ക്രിസ്റ്റ്യാനോ റൊണാൾഡോ

മൈതാനത്ത് മാത്രമല്ല, ഇനി സ്ക്രീനിലും റൊണാൾഡോ ഷോ! നടനായും നിർമാതാവായും ക്രിസ്റ്റ്യാനോ

ലണ്ടൻ: ഫുട്ബാൾ മൈതാനങ്ങളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി നിർമാതാവിന്റെയും നടന്റെയും വേഷത്തിൽ. ബ്രിട്ടീഷ് ഫുട്ബാളിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഡേ വൺസ്' (Day 1s) എന്ന പുതിയ ടെലിവിഷൻ ഡ്രാമ സീരീസിലൂടെയാണ് റൊണാൾഡോ അഭിനയരംഗത്തേക്കും നിർമാണ മേഖലയിലേക്കും ചുവടുവെക്കുന്നത്. ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി, ഹോളിവുഡ് താരം ഡാമിയൻ ലൂയിസ് എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

'കിംഗ്സ്മാൻ', 'കിക്ക്-ആസ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ മാത്യു വോണും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് രൂപീകരിച്ച 'യു ആർ മാർവ് സ്റ്റുഡിയോസ്' (UR•Marv Studios) ആണ് ഈ പരമ്പര നിർമിക്കുന്നത്. സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് റൊണാൾഡോ. ‘എന്റെ കളിക്കളത്തിന് പുറത്തുള്ള ജീവിതത്തിലെ പുതിയൊരു അധ്യായമാണിത്. പുതിയ സംരംഭങ്ങളിലേക്ക് കടക്കുന്നതിൽ ഏറെ സന്തോഷമുണ്ട്," എന്ന് റൊണാൾഡോ പ്രതികരിച്ചു.

മൈതാനത്ത് ക്രിസ്റ്റ്യാനോ സൃഷ്ടിച്ച കഥകൾ എനിക്ക് എഴുതാൻ പോലും സാധിക്കാത്തതാണ്. അദ്ദേഹത്തിനൊപ്പം പ്രചോദനാത്മകമായ സിനിമകളും സീരീസുകളും നിർമിക്കാൻ ഞാൻ കാത്തിരിക്കുകയാണ് എന്ന് ഫിലിം മേക്കർ മാത്യു വോൺ പറഞ്ഞു. കേവലം ഒരു ഫുട്ബാൾ കളിക്കാരന്റെ കഥ പറയുന്നതിന് പകരം, ആധുനിക ഫുട്ബാൾ ലോകത്തെ കരുത്തരായ ഏജന്റുമാരുടെ ജീവിതവും ഡ്രസ്സിങ് റൂമുകളിലെ കളികളുമാണ് പരമ്പരയുടെ പ്രധാന പ്രമേയം.

നോർത്ത്-വെസ്റ്റ് ലണ്ടനിലെ ബാരനറ്റ് എഫ്.സി. (Barnet FC) സ്റ്റേഡിയത്തിലാണ് പരമ്പരയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള തിയറി ഹെൻറിയുടെ ചിത്രങ്ങൾ അടുത്തിടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 41കാരനായ റൊണാൾഡോ മുൻപ് പരസ്യങ്ങളിലൂടെയും വിഡിയോ ഗെയിമുകളിലൂടെയും കാമറക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും, കഥാധിഷ്ഠിതമായ ഒരു ടിവി ഡ്രാമയിൽ അഭിനയിക്കുന്നത് ഇതാദ്യമായാണ്.  ആഴ്സണൽ ഇതിഹാസം തിയറി ഹെൻറി നിർമാണ പങ്കാളിയാകുന്നതിനൊപ്പം സീരീസിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. 

'ടെഡ് ലാസോ' (Ted Lasso) പോലുള്ള കോമഡി പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി, ഫുട്ബാൾ വ്യവസായത്തിന്റെ ഗൗരവകരമായ യാഥാർത്ഥ്യങ്ങളും നാടകീയ മുഹൂർത്തങ്ങളും ഉൾക്കൊള്ളുന്ന ബിഗ് ബജറ്റ് ഡ്രാമയായിരിക്കും ഇത്. അതുകൊണ്ടുതന്നെ, പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സീരീസിന്റെ സംപ്രേക്ഷണ അവകാശത്തിനായി വൻ പോരാട്ടം തന്നെ നടക്കുമെന്നാണ് വിലയിരുത്തലുകൾ.

ബിസിനസ്സ് ലോകത്ത് പുതിയ സംരംഭങ്ങളിലേക്ക് കടക്കുമ്പോൾ എനിക്കിത് ഏറെ ആവേശം നൽകുന്ന അധ്യായമാണ് എന്ന് സംരംഭം ആരംഭിച്ചവേളയിൽ റൊണാൾഡോ പറഞ്ഞിരുന്നു.

Tags:    
News Summary - Ronaldo to Executive Produce and Star in New Football Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.