ബ്വേനസ് എയ്റിസ്: തുടർച്ചയായി രണ്ടാം ലോകകപ്പ് ഫുട്ബാൾ കിരീടമെന്ന ലയണൽ മെസ്സിയുടെ സ്വപ്നം കലാശപ്പോരിൽ തകർന്നുവെങ്കിലും അർജന്റീന ജഴ്സി ഉടൻ അഴിക്കില്ലെന്ന് സൂചന. ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിനു പിന്നാലെ മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വാർത്തകൾ പുറത്തുവന്നുവെങ്കിലും ഏതാനും മാസങ്ങൾക്കുശേഷം മാത്രമേ ആ പ്രഖ്യാപനമുണ്ടാവൂ എന്നാണ് സൂചന. സ്വന്തം ജനങ്ങൾക്കു മുന്നിൽ കളിച്ചുകൊണ്ട് അൽബിസെലസ്റ്റയുടെ നീലയും വെള്ളയും ജഴ്സി അഴിക്കാനാണ് ലയണൽ മെസ്സിയുടെ താൽപര്യം. അതനുസരിച്ച് താരത്തിന് ഏറ്റവും മികച്ച യാത്രയയപ്പു മത്സരം ഒരുക്കിയാവും അർജന്റീന ഫുട്ബാൾ ഫെഡറേഷൻ ഇതിഹാസ കരിയറിന്റെ കൊടിയിറക്കം നടത്തുന്നത്.
ലോകകപ്പിന് മുന്നോടിയായി മാർച്ചിൽ മോറിത്താനിയ, സാംബിയ ടീമുകൾക്കെതിരെ അർജന്റീന സ്വന്തം മണ്ണിൽ സൗഹൃദ മത്സരം കളിച്ചിരുന്നു. 39ാം വയസ്സിൽ തന്റെ ആറാം ലോകകപ്പ് കൂടി കളിച്ച്, ടീമിനെ ഫൈനൽ വരെയെത്തിച്ചാണ് ലയണൽ മെസ്സി വിരമിക്കാനൊരുങ്ങുന്നത്. ലോകകപ്പോടെ താരത്തിന്റെ ഫിഫ മത്സരങ്ങളുടെ പങ്കാളിത്തം പൂർത്തിയായി. ഒരു വാർത്തസമ്മേളനത്തിനും സമൂഹ മാധ്യമ പ്രസ്താവനക്കുമപ്പുറം, അർജന്റീന ഫുട്ബാളിന്റെ ഏറ്റവും വലിയ ഉത്സവമൊരുക്കി ഇതിഹാസ താരത്തിന് യാത്രയയപ്പ് നൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.