കൊൽക്കത്ത : ലോകകപ്പിന് ശേഷം ഇന്ത്യൻ ആരാധകർക്ക് ആവേശം പകരാൻ മഞ്ഞപ്പടയെത്തുന്നു. ഈ വർഷാവേശം ഇന്ത്യയിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഒരുങ്ങുന്നതായി പ്രമുഖ സ്പോർട്സ് മാധ്യമമായ 'ഇ.എസ്.പി.എൻ ബ്രസീൽ' റിപ്പോർട്ട് ചെയ്തു. 2026 ഫിഫ ലോകകപ്പിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരവിൻഡോയിലാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (സി.ബി.എഫ്) ഈ ചരിത്ര നീക്കം.
സെപ്റ്റംബർ 25-ന് ടൗൺസ്വില്ലെയിലും സെപ്റ്റംബർ 29-ന് ബ്രിസ്‌ബെയ്‌നിലും ഓസ്ട്രേലിയയുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സി.ബി.എഫ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് ഇന്ത്യയിൽ മൂന്നാമതൊരു മത്സരം കളിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലുള്ളത്. കൊൽക്കത്തയിലാകും മത്സരം നടക്കുകയെന്നാണ് സൂചന. 2011-ൽ ലയണൽ മെസ്സിയുടെ അർജന്റീനയും വെനെസ്വേലയും ഏറ്റുമുട്ടിയ കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വീണ്ടും ഒരു വിശ്വസ്ത ഫുട്ബോൾ മാമാങ്കത്തിന് കളമൊരുങ്ങുകയാണ്.
ലോകകപ്പ് വേളയിൽ ഈ മേഖലയിലെ ആരാധകരിൽ നിന്ന് ബ്രസീലിന് ലഭിച്ച ആവേശകരമായ പിന്തുണയാണ് ഇന്ത്യയിൽ മത്സരം സംഘടിപ്പിക്കാൻ സി.ബി.എഫിനെ പ്രേരിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ ഫെഡറേഷനുകൾ തമ്മിലുള്ള കരാറിന്റെ അവസാനവട്ട ചർച്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ദേശീയ ടീമുകൾക്ക് 16 ദിവസത്തിനുള്ളിൽ നാല് മത്സരങ്ങൾ വരെ കളിക്കാൻ അനുവാദം നൽകുന്ന ഫിഫയുടെ പുതിയ 'സൂപ്പർ ഇന്റർനാഷണൽ വിൻഡോ' സംവിധാനത്തിന്റെ ഭാഗമായാണ് ഈ മത്സരങ്ങൾ ക്രമീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.