ഐ.എസ്.എൽ കൊച്ചിയിൽ തന്നെ
കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ 'ചടങ്ങുപോലെ' നടത്തുന്ന ഐ.എസ്.എല്ലിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോംഗ്രൗണ്ട് മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തും.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ പറിച്ചുനടാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് പിൻമാറ്റം. കോഴിക്കോട്ടെ സ്റ്റേഡിയം കുറഞ്ഞ സമയത്തിനുള്ളിൽ ഒരുക്കിയെടുക്കുന്നതിലെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതകളുമാണ് തീരുമാനത്തിനു കാരണം.
കഴിഞ്ഞ വർഷം കൊച്ചിയിൽ അർജൻറീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ 'നടക്കാത്ത' സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സ്റ്റേഡിയം ഏറ്റെടുത്ത് നവീകരണം ആരംഭിച്ചിരുന്നു. എന്നാൽ മെസ്സി സന്ദർശനം പാളിയതിനു പിന്നാലെ സ്റ്റേഡിയം നവീകരണവും പാതിവഴിയിൽ നിന്നു. ഇതിനിടെയാണ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കം നടന്നത്.
ഫെബ്രുവരി 14നാണ് ഐ.എസ്.എൽ കിക്കോഫ്. എന്നാൽ പുതുക്കിയ ഫിക്സ്ചർ പുറത്തിറക്കാത്തതിനാൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി എന്ന്, എവിടെ വെച്ചായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മൈതാനം ഉണക്കിയവർ ആ സ്വപ്നവും കരിച്ചു
കോഴിക്കോട്: കോർപറേഷൻ മൈതാനം ‘കരിയിച്ചവർ’ തന്നെ കോഴിക്കോടിന്റെ ഫുട്ബാൾ വളർച്ചക്ക് ഏറെ സഹായകമാകുമായിരുന്ന ഐ.എസ്.എല് മത്സരമെന്ന മോഹവും നശിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടാകുമെന്ന് ഉറപ്പിച്ച് നീക്കങ്ങൾ നടക്കവെയാണ് കൊച്ചിയിലേക്കുതന്നെ തിരിച്ചുപോകുന്നത്. കെ.എഫ്.എയിലെ ഭാരവാഹികൾപോലും ചർച്ചചെയ്യാതെ കോര്പറേഷന് സ്റ്റേഡിയംഇന്ത്യന് സൂപ്പര് ക്രോസ് ലീഗ് ഗ്രാന്ഡ് ഫിനാലെക്ക് വിട്ടുനല്കിയതാണ് എല്ലാത്തിനും കാരണമായത്. ഭാരംകൂടിയ ലോറികൾ കയറിയിറങ്ങി മൈതാനത്തിന്റെ മൃദുത്വം നഷ്ടപ്പെടുകയും പുല്ല് കരിഞ്ഞുണങ്ങുകയും ചെയ്തു.
വിദഗ്ധ പരിശോധന നടത്തി മൈതാനം പഴയപടിയിലായതിനുശേഷം മൈതാനം തിരിച്ചെടുത്താൽ മതിയെന്ന കോർപറേഷൻ തീരുമാനവും കെ.എഫ്.എയെ വെട്ടിലാക്കി. കെ.എഫ്.എക്ക് ഗ്രൗണ്ട് ഇതുവരെ കൈമാറിയിട്ടുമില്ല.
ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ പുരുഷോത്തമനും പടിയിറങ്ങി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവുമൊടുവിൽ അസി. കോച്ച് ടി.ജി. പുരുഷോത്തമനും കളംവിട്ടു.
പരസ്പര ധാരണയോടെയാണ് ക്ലബും കോച്ചും വേർപിരിയുന്നതെന്ന് മാനേജ്െമൻറ് അറിയിച്ചു. 2021 ൽ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടർ-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചത്. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.