പരീക്ഷയിൽ മാർക്ക് നഷ്ടപ്പെട്ടാൽ പോലും ഇഷ്ട താരത്തെയും ടീമിനെയും വിട്ടൊരു കളിക്ക് മലപ്പുറം ജില്ലയിൽനിന്നുള്ള റിസ ഫാത്തിമ തയാറല്ല. അതുകൊണ്ടു തന്നെ പരീക്ഷയിൽ മെസ്സിയെ കുറിച്ച് ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് റിസക്ക് ‘ന്യായമായ’ മറുപടിയുമുണ്ടായിരുന്നു.
ആ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പി.എസിലെ നാലാം ക്ലാസുകാരിയാണ് റിസ. വെള്ളിയാഴ്ച നടന്ന മലയാളം വാർഷിക പരീക്ഷയിൽ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കാനുള്ള ചോദ്യമുണ്ടായിരുന്നു. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.
പക്ഷേ കടുത്ത ബ്രസീൽ ആരാധികയായ റിസക്ക് അതൊട്ടും ഉൾക്കൊള്ളാനായില്ല. ഒടുവിലാണ് വൈറലായ ഉത്തരം എഴുതുന്നത്. ‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’ -എന്നായിരുന്നു റിസ എഴുതിയത്. വിദ്യാർഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീടത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂൾ അധ്യാപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.
വളരെ ഗൗരവത്തിൽതന്നെയാണ് റിസ ഉത്തരമെഴുതിയത്. അതേസമയം ഇതേ ചോദ്യത്തിന് മാത്രം നന്നായി എഴുതിയ വിദ്യാർഥികൾ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചോദിക്കാത്തത്തിന് പരിഭവം പറഞ്ഞതായും രസകരമായ വിവരണങ്ങളാണ് വിദ്യാർഥികൾ നൽകിയതെന്നും അധ്യാപകൻ വ്യക്തമാക്കി.
ഏതായാലും റിസ ഫാത്തിമയുടെ ഉത്തരപ്പേപ്പർ ക്ലിക്കായി. പല സ്‌പോർട്‌സ് ഗ്രൂപ്പുകളിലും റിസയുടെ ഉത്തരപ്പേപ്പർ കറങ്ങുന്നുണ്ട്. ഇതിനടിയിൽ രസകരമായ കമന്‍റുകളും നിറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.