ങി. തൃശൂർ സ്വദേശി നിഹാൽ സരിനും തിരുവനന്തപുരത്തുകാരൻ എസ്.എൽ. നാരായണനും. വെങ്കലം നേടിയ ഇന്ത്യ 'ബി' ടീമിൽ അംഗമായ നിഹാലിന്റെ മൂന്നാം ചെസ് ഒളിമ്പ്യാഡ് മെഡലാണിത്. 2020ലെ ഓൺലൈൻ ഒളിമ്പ്യാഡിൽ സ്വർണവും പിറ്റേവർഷം ഇതേ രീതിയിൽ നടന്ന മത്സരത്തിൽ വെങ്കലവും നേടി. ഇത്തവണയും അജയ്യനായി മുന്നേറി ഇന്ത്യയെ മൂന്നാം സ്ഥാനക്കാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു നിഹാൽ. അവസാന മത്സരത്തിൽ ജർമനിയുടെ മതിയാസ് ബ്ലൂബേമിനെയാണ് തോൽപിച്ചത്. 'എ' ടീമിൽ അംഗമായ നാരായണനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 11ാം റൗണ്ടിൽ പക്ഷേ, തോൽവി ഏറ്റുവാങ്ങി.

നിഹാലിന്‍റെ നേട്ടത്തിൽ സന്തോഷം -ഡോ. സരിൻ

തൃശൂർ: ചെന്നൈക്കടുത്ത് മഹാബലിപുരത്ത് നടന്ന 44ാമത് ചെസ് ഒളിമ്പ്യാഡ് സമാപിച്ചപ്പോൾ ആഹ്ലാദത്തിലായിരുന്നു പൂത്തോളിലെ ചെസ് മാസ്റ്റർ നിഹാൽ സരിന്റെ വീട്.''സന്തോഷം''-അഭിനന്ദനമറിയിക്കാൻ വിളിച്ചവരോട് പിതാവ് ഡോ. സരിൻ പറഞ്ഞു. ''വിജയത്തിനുശേഷം നിഹാൽ വിളിച്ചിരുന്നു. കഠിനമായ മത്സരമായിരുന്നു. ടീം മത്സരത്തിൽ പിറകിലായതിന്റെ വിഷമവും പങ്കിട്ടിരുന്നു''-അദ്ദേഹം പറഞ്ഞു.

187 രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പ്യാഡ് രാജ്യങ്ങളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ മുന്നിലായിരുന്നു. മുമ്പ് 2014ലാണ് ഇന്ത്യക്ക് മെഡൽ കിട്ടിയത്. 2019ൽ കോവിഡ് മഹാമാരിയെത്തുടർന്ന് ഓൺലൈനിൽ വ്യത്യസ്ത ഫോർമാറ്റിലാണ് മത്സരം നടന്നത്. മെഡലും നേടിയിരുന്നു. നിഹാൽ സരിനും ഇന്ത്യയിലെ ഡി. ഗൂകേഷുമാണ് സ്വർണം നേടിയത്. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവർ വെങ്കലവും നേടി. ഇത്തവണ ടീമിൽ ഏറെ പരിചിതമായവർ ആയത് ആത്മവിശ്വസമേകിയതായി നിഹാൽ പറഞ്ഞതായി ഡോ. സരിൻ അറിയിച്ചു. മികച്ച കോച്ചിന്റെ ശിക്ഷണവും ഗുണകരമായി.

മാതാവ് ഷിജിനാണ് കൂടെ ചെന്നൈയിലേക്ക് പോയത്. തിരിച്ചുവന്ന ഉടൻ അടുത്ത ദിവസംതന്നെ ഗ്രാൻഡ് മാസ്റ്റർ ടൂർണമെന്റിനായി അബൂദബിയിലേക്ക് പോകുമെന്ന് പിതാവ് പറഞ്ഞു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിന് കീഴിൽ 12ാം ക്ലാസിൽ പഠിച്ചുവരുകയാണ് നിഹാൽ. കോമേഴ്സാണ് എടുത്തത്. പ്രാക്ടിക്കലും അസൈൻമെന്റുകളും കഴിഞ്ഞു. ഇനി തിയറി എഴുതിത്തീരാനുണ്ട്. 2011ൽ സെർബിയയിൽ നടന്ന ചെസ് മത്സരങ്ങളിൽ രണ്ട് ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. സ്പോർട്സ് സ്റ്റാറിന്റെ 2011ലെ മികച്ച സ്പോർട്സ് അവാർഡും ലഭിച്ചു. ലോകത്തെ മികച്ച 100 ചെസ് കളിക്കാർ പങ്കെടുക്കുന്ന ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ കളിക്കാനായതും നിഹാലിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

Tags:    
News Summary - India ranks third in open, women's categories at Chess Olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.