സാൽസ്ബർഗിലെത്തിയ റഫറി ഉമർ അതാൻ
ലണ്ടൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരായ നീക്കങ്ങൾ ശക്തമാകവേ യുവേഫ സൂപ്പർ കപ്പ് നിയന്ത്രിക്കാനെത്തുന്നത് ലോകകപ്പിൽ നിന്ന് വിലക്കിയ സോമാലിയൻ റഫറി. രണ്ട് മാസം മുമ്പ് ലോകകപ്പ് നിയന്ത്രിക്കാനെത്തിയ ഉമർ അർതാനെ സുരക്ഷാ പരിശോധനകളിൽ ആശങ്ക പ്രകടപ്പിച്ചും തീവ്രവാദ ബന്ധം ആരോപിച്ചും മടക്കിയയച്ചിരുന്നു യു.എസ് ഭരണകൂടം. എന്നാൽ, ബുധനാഴ്ച ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന പാരിസ് സെന്റ് ജർമെയ്ൻ-ആസ്റ്റൻ വില്ല സൂപ്പർ കപ്പ് മത്സരത്തിന്റെ റഫറിയായി അർതാനെ യുവേഫ തിരഞ്ഞെടുത്തത് വലിയ ചർച്ചക്കും രാഷ്ട്രീയ പോരാട്ടത്തിനും വഴിവെച്ചിരിക്കുകയാണ്.
അർതാനെ യു.എസ് തിരിച്ചയച്ചതിന് പിന്നാലെ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ഇടപെട്ട് അദ്ദേഹത്തിന് സൂപ്പർ കപ്പ് നിയന്ത്രിക്കാനുള്ള ചുമതല നൽകിയിരുന്നു. ഇതോടെ ഈ ടൂർണമെന്റ് നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യൻ ഇതര റഫറിയായും അർതാൻ മാറി. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനുമായുള്ള സഹകരണ കരാറിന്റെ ഭാഗമായാണ് തീരുമാനമെന്ന് യുവേഫ വ്യക്തമാക്കുന്നു. എങ്കിലും ഇത് ഫിഫക്കും യു.എസ് ഭരണകൂടത്തിനുമെതിരായ ശക്തമായ രാഷ്ട്രീയ നീക്കമായാണ് കായിക ലോകം വിലയിരുത്തുന്നത്. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷന്റെ 2025ലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അർതാൻ, ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സോമാലിയക്കാരനാവാൻ ഒരുങ്ങവേയായിരുന്നു തിരിച്ചയക്കൽ. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം 11 മണിക്കൂർ തടഞ്ഞുവെക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഡോണൾഡ് ട്രംപ് ഭരണകൂടം സോമാലിയൻ പാസ്പോർട്ട് ഉടമകൾക്ക് ഏർപ്പെടുത്തിയ കർശനമായ യാത്രാവിലക്കാണ് യു.എസ് അധികൃതർ കാരണമായി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.