റോം: ആഗ്രഹിച്ച പെപ് ഗ്വാർഡിയോളയും കാർലോ ആഞ്ചലോട്ടിയും ‘നോ’ പറഞ്ഞ് മുങ്ങിയപ്പോൾ പഴയ ഇതിഹാസ താരം ആന്ദ്രെ പിർലോയെ കോച്ചാക്കാനുള്ള ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷന്റെ നീക്കവും പാളുന്നു. റഷ്യൻ ബെറ്റിങ് സ്ഥാപനമായ ഫോൺബെറ്റുമായുള്ള പിർലോയുടെ സ്പോൺസർഷിപ് കരാറും അംബാസഡർ പദവിയുമാണ് ഇറ്റാലിയൻ ദേശീയ ടീം പരിശീലകനായി സ്ഥാനമേൽക്കുന്നതിന് തിരിച്ചടിയാവുന്നത്. പെപ് ഗ്വാർഡിയോളയും കാർലോ ആഞ്ചലോട്ടിയും പിൻവാങ്ങിയതോടെയാണ് മുൻ താരം ആന്ദ്രെ പിർലോയുടെ പേര് നിർദേശിച്ചത്. എന്നാൽ, പിന്നീടാണ് പിർലോയുടെ നിയമന നീക്കത്തിനെതിരെ രാജ്യത്തിനകത്തുനിന്ന് വിമർശനമുയർന്നത്.
റഷ്യൻ വാതുവെപ്പ് കമ്പനിയായ ഫോൺ ബെറ്റുമായുള്ള പിർലോയുടെ വാണിജ്യ അംബാസഡർ കരാറും മോസ്കോയിലേക്കുള്ള യാത്രയും ഇറ്റാലിയൻ ദേശീയ ടീം പരിശീലക പദവി വഹിക്കുന്നതിന് തടസ്സമാവുമെന്നാണ് വിമർശനം. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ യുക്രെയ്നൊപ്പമാണ് ഇറ്റലിയെന്നത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനും കാരണമായി. അതേസമയം, യു.എ.ഇ ക്ലബ് ദുബൈ യുനൈറ്റഡിന്റെ പരിശീലക പദവിയെന്ന നിലയിലെ സ്പോൺസർഷിപ് കരാറാണ് ഫോൺബെറ്റുമായുള്ളതെന്നാണ് പിർലോയുടെ വാദം. മുൻ യുവന്റസ്, സാംദോറിയ പരിശീലകനായിരുന്ന പിർലോയുടെ സാധ്യത മങ്ങിയതോടെ റോബർട്ടോ മാൻസീനി, അന്റോണിയോ കോന്റെ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.