ഗ്ലാസ്ഗോ: റഷ്യൻ അധിനിവേശം ഏൽപിച്ച മുറിവിൽ മധുരം നിറച്ച് യുക്രെയ്ൻ ഖത്തർ ലോകകപ്പിന് തൊട്ടടുത്ത്. യൂറോപ്യൻ മേഖലയിൽനിന്നുള്ള അവസാന യോഗ്യതാസംഘത്തെ കണ്ടെത്തുന്നതിനുള്ള പ്ലേഓഫിൽ ഫൈനലിൽ കടന്നാണ് യുക്രെയ്ൻ ലോകകപ്പിലേക്ക് ഒരുപടികൂടി അടുത്തത്. സെമിയിൽ സ്കോട്ട്ലൻഡിനെ 3-1ന് തോൽപിച്ചായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം. ഞായറാഴ്ച കാഡിഫിൽ നടക്കുന്ന പ്ലേഓഫ് ഫൈനലിൽ യുക്രെയ്നും വെയ്ൽസും കൊമ്പുകോർക്കും. ജയിക്കുന്നവർക്ക് ഖത്തറിലേക്കു പറക്കാം.
സ്കോട്ട്ലൻഡിന്റെ തട്ടകമായ ഗ്ലാസ്ഗോയിലെ ഹംഡൻ പാർക്കിൽ യുക്രെയ്ൻ ഇറങ്ങുമ്പോൾ അധിനിവേശത്തിനിരയായ ശേഷം ടീമിന്റെ ആദ്യ കളിയായിരുന്നു. റഷ്യയുടെ ആക്രമണത്തെ തുടർന്നാണ് യുക്രെയ്ൻ-സ്കോട്ട്ലൻഡ് മത്സരം ഇത്രയും നീണ്ടത്. മഞ്ഞയും നീലയും കലർന്ന ദേശീയപതാകകൾ കൈയിലേന്തിയാണ് യുക്രെയ്ൻ കളിക്കാർ മൈതാനത്തിറങ്ങിയത്. സ്കോട്ടിഷ് കാണികളും നിറഞ്ഞ കൈയടിയോടെയാണ് യുക്രെയ്ൻ ടീമിനെ എതിരേറ്റത്. ഗാലറി നിറഞ്ഞ 51,000 കാണികളിൽ 3000ത്തോളം യുക്രെയ്ൻ കാണികളുടെ കണ്ണുകളിൽ സന്തോഷാശ്രു നിറക്കുന്നതായിരുന്നു തങ്ങളുടെ ടീമിന്റെ ജയം.
നായകൻ ആന്ദ്രി യർമലെങ്കോ, റോമൻ യാരെംചുക്, പകരക്കാരൻ ആർറ്റം ഡോവ്ബിക് എന്നിവരായിരുന്നു യുക്രെയ്ന്റെ സ്കോറർമാർ. സ്കോട്ട്ലൻഡിന്റെ ആശ്വാസഗോൾ കല്ലം മക്ഗ്രെഗർ നേടി. രാജ്യത്തിനുവേണ്ടി അവസാന തുള്ളി രക്തവും ചിന്തുന്ന സൈനികർക്ക് ഈ വിജയം സമർപ്പിക്കുന്നതായി യുക്രെയ്ൻ പരിശീലകൻ ഒലക്സാണ്ടർ പ്രെട്രക്കോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.