പരിശീലനത്തിനെത്തിയ കേരള താരങ്ങൾ ഫേട്ടോക്ക് പോസ് ചെയ്തപ്പോൾ
ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഏഴ് പ്രാവശ്യം ജേതാക്കളായ കേരളവും എട്ടുതവണ ചാമ്പ്യന്മാരായ പഞ്ചാബും ഫൈനൽതേടി വ്യാഴാഴ്ച മുഖാമുഖം. ഉച്ചക്ക് 1.30 മുതൽ ധാഖുവാഖാന സ്റ്റേഡിയത്തിലാണ് മല്ലു-സിങ് പോരാട്ടം നടക്കുക.
ഗ്രൂപ്പ് റൗണ്ടിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ കേരളം 3-1ന് ജയിച്ചിരുന്നു. സിലാപത്തർ സ്റ്റേഡിയത്തിൽ രാവിലെ 11ന് ആരംഭിക്കുന്ന ഒന്നാം സെമിയിൽ സർവിസസിനെ റെയിൽവേസും നേരിടും. വിജയികൾ ഫെബ്രുവരി എട്ടിലെ ഫൈനലിൽ കിരീടപ്പോരിനിറങ്ങും.
ആതിഥേയരായ അസമിനെ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് കേരളം അവസാന നാലിലെത്തിയത്. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒരുപോലെ ഫോമിലാണെന്നത് ഷഫീഖ് ഹസൻ പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷ നൽകുന്നു. ഇതുവരെ 11 ഗോൾ സ്കോർ ചെയ്ത കേരളം വഴങ്ങിയത് മൂന്നെണ്ണം മാത്രം. ക്രോസ് ബാറിന് കീഴിൽ എസ്. ഹജ്മലിന് മറ്റൊരു ക്ലീൻഷീറ്റ് ക്വാർട്ടറിൽ കിട്ടി.
ഗോളടിവീരൻ മുഹമ്മദ് അജ്സലിന് പിന്തുണയുമായി വി. അർജുനും എം.എം. അർജുനും മുഹമ്മദ് റിയാസും എം. വിഘ്നേഷും ഒ.എം. ആസിഫും ദിൽഷാദ് അബൂബക്കറുമെല്ലാം മധ്യനിരയിൽ സജ്ജരാണ്. പ്രതിരോധത്തിൽ അജയ് അലക്സിന്റെയും ബിബിൻ അജയന്റെയും അനുഭവസമ്പത്തും എസ്. സന്ദീപിന്റെയും എം. മനോജിന്റെയും മികവും ചേർന്നാൽ പഞ്ചാബിനെ മറികടക്കാൻ കേരളത്തിനായേക്കും.
തമിഴ്നാടിനെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് പഞ്ചാബ് സെമിയിലെത്തിയത്. മുൻ ചാമ്പ്യന്മാരായ സർവിസസാവട്ടെ നിലവിലെ ജേതാക്കളായ ബംഗാളിന് ടൈ ബ്രേക്കറിൽ മടക്ക ടിക്കറ്റ് നൽകി. രാജസ്ഥാനെതിരായ ക്വാർട്ടറിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ ആധികാരികജയം റെയിൽവേസും നേടി. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമാണ് റെയിൽവേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.