ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് അന്ത്യമിട്ട് സർവിസസ്. ഗ്രൂപ് ബി-യിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പട്ടാള ടീമിന്റെ ജയം. ഇതോടെ ഗ്രൂപ് എയിൽ നാലാം സ്ഥാനക്കാരായി സർവിസസ് ക്വാർട്ടർ ഫൈനലിലെത്തി. ഗ്രൂപ് ജേതാക്കളായി കേരളം നേരത്തേ തന്നെ അവസാന എട്ടിൽ പ്രവേശിച്ചിരുന്നു.
18ാം മിനിറ്റിൽ സർവിസസിനായി അഭിഷേക് പവാർ സ്കോർ ചെയ്തു. ഇരു പകുതികളും സമനിലക്കായി കേരളം പൊരുതിയെങ്കിലും പരാജയമായിരുന്നു ഫലം. 64ാം മിനിറ്റിൽ സർവിസസ് താരത്തെ ഫൗൾ ചെയ്തതിന് മുഹമ്മദ് അഷറിന് ചുവപ്പ് കാർഡ് കണ്ടതോടെ കേരളത്തിന്റെ അംഗബലം പത്തായും ചുരുങ്ങി.
കേരളം (10), റെയിൽവേസ് (7), പഞ്ചാബ് (7), സർവിസസ് (6) ടീമുകളാണ് ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലെത്തിയത്. നാലാമതുണ്ടായിരുന്ന മേഘാലയ (6) സർവിസസിന്റെ ജയത്തോടെ ഒരു സ്ഥാനം പിറകോട്ടുപോയി ഒഡിഷക്കൊപ്പം (2) പുറത്തായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടറിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.