വിനീഷ്യസ് ജൂനിയർ
ലണ്ടൻ: പുതിയ സീസണ് കൊടികയറാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ലോകത്തെ പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുള്ള തിരക്കിലാണ് ക്ലബുകൾ. യൂറോപ്യൻ ക്ലബുകൾക്കിടയിലാണ് കടുത്ത മത്സരം നടക്കുന്നത്.
ബ്രസീലിന്‍റെ സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സനൽ നീക്കംതുടങ്ങിയെന്നതാണ് ട്രാൻസ്ഫർ ലോകത്തെ ഏറ്റവും ഞെട്ടിക്കുന്ന വാർത്ത. 26കാരനായ വിങ്ങറുമായുള്ള റയലിന്‍റെ കരാർ 2027 ജൂണിൽ അവസാനിക്കും. കരാർ നീട്ടിയില്ലെങ്കിൽ താരത്തെ സ്വന്തമാക്കാനാണ് ആഴ്സനൽ നീക്കം. എന്നാൽ, പ്രമുഖ താരങ്ങളെല്ലാം ക്ലബിൽ തുടരണമെന്ന് റയലിന്‍റെ പുതിയ മാനേജർ ജോസെ മൊറീഞ്ഞോ വ്യക്തമാക്കിയതിനാൽ നീക്കം വിജയം കാണുമോ എന്ന് കാത്തിരുന്നു കാണണം. പുതിയ സീസണു മുന്നോടിയായി ടീമിന്‍റെ മുന്നേറ്റനിര ശക്തിപ്പെടുത്തുകയാണ് പരിശീലകൻ മൈക്കൽ അർട്ടേറ്റയുടെ ലക്ഷ്യം.
അത്‌ലറ്റിക്കോ മഡ്രിഡിന്‍റെ അർജന്റീന മുന്നേറ്റ താരം ഹൂലിയൻ അൽവാരസിനും റെക്കോഡ് തുക ആഴ്സനൽ ഓഫർ ചെയ്തിട്ടുണ്ട്. യാൻ ഡിയോമണ്ടെ, ബ്രാഡ്‌ലി ബാർക്കോള എന്നിവരും അവരുടെ പരിഗണനയിലുള്ള താരങ്ങളാണ്. നിലവിൽ വിനീഷ്യസിന്‍റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ക്ലബുകൾ തമ്മിൽ നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നാൽ ആഴ്സനൽ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ നൽകുന്ന വിവരം. പുതിയ കരാറിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ, അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി വിട്ടുകൊടുക്കുന്നതിന് പകരം താരത്തെ വിൽക്കാൻ റയൽ മാഡ്രിഡ് തയാറായേക്കും. ലെഫ്റ്റ്-വിങ് ശക്തിപ്പെടുത്താൻ ബ്രസീൽ താരത്തിന്‍റെ വരവ് ടീമിന് വലിയ കരുത്താകുമെന്നാണ് മാനേജ്മെന്‍റ് വിലയിരുത്തൽ. 2024ലെ ബാലൺ ഡി ഓർ റണ്ണറപ്പായ വിനീഷ്യസ്, ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നിലവിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കഴിഞ്ഞ ലാ ലിഗ സീസണിൽ റയലിനായി 16 ഗോളുകൾ നേടിയ താരം, അഞ്ചു ഗോളുകൾക്ക് വഴിയൊരുക്കി. എതിർ പോസ്റ്റിൽ 324 തവണ പന്തു തൊട്ട താരം, 101 തവണ ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുകയും ചെയ്തു. എന്നാൽ, വിനീഷ്യസ് ജൂനിയറിന്റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഗണ്ണേഴ്സിന് താങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ താരത്തിന്‍റെ നികുതി കിഴിച്ചുള്ള വർഷിക വേതനം 1.5 കോടി യൂറോയാണ്. റയൽ മാഡ്രിഡ് അദ്ദേഹത്തിന് രണ്ടു കോടി യൂറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് മൂന്നു കോടി യൂറോ വേണമെന്നാണ് താരത്തിന്‍റെ ആവശ്യമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അവസാന വർഷത്തിലേക്ക് കടന്നെങ്കിലും കരാറിന്റെ കാര്യത്തിൽ റയൽ മാഡ്രിഡോ വിനീഷ്യസോ ഇതുവരെ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. അതേസമയം, ടോട്ടനമിൽനിന്ന് 28കാരനായ അർജന്റീന പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മഞ്ചസ്റ്റർ യുനൈറ്റഡ് ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസിനായുള്ള നീക്കങ്ങൾ യുവന്റസും നടത്തുന്നുണ്ട്. പോർചുഗീസ് മിഡ്ഫീൽഡറുടെ ഏജന്റുമാരുമായി ഇറ്റാലിയൻ ക്ലബ് ഇതിനകം ചർച്ചകൾ നടത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.